September 28, 2023 Thursday

രാജ്യത്തിന്റെ ബഹുസ്വരതയെ തകർക്കുന്ന നെറികെട്ട ഭരണത്തിനെതിരെ ആഞ്ഞടിച്ച് കമൽ ഹാസൻ

Janayugom Webdesk
കോഴിക്കോട്
January 15, 2023 9:05 pm

കലയുടെ ആവിഷ്കാര സ്വാതന്ത്ര്യം ഹനിക്കുന്ന ഫാസിസ്റ്റ് ഭരണകൂടത്തിനെതിരെയും ജാതിയും മതവും പറഞ്ഞ് ഇന്ത്യൻ ബഹുസ്വരതയെ തകർക്കാൻ ശ്രമിക്കുന്ന നെറികെട്ട രാഷ്ട്രീയക്കാർക്കെതിരെയും ശക്തമായി പ്രതികരിച്ച് പ്രശസ്ത ചലച്ചിത്ര നടൻ കമൽ ഹാസൻ. കോഴിക്കോട് നടക്കുന്ന കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ വേദിയിലാണ് രാഷ്ട്രിയം പറയാതെ പറഞ്ഞ് കമൽഹാസന്റെ പ്രതികരണം. പല സിനിമകളിലും തന്റെ രാഷ്ട്രീയം താൻ പ്രകടമാക്കാൻ ശ്രമിച്ചിട്ടുണ്ട്. ഹേയ് രാമിലൂടെയാണ് ശക്തമായി രാഷ്ട്രീയത്തിലേക്ക് ചുവടുവെച്ചത്. ബാബരി മസ്ജിദ് തകർക്കപ്പെട്ടത് തന്നിൽ വളരെ വേദനയും സങ്കടവും ഉണ്ടാക്കി. ആ സംഭവത്തിന് ശേഷമാണ് ഇന്ത്യൻ ജനാധിപത്യത്തിന്റെ അസ്ഥിവേരുവരെ തകർത്തില്ലാതാക്കുക്കുന്ന വിഷലിപ്തമായ രാഷ്ട്രീയത്തെ ഒരു ഭീതിയുമില്ലാതെ എതിർക്കാൻ തുടങ്ങിയത്. യുവാക്കളോട് പറയാൻ ഒന്ന് മാത്രം. രാഷ്ട്രീയത്തിലേക്കിറങ്ങു. . നെറികെട്ട രാഷ്ട്രീയം പറയുന്നവർക്കെതിരെ ശബ്ദിക്കൂ… കമൽ ഹാസൻ നിലപാട് വ്യക്തമാക്കി. ‘എന്റെ രാഷ്ട്രീയം കണ്ടെത്തുന്നു’ എന്ന സെഷനിലാണ് കമൽ ഹസന്റെ പ്രതികരണം. ഹർഷാരവത്തോടെയാണ് കമൽഹാസനെ കേരള ലിറ്ററേച്ചർ ഫെസ്റ്റിലേക്ക് സ്വാഗതം ചെയ്തത്.

ലിറ്ററേച്ചർ ഫെസ്റ്റിൽ നേരത്തെ ‘വേർഡ് ടു സിനിമ’ എന്ന സെഷനിൽ കമൽഹാസനോടൊപ്പം സക്കറിയ, ജയമോഹൻ, സി എസ് വെങ്കിടേശ്വരൻ എന്നിവർ പങ്കെടുത്തു. നൂറു വർഷത്തെ ഇന്ത്യൻ സിനിമാപാരമ്പര്യമ്പത്തിൽ 63 വർഷം തുടരാൻ സാധിച്ചതിൽ സന്തോഷമെന്ന് കമൽ പറഞ്ഞു. ഇനിയും പ്രേക്ഷക പിന്തുണയോടുകൂടി ശ്വാസം നിലക്കുന്നതുവരെ തുടരാൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു. എഴുത്തിനെയും അഭിനയത്തെയും ഒരുപോലെ കൊണ്ടുപോവാൻ ബുദ്ധിമുട്ടാണ്. അതുകൊണ്ടുതന്നെ അത്തരം ആളുകളോട് അസൂയ തോന്നിയിട്ടുണ്ട്. സിനിമയിലെ എഴുത്തുകൾ ജനാധിപത്യപരവും ശക്തവുമാണെന്ന് എപ്പോഴും തിരകഥാകൃത്തുക്കളോട് പറയാറുണ്ട്. അത് ഈ തലമുറയോളം പരിവർത്തനം ചെയ്തുവരികയാണ്. അതിൽ സന്തോഷം. മലയാളവും ഇപ്പോൾ കന്നടയും ലോകത്തിന്റെ ശ്രദ്ധ നേടിക്കൊണ്ടിരിക്കുകയാണെന്നും അഭിമാനകരാമാണെന്നും അദ്ദേഹം പറഞ്ഞു. നിർമ്മാല്യം സിനിമയെക്കുറിച്ചും എം ടി യുടെ എഴുത്തുകളെക്കുറിച്ചും കമൽ ഹാസൻ സംസാരിച്ചു. മലയാള സിനിമ കണ്ട് വളർന്ന തനിക്ക് സ്വന്തം വീട്ടിലത്തിയ അനുഭൂതിയാണ് ഇവിടെ വരുമ്പോൾ കിട്ടുന്നത്. എന്നെപ്പോലെ ഒരു നടനാവണമെന്ന് മറ്റുള്ളവർ പറയുന്ന തരത്തിൽ എനിക്ക് അഭിനയിക്കണം. അതാണ് ഒരു നടന്റെ വിജയമെന്നും കമൽഹാസൻ കൂട്ടിച്ചേർത്തു. നാലു ദിവസങ്ങളായി കോഴിക്കോട് ബീച്ചിലെ ആറു വേദികളിലായി നടന്നുവന്ന ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍  സമാപിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.