Janayugom Online
woman in Sabarimala

സ്ത്രീകളുടെ ആരാധനാവകാശം നിഷേധിക്കാന്‍ തെരുവില്‍ ഇറങ്ങുന്നവര്‍ സമൂഹത്തെ പിന്നോട്ടടിപ്പിക്കാന്‍ ശ്രമിക്കുന്നു: കേരള മഹിളാസംഘം

Web Desk
Posted on October 08, 2018, 7:19 pm

കോഴിക്കോട് : ശബരിമല ക്ഷേത്രത്തിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന നിയന്ത്രണം നീക്കണമെന്ന സുപ്രിം കോടതി വിധി സ്ത്രീകളുടെ മൗലികാവകാശത്തെ ഉയര്‍ത്തിപ്പിടിക്കുന്നതാണെന്ന് കേരള മഹിളാസംഘം സംസ്ഥാന പ്രസിഡന്റ് കമല സദാനന്ദനും സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പി വസന്തവും പ്രസ്താവനയില്‍ അറിയിച്ചു. മതവിശ്വാസത്തിലും ആരാധനാവകാശത്തിലും ലിംഗവിവേചനത്തിന്റെ പേരില്‍ സ്ത്രീക്ക് വിലക്ക് ഏര്‍പ്പെടുത്തുന്നത് മൗലികാവകാശ ലംഘനമാണ്. സ്ത്രീപദവിയും ഭരണഘടന വിഭാവനം ചെയ്യുന്ന തുല്യതയും അംഗീകരിക്കുന്ന സുപ്രധാന വിധിയാണിത്. തെരുവുകളില്‍ പ്രകടനം  നടത്തി കോടതിവിധിയെ വെല്ലുവിളിക്കുന്നത് ജനാധിപത്യവിരുദ്ധതയെയാണ് പ്രകടമാക്കുന്നത്. വിശ്വാസികളായ സ്ത്രീകളെ തെറ്റിദ്ധരിപ്പിച്ച് തങ്ങളുടെ രാഷ്ട്രീയ ലക്ഷ്യം നേടിയെടുക്കാനുള്ള ഗൂഢശ്രമമാണ് ഇന്ന് കേരളത്തില്‍ നടക്കുന്നത്. വിശ്വാസികളായ സ്ത്രീകള്‍ ഇത് തിരിച്ചറിയേണ്ടിയിരിക്കുന്നു.
മതത്തെയും ആചാരങ്ങളെയും ദുരുപയോഗപ്പെടുത്തി സ്ത്രീകളുടെ ആരാധനാ അവകാശത്തെ ഇക്കൂട്ടര്‍ നിഷേധിക്കുകയാണ്. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് അവര്‍ണ്ണര്‍ക്ക് ക്ഷേത്രപ്രവേശനം നേടിയെടുക്കാന്‍ ശക്തമായ പോരാട്ടത്തിലൂടെ കഴിഞ്ഞു. എന്നാല്‍ സ്ത്രീകള്‍ക്ക് ഈ ആധുനിക കാലത്തും ക്ഷേത്രപ്രവേശത്തിനായി കോടതി ഇടപെടല്‍ തന്നെ വേണ്ടിവന്നു. ഭരണഘടനാപരമായി സ്ത്രീകളുടെ ആരാധനാ അവകാശത്തെയും സ്വത്വത്തെയും ഉയര്‍ത്തിപ്പിടിക്കുന്നതാണ് കോടതി വിധി. ഭക്തി മനുഷ്യന്റെ വ്യക്തിപരമായ അവകാശമാണ്. ക്ഷേത്രത്തില്‍ പോകാനും പോകാതിരിക്കാനും വ്യക്തികള്‍ക്ക് സ്വാതന്ത്ര്യമുണ്ട്. കോടതിവിധി ആരെയും നിര്‍ബന്ധിക്കുന്നുമില്ല. സ്ത്രീയുടെ ജൈവശാസ്ത്രപരമായ സവിശേഷതകള്‍ ഉയര്‍ത്തിക്കാട്ടി അവള്‍ക്ക് ആരാധനാവകാശം നിഷേധിക്കാന്‍ തെരുവില്‍ ഇറങ്ങുന്നവര്‍ സമൂഹത്തെ പിന്നോട്ടുകൊണ്ടുപോകാന്‍ ശ്രമിക്കുകയാണ്. ഇത്തരം ഗൂഢരാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള നീക്കങ്ങള്‍ക്കെതിരെ സ്ത്രീകള്‍ ജാഗ്രത പാലിക്കണമെന്നും കേരള മഹിളാസംഘം അഭ്യര്‍ത്ഥിച്ചു.