Tuesday
19 Feb 2019

പൗരാവകാശങ്ങള്‍ സംരക്ഷിക്കേണ്ടത് ഭരണകൂട ഉത്തരവാദിത്വം: കാനം

By: Web Desk | Sunday 11 February 2018 10:53 PM IST

കോഴിക്കോട്: ഭരണകൂടവും പൗരാവകാശവും തമ്മിലുള്ള ബന്ധം ഭരണ സംവിധാനത്തെ തിരഞ്ഞെടുക്കുന്നതിലൂടെ അവസാനിക്കുന്നില്ലെന്നും പൗരന്റെ അവകാശ സംരക്ഷണത്തെയാണ് നാം തെരഞ്ഞെടുപ്പിലൂടെ ഭരണകൂടത്തെ ഏല്‍പ്പിക്കുന്നതെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. കോഴിക്കോട് ബീച്ചില്‍ നടക്കുന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ ഭരണകൂടവും പൗരാവകാശവും എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഈയൊരു ഉത്തരവാദിത്വം ഭരണകൂടം പലപ്പോഴും മറന്നുപോകുന്നു എന്നതാണ് നാം ഇന്ന് നേരിട്ട് കൊണ്ടിരിക്കുന്ന പ്രശ്‌നം. ഭരണകൂടം അധികാരം നിയന്ത്രിക്കുന്നതിന് വേണ്ടി നിരവധി നിയമങ്ങള്‍ നിര്‍മ്മിക്കുന്നു. എന്നാല്‍ അവയില്‍ പലതും ആവശ്യങ്ങള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തുന്നവനെ നിയന്ത്രിക്കുന്നതാണ്. അതിനായി കരിനിയമങ്ങള്‍ ഉണ്ടാക്കുന്നു. ഇത് മനുഷ്യന്റെ അവകാശങ്ങളെ ലംഘിക്കുന്നതിനുള്ള ഭരണകൂടത്തിന്റെ ശ്രമമാണ്. ഇതിനെ ചെറുക്കാന്‍ ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന എല്ലാവരും ഒറ്റക്കെട്ടായി നില്‍ക്കണം. മനുഷ്യന് പറയാനും എഴുതാനും പ്രകടിപ്പിക്കാനും ഭരണ ഘടന നല്‍കുന്ന പരിമിതമായ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള കൂട്ടായ്മകള്‍ രൂപപ്പെട്ടുവരണമെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതിപക്ഷത്തിന്റെ അഭിപ്രായമല്ല യഥാര്‍ത്ഥ ഇടതുപക്ഷ ആശയമാണ് താന്‍ ഉയര്‍ത്തുന്നത്. ആന്തരിക നവീകരണവും ഉണ്ടാവേണ്ടതുണ്ട് എന്ന ബോധ്യത്തില്‍ നിന്നാണ് ചില വിഷയങ്ങളില്‍ ചര്‍ച്ചകള്‍ ഉയര്‍ത്തിക്കൊണ്ടുവരുവാന്‍ ശ്രമിക്കുന്നത്. കേരളത്തിന്റെ പാരമ്പര്യം നവോത്ഥാന പ്രസ്ഥാനങ്ങളുടെ പാരമ്പര്യമാണ്. നവോത്ഥാന പ്രസ്ഥാനം ഉഴുതു മറിച്ച മണ്ണിലാണ് ഇടതുപക്ഷം വേരോടിയത്. എന്നാല്‍ നവോത്ഥാന പാരമ്പര്യം മുറുകെ പിടിച്ച് മുന്നോട്ട് പോകുന്നതില്‍ ചില പോരായ്മകള്‍ സംഭവിച്ചു. യഥാര്‍ത്ഥ ഇടതുപക്ഷ നിലപാടിലേക്ക് തിരിച്ചുവന്നാല്‍ മാത്രമെ കാര്യമുള്ളു. സവര്‍ണ്ണ രാഷ്ട്രീയം ഉണ്ടാക്കിയിട്ടുള്ള വഴികളെ ഫലപ്രദമായി ഉപയോഗിക്കുകയാണ് ഇടതുപക്ഷം ചെയ്യേണ്ടത്. ചാതുര്‍വര്‍ണ്യത്തിന്റെ ധാരകള്‍ സമൂഹത്തിലേക്ക് തിരിച്ചു വരുന്നു. സമൂഹത്തെ തകര്‍ച്ചയിലേക്ക് നയിക്കുന്ന ആശയങ്ങളുമായി എത്തുന്ന സംഘപരിവാറിനെ നേരിടാന്‍ യോജിക്കാന്‍ കഴിയുന്ന എല്ലാവരെയും കൂടെ കൂട്ടണം. ശത്രുവിനെതിരെ കൂടെ കൂട്ടുന്നവരുടെ ജാതകം നോക്കേണ്ടതില്ലെന്നാണ് തന്റെ അഭിപ്രായം. അത്തരത്തിലൊരു ജനകീയ ഐക്യം ഉയര്‍ന്നുവന്നില്ലെങ്കില്‍ മുഖ്യശത്രുവിന് അത് സഹായകരമാവുമെന്നും കാനം രാജേന്ദ്രന്‍ വ്യക്തമാക്കി.
ജനാധിപത്യത്തെ ഭൂരിപക്ഷ ഹിതമായി കാണുക എന്നത് തെറ്റായ ഒരു ആശയമാണെന്ന് ചടങ്ങില്‍ സംസാരിച്ച സുനില്‍ പി ഇളയിടം പറഞ്ഞു. ജനാധിപത്യത്തിന്റെ അടിസ്ഥാന തത്വം ഭൂരിപക്ഷ ഹിതമില്ല മറിച്ച് ഭിന്നാഭിപ്രായങ്ങളെ കൂടി പരിഗണിച്ച് കൊണ്ട് ഒരഭിപ്രായം രൂപീകരിക്കുക എന്നതാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്ന് സോഷ്യലിസം എന്നത് ഒരു അശ്ലീലം എന്ന നിലയിലേക്ക് മാധ്യമങ്ങളും സമൂഹവും കാണുന്ന സ്ഥിതിയിലേക്ക് മാറിക്കഴിഞ്ഞിരിക്കുന്നു എന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. ജനാധിപത്യം ഇന്ന് സ്ത്രീകളേയും ന്യൂനപക്ഷങ്ങളേയും സംബന്ധിച്ചിടത്തോളം ഒരു പ്രഹസനമായി മാറിയിരിക്കുകയാണെന്ന് കെ അജിത പറഞ്ഞു. വര്‍ഗീയ ജനാധിപത്യമാണ് ഇന്നുളളത്. ഉത്തേരേന്ത്യയില്‍ നടപ്പിലായി കഴിഞ്ഞു. ഇവിടെ അത് നടപ്പിലാക്കാനുള്ള ശ്രമമാണ് നടന്നുകൊണ്ടിരിക്കുന്നതന്നും അവര്‍ പറഞ്ഞു. അബ്ദൂള്‍ ഹക്കീം മോഡറേറ്ററായിരുന്നു.

Related News