ഇന്ത്യയുടെ ആദ്യത്തെ ബ്ലഡ്സെല്‍ കൗണ്ടറുമായി അഗാപ്പെ-എല്‍ടിടിഎസ്

Web Desk
Posted on April 05, 2019, 4:54 pm
കൊച്ചി:ഡങ്കി, എലിപ്പനി, അലര്‍ജികള്‍, ലുക്കീമിയ,ടൈഫോയിഡ്, അനീമിയ തുടങ്ങിയ നിരവധി രോഗങ്ങളുടെ കൃത്യവും വേഗതയേറിയതും ചിലവുകുറഞ്ഞതുമായ  നിര്‍ണ്ണയത്തിന് സഹായകമായ ബ്ലഡ് സെല്‍ കൗണ്ടര്‍  അഗാപ്പെ ഡയഗ്‌നോസ്റ്റിക്‌സ് ലിമിറ്റഡ്, ലാര്‍സന്‍ ആന്റ് ടൂബ്രോ ടെക്‌നോളജി സര്‍വ്വീസസി(എല്‍.ടി.ടി.എസ്) ന്റെ സാങ്കേതിക സഹകരണത്തോടെപുറത്തിറക്കി . ഇന്ത്യയില്‍ ആദ്യമായി തദ്ദേശീയ സാങ്കേതിക വിദ്യയില്‍ വികസിപ്പിച്ച ആദ്യ ഉപകാരണമാണിത് . 
രോഗനിര്‍ണ്ണയത്തിന് ഏറ്റവും പുതിയ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തുന്ന ഉപകരണത്തിന്റെ വ്യാവസായിക അടിസ്ഥാനത്തിലുള്ള വിപണനം എറണാകുളം പട്ടിമറ്റത്ത് അഗാപ്പെയുടെ നിര്‍മ്മാണ യൂണിറ്റില്‍ ഏപ്രില്‍ ആറിന് അഗാപ്പെ സില്‍വര്‍ജൂബിലി ആഘോഷവേളയില്‍ തുടക്കം കുറിക്കും.
 
രാജ്യത്ത് ഈ സാങ്കേതിക വിദ്യ ആവശ്യമുള്ള അറുപതിനായിരത്തോളം മെഡിക്കല്‍ ലാബുകളുണ്ട്.  പ്രതിവര്‍ഷം ഇരുപതിനായിരത്തോളം ഉപകരണങ്ങള്‍ ഈ മേഖലയില്‍ ആവശ്യമാണ്. ഇവ കൂടിയ വിലയ്ക്ക് യു.എസ്, ജപ്പാന്‍, യൂറോപ്പ്, ചൈന എന്നിവിടങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന സാഹചര്യമാണ് ഇന്നുള്ളതെന്ന് തോമസ് ജോണ്‍ പറഞ്ഞു.യന്ത്രം ഇവിടെ പകുതി വിലയ്ക്ക് നൽകുക എന്നതാണ് കമ്പനി യുടെ ലക്‌ഷ്യം. 
കുറഞ്ഞ ചിലവില്‍ രോഗനിര്‍ണ്ണയം ലഭ്യമാവുന്നതോടൊപ്പം മുഴുവന്‍ സമയം ടെക്‌നോളജി സപ്പോര്‍ട്ടും, സര്‍വ്വീസും നല്‍കാന്‍ തദ്ദേശീയമായ ഉപകരണങ്ങള്‍ക്ക് സാധിക്കും, അദ്ദേഹം പറഞ്ഞു.ലാര്‍സന്‍ ആന്റ് ടൂബ്രോയുടെ അനുബന്ധ സ്ഥാപനമായ ലാര്‍സന്‍ ആന്റ് ടൂബ്രോ ടെക്‌നോളജി സര്‍വ്വീസസ് മെഡിക്കല്‍ ഉപകരണ നിര്‍മ്മാണ രംഗത്ത് ലോക ശ്രദ്ധ നേടിയിട്ടുണ്ട്.  
 
അഗാപ്പെയുമായുള്ള സഹകരണത്തിലൂടെ കുറഞ്ഞ കാലയളവില്‍ രാജ്യത്തെ മെഡിക്കല്‍ ഡയഗ്‌നോസ്റ്റിക്‌സ് രംഗത്ത് വിപ്ലവകരമായ പല കാല്‍വയ്പുകളും സാധ്യമാകുമെന്ന് എല്‍.ടി.ടി.എസ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറും(സി.ഇ.ഒ.) മാനേജിങ് ഡയറക്ടറുമായ കേശബ് പാണ്ഡെ പറഞ്ഞു.