‘സ്റ്റാര്‍ട്ടപ് അന്തരീക്ഷം ഒരുക്കാനുള്ള വെല്ലുവിളി നേരിടുന്നതില്‍ മേക്കര്‍വില്ലേജിന്‍റെ പങ്ക് നിസ്തുലം’

Web Desk
Posted on April 05, 2019, 5:13 pm

സ്റ്റാര്‍ട്ടപ് അന്തരീക്ഷം ഒരുക്കാനുള്ള വെല്ലുവിളി നേരിടുന്നതില്‍ മേക്കര്‍വില്ലേജിന്‍റെ പങ്ക് നിസ്തുലം-അരുണ സുന്ദരരാജന്‍

കൊച്ചി: സ്റ്റാര്‍ട്ടപ്പുകള്‍ക്കുവേണ്ട അന്തരീക്ഷം ഒരുക്കുന്നതാണ് സര്‍ക്കാരുകള്‍ക്കു മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളിയെന്ന് കേന്ദ്ര ടെലികോം സെക്രട്ടറി അരുണ സുന്ദരരാജന്‍ പറഞ്ഞു. മേക്കര്‍ വില്ലേജ് സംഘടിപ്പിച്ച ‘ഹാര്‍ഡ്ടെക് 19’ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.

ഇലക്ട്രോണിക് ഹാര്‍ഡ്വെയര്‍ സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും രാജ്യത്തെ വിജയിച്ച സ്റ്റാര്‍ട്ടപ്പ് കമ്പനികളുടെ അനുഭവകഥകള്‍ സംരംഭകരുമായി പങ്കുവയ്ക്കുന്നതിനും നിക്ഷേപകരുമായി ആശയവിനിമയം നടത്തുന്നതിനുമാണ് ഹാര്‍ഡ്ടെക് സമ്മേളനം ലക്ഷ്യം വയ്ക്കുന്നത്. അവസാനദിനം രാജ്യത്തെ മുന്‍നിര സ്റ്റാര്‍ട്ടപ്പ് സംരംഭകര്‍ സമ്മേളനത്തെ അഭിസംബോധന ചെയ്യുന്നുണ്ട്.

ലോകോത്തര നിലവാരം നേടുക എന്നതാണ് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഭാവിയില്‍ ഏറ്റവുമധികം വെല്ലുവിളിയുയര്‍ത്താന്‍ പോകുന്നത്. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് തനിച്ച് ഈ നിലവാരം കൈവരിക്കാനാവില്ല. അതിനായി സംരംഭകര്‍ക്കുവേണ്ട അന്തരീക്ഷം ഒരുക്കികൊടുക്കേണ്ടത് സര്‍ക്കാരിന്‍റെ ചുമതലയാണ്. പ്രതിഭ, സംരംഭകത്വം, വിപണി, വ്യവസായ ബന്ധങ്ങള്‍, നിക്ഷേപസാധ്യത തുടങ്ങിയവ ഏകീകൃതമായി നടപ്പില്‍ വരുത്തേണ്ടതാണെന്ന് അരുണ സുന്ദരരാജന്‍ ചൂണ്ടിക്കാട്ടി. മേക്കര്‍ വില്ലേജ് ഇക്കാര്യത്തില്‍ പ്രശംസനീയമായ സേവനമാണ് നടത്തുന്നതെന്ന് അവര്‍പറഞ്ഞു.

ലോകത്ത് ഏറ്റവുമധികം ശുഭാപ്തി വിശ്വാസമുള്ള സ്റ്റാര്‍ട്ട്പ്പ് സംരംഭകരുള്ളത് ഇന്ത്യയിലാണ്. കഠിനമായ ജീവിതസാഹചര്യത്തിലൂടെയുള്ള വെല്ലുവിളികള്‍ മറികടന്നാണ് സംരംഭകര്‍ മുന്നോട്ടു വരുന്നതെന്നും അവര്‍ പറഞ്ഞു.

