ഡോ. ജിപ്‍സണ്‍ വി പോള്‍

June 03, 2020, 5:45 am

കൊറോണാനന്തര കേരളാ മോഡല്‍ വികസനം: ചില ജനചിന്തകള്‍

Janayugom Online

കോവിഡ് 19 പകര്‍ച്ചവ്യാധിക്ക് മുമ്പില്‍ ലോക സാമ്പത്തിക സാങ്കേതിക വമ്പന്മാരെല്ലാം മുട്ടുമടക്കിയപ്പോള്‍ ഗോലിയാത്തിനെ മലര്‍ത്തിയടിച്ച ദാവീദിനെപ്പോലെ വിജയിയായി നില്‍ക്കുന്ന കേരളാ മോഡല്‍ ലോകത്തെയാകമാനം വിസ്മയിപ്പിച്ചിരിക്കുന്നു. കേരളത്തിന്റെ ആരോഗ്യ‑വിദ്യാഭ്യാസ‑സാമൂഹിക പരിരക്ഷാ മേഖലകളില്‍ നാം സ്വന്തമാക്കിയ വികസന സങ്കല്‍പ്പത്തെ കേരളാ മോഡല്‍ എന്ന് പൊതുവായി വിലയിരുത്തപ്പെടുന്നു.

കേരളത്തിന്റെ വിഭവ വിതരണത്തില്‍ ഒരു ജനാധിപത്യ സ്വഭാവം പ്രകടമാകുന്നുണ്ട്. ഭൂപരിഷ്കരണത്തിലും ഭക്ഷ്യവിതരണ സംവിധാനത്തിലും ആരോഗ്യപരിപാലനം, വിദ്യാഭ്യാസ സാമൂഹിക സുരക്ഷിതത്വ മേഖലയിലും സാര്‍വത്രികവും സൗജന്യവുമായ നിലപാടുകള്‍ സ്വീകരിക്കാന്‍ കേരളത്തിനായിട്ടുണ്ട്. കോവിഡ് 19ന്റെ പരിശോധനാ ചെലവിലും ചികിത്സാ ചെലവുകളും പൂര്‍ണമായും വഹിക്കുന്നത് സംസ്ഥാന ഖജനാവില്‍ നിന്നാണ്. 1957ല്‍ ലോകത്ത് ആദ്യമായി ബാലറ്റിലൂടെ അധികാരത്തില്‍ എത്തിയ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഗവണ്‍മെന്റിന്റെ തുടര്‍ച്ചയായ ഇപ്പോഴത്തെ ഇടതുപക്ഷ സര്‍ക്കാരും ലോക കമ്മ്യൂണിസം തകര്‍ന്നപ്പോഴും അതിന്റെ എല്ലാ ശേഷിയും ശേമുഷിയും കൈമോശം വരുത്താതെ ഇന്ത്യയിലെ സാധാരണക്കാരുടെയും തൊഴിലാളികളുടെയും കര്‍ഷകരുടെയും പ്രത്യാശക്കു പ്രചോദനവുമായി നിലനില്‍ക്കുകയാണ് ആരോഗ്യരംഗത്തെ കേരളത്തിന്റെ നേട്ടങ്ങളെന്ന് പറയുന്നത് കേരളത്തിലെ കമ്മ്യൂണിസ്റ്റ് ഗവണ്‍മെന്റിന്റെ ഇച്ഛാശക്തിയുടെ പ്രതിഫലനമാണ്. കേരളാ മോഡല്‍ വികസനം എന്നു പറയുന്നത് രാഷ്ട്രീയ വിവേകത്തിന്റെ കേരളാ മോഡല്‍ തന്നെയാണ്.

