Web Desk

December 11, 2019, 7:11 pm

കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ 2020; ദില്ലിയിൽ കർട്ടൻ റെയ്സർ നടന്നു

Janayugom Online
കേരള സാഹിത്യോത്സവം 2020 കർട്ടൻ റെയ്സർ ദില്ലിയിൽ ഡോ. ശശി തരൂർ എം പി നിർവ്വഹിക്കുന്നു.

കോഴിക്കോട്: കേരള സാഹിത്യോത്സവം 2020 കർട്ടൻ റെയ്സർ ദില്ലിയിൽ നടന്നു. ഡോ. ശശി തരൂർ എംപി മുഖ്യാതിഥിയായിരുന്നു. പ്രമുഖ വ്യക്തികൾ, എഴുത്തുകാർ, പ്രസാധകർ എന്നിവർ സന്നിഹിതരായിരുന്നു. അഞ്ചാമത് കേരള ലിറ്ററേച്ചർ ഫെസ്റ്റ് ജനുവരി 16 മുതൽ 19 വരെ കോഴിക്കോട് ബീച്ചിൽ നടക്കും. കേരള സാഹിത്യോത്സവം ലോകത്തിലെ മറ്റെല്ലാ സാഹിത്യോത്സവങ്ങളിൽ നിന്നും വ്യത്യസ്തമാണ്. പ്രചോദനത്തിനും വിനോദത്തിനും ചർച്ചയ്ക്കും വായനക്കാരെയും എഴുത്തുകാരെയും ഒരുമിച്ച് കൊണ്ടുവരുന്നു എന്നതാണ് ഫെസ്റ്റിന്റെ പ്രത്യേകത. പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാനം എന്ന വിയത്തിലൂന്നിയുള്ളതാണ് കെഎൽഎഫ് 2020. സ്പെയിനാണ് ഇത്തവണ അതിഥി രാജ്യം.

ഇരുപത് കലാകാരന്മാർ, എഴുത്തുകാർ, പത്രപ്രവർത്തകർ എന്നിവരടങ്ങുന്ന സ്പെയിനിൽ നിന്നുള്ള സംഘം ഫെസ്റ്റിന്റെ ഭാഗമാകും. ചൈനയിൽ നിന്ന് അഞ്ച്പ്രതിനിധികളുണ്ട്. ഇന്ത്യക്കു പുറമെ ബ്രിട്ടൻ, സ്ലൊവേനിയ, ഈജിപ്ത്, അയർലൻഡ്, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക തുടങ്ങി ഒട്ടേറെ രാജ്യങ്ങളിൽ നിന്നായി നിരവധി പേർ ഫെസ്റ്റിനെത്തുമെന്ന് മുഖ്യ സംഘാടകൻ രവി ഡീസി പറഞ്ഞു. കെഎൽഎഫിന്റെ അഞ്ചാം പതിപ്പിൽ പബ്ലിഷിംഗ് കൺസൾട്ടന്റ് ഹേമലി സോധി സംഘാടകരോടൊപ്പം ചേരും. അവാർഡുകൾ ഫിക്ഷൻ, നോൺ ഫിക്ഷൻ, പോപ്പുലർ സയൻസ്, ട്രാവൽ എന്നീ മേഖലകളിൽ നിന്നുള്ള പുസ്തകങ്ങൾക്കുള്ള അവാർഡും ഒപ്പം മലയാളത്തിലെ മികച്ച പുസ്തകത്തിനുള്ള മെഗാ അവാർഡും ഉണ്ടായിരിക്കും. സാഹിത്യം, ചരിത്രം, ശാസ്ത്രം, പത്രപ്രവർത്തനം തുടങ്ങി സിനിമയും പരിസ്ഥിതിയും വരെയുള്ള വിവിധ തീമുകളെക്കുറിച്ചുള്ള ചർച്ചകളും സംവാദങ്ങളും ചർച്ചകളും മേളയിലുണ്ടാവും.

ഗാന്ധിയും പരിസ്ഥിതിയും, കേരളത്തിലെ വെള്ളപ്പൊക്കം, ജൈവകൃഷി, പാറ ഖനനത്തിന്റെ ആഘാതം, വനനശീകരണം, മണൽ ഖനനം എന്നീ വിഷയങ്ങളിൽ ചർച്ചകൾ നടക്കും. ഗാഡ്ഗിൽ റിപ്പോർട്ടിന്മേൽ വിശകലനവും സംവാദവും നടക്കും.. ഇസ്ലാമും സ്ത്രീകളും, ശബരിമലയിലെ സ്ത്രീകളുടെ പ്രവേശനം, അയോദ്ധ്യ വിധി, സമുദായ ഭാഷകളും ഗോത്രഭാഷകളും സാഹിത്യ ഭാഷകളായി ഉയർന്നുവന്നത്, ആദ്യകാല ഇന്ത്യക്കാർ, റോബോട്ടിക്സ്, മനുഷ്യരാശിയുടെ ഭാവി, അഭിപ്രായ രൂപീകരണത്തിൽ സോഷ്യൽ മീഡിയയുടെ പങ്ക്, കല, സംഗീതം, ജാതി എന്നിവയിലെ നിലവിലെ പ്രവണതകൾ, ആഘാതസമയത്തെ സാഹിത്യം തുടങ്ങിയവ മേളയിൽ ചർച്ച ചെയ്യപ്പെടുന്ന വിഷയങ്ങളാണ്.

കെ. സച്ചിദാനന്ദനാണ് ഫെസ്റ്റിവൽ ഡയറക്ടർ. രാജ്ദീപ് സർദേശായി, ബി ആർ പി ഭാസ്കർ, കരൺ താപർ, ഫ്രാൻസിസ്കോ ലോപസ്, ടി എം കൃഷ്ണ, ശശി തരൂർ, കൃഷ്ണ രാമാനുജൻ, ചന്ദൻ ഗൗഡ, മോണിക്കാ റോഡ്രിഗ്സ്, മനു എസ് പിള്ള, പെരുമാൾ മുരുകൻ, അനിതാ നായർ, എം ടി വാസുദേവൻ നായർ, കെ ആർ മീര, ബെന്യാമിൻ, സുഭാഷ് ചന്ദ്രൻ, മാധവ് ഗാഡ്ഗിൽ, വന്ദന ശിവ, റിയാസ് കോമു തുടങ്ങി വിവിധ മേഖലയിൽ നിന്നുള്ള പ്രമുഖർ ലിറ്ററേച്ചർ ഫെസ്റ്റിന് എത്തുന്നുണ്ട്.