ഇന്ത്യയിലെ സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ക്ക് വിദേശത്ത് പേറ്റന്‍റ് സ്വന്തമാക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ സാമ്പത്തികസഹായം നല്‍കുമെന്ന് കേന്ദ്ര ഇലക്ട്രോണിക്സ്-ഐടി ജോയിന്‍റ് സെക്രട്ടറി എസ് ഗോപാലകൃഷ്ണന്‍ പറഞ്ഞു. കോഴിക്കോട് എന്‍ഐടിയിലുള്ള ഗവേഷണ സ്ഥാപനമായ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി (എന്‍ഐഇലിറ്റ്)യുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനുള്ള അവസരം മേക്കര്‍വില്ലേജില്‍ ഒരുക്കാമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തു.

കേരള ഫൈബര്‍ ഒപ്റ്റിക് നെറ്റ് വര്‍ക്ക്, ഐഎസ്ആര്‍ഒ‑വിഎസ്എസ്സിയുമായി ചേര്‍ന്നുള്ള സ്പേസ് സ്റ്റാര്‍ട്ടപ്പ് പദ്ധതി, സ്വകാര്യമേഖലയുമായി ചേര്‍ന്നു കൊണ്ടുള്ള ഇന്‍റല്‍ ലാപ്ടോപ് നിര്‍മ്മാണ പദ്ധതി എന്നിവയാണ് സംസ്ഥാനത്തെ സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളുടെ നട്ടെല്ലാകാന്‍ പോകുന്നതെന്ന് സംസ്ഥാന ഇലക്ട്രോണിക്സ്-ഐടി സെക്രട്ടറി എം ശിവശങ്കര്‍ ചൂണ്ടിക്കാട്ടി. ഇലക്ട്രോണിക് ഹാര്‍ഡ്വെയര്‍ ഇന്‍കുബേറ്ററെന്ന നിലയില്‍ മേക്കര്‍ വില്ലേജിന് ഈ സൗകര്യങ്ങള്‍ ക്രിയാത്മകമായി ഉപയോഗപ്പെടുത്താമെന്നും അദ്ദേഹം പറഞ്ഞു.

വ്യവസായ ലോകവും സര്‍ക്കാര്‍ സംവിധാനങ്ങളും തമ്മിലുള്ള സാര്‍ത്ഥകമായ സഹകരണമാണ് സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ക്ക് ഏറ്റവും പ്രധാനമായിട്ടുള്ളതെന്ന് ഐഐഐടിഎം-കെ ചെയര്‍മാന്‍ മാധവന്‍ നമ്പ്യാര്‍ പറഞ്ഞു.
സാധാരണക്കാരന്‍റെ ജീവിതത്തെ സ്വാധീനിക്കുന്ന സാങ്കേതിക ഉത്പന്നങ്ങള്‍ക്കാണ് ഭാവിയുള്ളതെന്നും അദ്ദേഹം പറഞ്ഞു.

തെങ്ങില്‍ നിന്ന് നീര ചെത്തുന്നതിനു വേണ്ടി നവ ഡിസൈന്‍ ആന്‍ഡ് ഇനോവേഷന്‍ നിര്‍മ്മിച്ച മെഷീന്‍ അരുണ സുന്ദരരാജന്‍ പുറത്തിറക്കി. ആശയം മുതല്‍ ഉത്പന്നം വരെ മേക്കര്‍വില്ലേജിലായിരുന്നു ഈ കമ്പനിയുടെ ഇന്‍കുബേഷന്‍. തൊഴിലാളിയുടെ തെങ്ങുചെത്ത് ശേഷി 72 മടങ്ങ് കൂട്ടാന്‍ സഹായിക്കുന്നതാണ് ഈ ഉത്പന്നം.

കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സിഇഒ ഡോ. സജി ഗോപിനാഥ് സ്വാഗതവും മേക്കര്‍വില്ലേജ് സിഇഒ പ്രസാദ് ബാലകൃഷ്ണന്‍ നായര്‍ നന്ദിയും പറഞ്ഞു.