കേന്ദ്ര സര്‍ക്കാരിന്റെ 20 ലക്ഷം കോടി രൂപയുടെ പാക്കേജ് ആയതോടുകൂടി കേന്ദ്രസഹായ പ്രതീക്ഷകളെല്ലാം അവസാനിച്ച ഈ ഘട്ടത്തില്‍ കേരളാ മോഡലിന്റെ രണ്ടാംഘട്ടം ആരംഭിക്കേണ്ടിയിരിക്കുന്നു. രണ്ട് പ്രളയത്തെ അതിജീവിച്ച നമുക്ക് കൊറോണ ഉണ്ടാക്കിയ വിപത്തും മറികടക്കാന്‍ കഴിയും. 20,000 കോടി രൂപയുടെ കൊറോണ പാക്കേജ് പ്രഖ്യാപിച്ചുകൊണ്ട് ആരംഭം കുറിച്ചുവെങ്കിലും ഇനിയും നമുക്ക് ഏറെ മുന്നേറേണ്ടതുണ്ട്. ഇത് ആഗോള മഹാമാരി ആയതുകൊണ്ടുതന്നെ വിദേശ മലയാളികളുടെ വരുമാനത്തെ ഏറെ ആശ്രയിക്കുന്ന കേരളത്തിന് വലിയ ഒരളവ് ബാധ്യതയാണ് ഉണ്ടാക്കിയിരിക്കുന്നത്. ഒരു ഉപഭോഗ സംസ്ഥാനമായ കേരളത്തെ സംബന്ധിച്ചിടത്തോളം ആഭ്യന്തര ഉല്പാദനത്തില്‍ വര്‍ധനവ് വരുത്താതെ ഈ പ്രതിസന്ധിയെ തരണം ചെയ്യാന്‍ കഴിയില്ല. ആശ്രിത സമ്പദ്‌വ്യവസ്ഥിതിയില്‍ നിന്ന് സ്വാശ്രയ സമ്പദ്‌വ്യവസ്ഥിതിയിലേക്ക് മുന്നേറാനുള്ള ശക്തമായ നടപടികളാണ് കേരളം സ്വീകരിക്കേണ്ടത്.

നമ്മുടെ പ്രധാന വരുമാന സ്രോതസുകളായ നാണ്യവിളകളും വിനോദസഞ്ചാര മേഖലയും വലിയ പ്രതിസന്ധിയെ നേരിടും എന്ന് ഏകദേശം ഉറപ്പാണ്. തൊഴില്‍ നഷ്ടപ്പെട്ട് വിദേശത്തു നിന്നും / അന്യ സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തുന്ന മലയാളികളെയും ഉള്‍ക്കൊള്ളല്‍ കേരളത്തെ സംബന്ധിച്ചിടത്തോളം വെല്ലുവിളിതന്നെയാണ്. ഉപ്പു തൊട്ട് കര്‍പ്പൂരത്തിനു വരെ അന്യസംസ്ഥാനങ്ങളെ ആശ്രയിക്കുന്ന നിലയില്‍ നിന്നുള്ള മാറ്റം അനിവാര്യതയാണ്. കേരളത്തിന്റെ വിഭവങ്ങളുടെയും അവസരങ്ങളുടെയും ശരിയായ സമത്വ സമീപനങ്ങളിലൂടെ നേടിയെടുക്കാന്‍ കഴിയുന്നതേയുള്ളു ഈ വികസന പരിപ്രേക്ഷ്യം. കേന്ദ്ര ഗവണ്‍മെന്റിന്റെ പുത്തന്‍ സാമ്പത്തിക പരിഷ്കാരങ്ങള്‍ കേരള സാമ്പത്തിക അടിത്തറയെ വിറപ്പിക്കുമെങ്കിലും തകര്‍ക്കാന്‍ കഴിയില്ല.

