Sunday
25 Aug 2019

കേരള നിയമസഭ ഡിജിറ്റല്‍ സംവിധാനത്തിലേക്ക്

By: Web Desk | Wednesday 15 May 2019 9:56 PM IST


തിരുവനന്തപുരം: രാജ്യത്തെ ആദ്യ കടലാസ് രഹിത സമ്പൂര്‍ണ്ണ ഡിജിറ്റല്‍ സഭയായി കേരള നിയമസഭ മാറുന്നു. 14 മാസംകൊണ്ട് ഈ പദ്ധതിയുടെ ഒന്നാംഘട്ടം പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്ന് നിമസഭ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
നിയമസഭയ്ക്ക് അകത്തും പുറത്തും ഡിജിറ്റല്‍ സംവിധാനം സ്ഥാപിക്കും. ഇത് നിയമനിര്‍മ്മാണ രംഗത്തെ ഇന്ത്യയിലെ ഏറ്റവും ശ്രദ്ധേയമായ കാല്‍വയ്പ്പാണ്. ഒന്നര വര്‍ഷത്തെ വിശദമായ ചര്‍ച്ചകള്‍ക്കും പഠനങ്ങള്‍ക്കും ശേഷമാണ് കടലാസ് രഹിത നിയമസഭയ്ക്ക് രൂപം നല്‍കുന്നത്. ഊരാളുങ്കല്‍ സൊസൈറ്റിയുടെ സൈബര്‍ പാര്‍ക്കാണ് പദ്ധതി നടപ്പിലാക്കാന്‍ ചുമതല നല്‍കിയിട്ടുള്ളതെന്ന് സ്പീക്കര്‍ പറഞ്ഞു.

സഭയില്‍ വരുന്നകാര്യങ്ങള്‍ ഒരു നിശ്ചിത സമയത്തിന് തൊട്ടുമുന്‍പ് നിയമസഭ സാമാജികരുടെ തൊട്ടുമുന്നിലിരിക്കുന്ന ലാപ്‌ടോപ്പുകളില്‍ ലഭ്യമാകും. സ്പീക്കറുമായുള്ള സംവാദങ്ങളും സര്‍ക്കരിന്റെ മറുപടി, ബജറ്റ് വിശദാംശങ്ങള്‍, ചോദ്യോത്തരം മറ്റ് സഭാനടപടികള്‍ തുടങ്ങി നിയമസഭ സാമാജികര്‍ക്ക് ആവശ്യമായ എല്ലാ വിവരങ്ങളും അനുബന്ധ രേഖകളും വിരല്‍ത്തുമ്പില്‍ ലഭിക്കും. കൂടാതെ നിയമസഭ സമാജികരുടെ മണ്ഡലത്തിലെ പ്രവൃത്തിയുടെ വിശദാംശങ്ങളടക്കം സാധ്യമായ എല്ലാ വിവരങ്ങളും പുതിയ സംവിധാനത്തില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

നിലവില്‍ പ്രതിവര്‍ഷം പ്രിന്റിംഗ് ഇനത്തില്‍ 35 മുതല്‍ 40 കോടി രൂപവരെയാണ് ചെലവ് വരുന്നത്. ഈ സാഹചര്യത്തിലാണ് കടലാസ് രഹിത സഭയെന്ന ആശയം ഉയര്‍ന്നുവന്നത്. ഇതു സംബന്ധിച്ച നിയമസഭ സാമാജികര്‍ക്കായുള്ള ആദ്യഘട്ട പരിശീലന പരിപാടി 21, 22 തീയതികളില്‍ നടക്കുമെന്നും സ്പീക്കര്‍ പറഞ്ഞു. നടപ്പ് സാമ്പത്തിക വര്‍ഷത്തേക്ക് അവതരിപ്പിച്ച ബജറ്റിന്റെ വിശദമായ ചര്‍ച്ചയും വോട്ടെടുപ്പും ധനകാര്യ ബില്ല് പാസാക്കാനുമായി നിയമസഭ മെയ് 27 മുതല്‍ സമ്മേളിക്കും. ജൂലൈ അഞ്ച് വരെ നീളുന്ന കാലയളവില്‍ 23 ദിവസമാകും സഭ സമ്മേളിക്കുകയെന്നും സ്പീക്കര്‍ പറഞ്ഞു.

Related News