അമേരിക്കന്‍ ചിന്തകനായ നോം ചോസ്കിയുടെയും ബേണിസാന്റേഴ്സന്റേയും നേതൃത്വത്തില്‍ രൂപമെടുത്ത ലോക പ്രോഗ്രസീവ് ഇന്റര്‍നാഷണല്‍ ഇതിന്റെ പ്രതിഫലനമാണ്. ഒരുതരം മുതലാളിത്ത ബദല്‍ അത്തരം രാജ്യങ്ങള്‍ക്കുള്ളില്‍ തന്നെ വളര്‍ന്നുവരുന്നുണ്ട്. ഓപ്പണ്‍ സോഴ്സ് കോവിഡ് പ്രസ്ഥാനത്തോട് കേരളം ഐക്യധാര്‍ഢ്യം പ്രഖ്യാപിച്ചുകഴിഞ്ഞു. പേറ്റന്റിനെതിരായി ആരോഗ്യമേഖലയില്‍ പുതിയ ജനകീയ ഗവേഷണസംരംഭങ്ങള്‍ ലോകത്താകമാനം ആരംഭിച്ചുകഴിഞ്ഞു. ഇതിന്റെ പതാകവാഹകരാകാന്‍ നമുക്ക് കഴിയണം. നമ്മുടെ ശ്രീചിത്രയും രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോ ടെക്നോളജിയും നമ്മുടെ മെഡിക്കല്‍ കോളജുകളും മറ്റ് ഗവേഷണ സ്ഥാപനങ്ങളും അതിനായി പരിശ്രമിക്കേണ്ടതുണ്ട്. ആഗോളവല്‍ക്കരണ – നവലിബറല്‍ വ്യവസ്ഥിതിയെ വിജ്ഞാന ഉല്പാദനത്തിലൂടെ മാത്രമേ തോല്പിക്കാന്‍ കഴിയൂ.

പ്രതിരോധ മേഖലയിലടക്കം സ്വദേശ‑വിദേശ മൂലധനം കടന്നുവന്ന് സ്വകാര്യവല്ക്കരിക്കപ്പെടുന്ന ഇരു കാലഘട്ടത്തില്‍ സാമൂഹിക നന്മക്കും സുരക്ഷയ്ക്കും ഊന്നല്‍ നല്കുന്ന കേരളാ മോഡല്‍ ഇന്ന് ഇന്ത്യക്കും ലോകത്തിനും ആവശ്യമാണ്. സ്വാശ്രയ സമ്പദ്‌വ്യവസ്ഥിതിയിലേക്കുള്ള ചുവടുവയ്പില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് കൃഷിയിലാണ്. അരിക്കും പച്ചക്കറിക്കും മുട്ടയ്ക്കും മാംസത്തിനും മറ്റ് സംസ്ഥാനങ്ങളെ ആശ്രയിക്കുന്ന രീതി അവസാനിപ്പിച്ചേ മതിയാകൂ. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്തമായി തീരദേശവും സമതലവും മലനിരകളും അടങ്ങിയ ഭൂപ്രകൃതിയുമുള്ള കേരളത്തിന് തനതായ കൃഷിരീതികളും അതിജീവന മാര്‍ഗങ്ങളും പണ്ടേ സ്വായത്തമായിരുന്നു. ഏകദേശം 95,000 ഹെക്ടറിലധികം സ്ഥലം ഇന്ന് തരിശായിക്കിടക്കുന്നു. നമ്മുടെ തണ്ണീര്‍ത്തടങ്ങളും വയലേലകളും ധാരാളമായി തരംമാറ്റി വാസസ്ഥലവും വ്യാവസായിക ഭൂമികളുമായി മാറിയെങ്കിലും അവശേഷിക്കുന്നത് അതിജീവനത്തിനായി ഉപയോഗിച്ചേ മതിയാകൂ.

കാര്‍ഷിക ഉല്പന്നങ്ങളുടെ ആഭ്യന്തര ഉല്പാദനം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യം വച്ചുള്ള കൃഷിവകുപ്പ് നടപ്പിലാക്കുന്ന 3860 കോടി രൂപയുടെ പദ്ധതി ശുഭോദായകമാണ്. ഇതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും കുടുംബശ്രീ പ്രസ്ഥാനത്തിനും കേരള യുവതയ്ക്കും വലിയ പങ്കു വഹിക്കാനാകും. കൃഷിയില്‍ നിന്ന് അകന്നുപോയ പുതുതലമുറയെ കൃഷിയിലേക്ക് ആകര്‍ഷിച്ചേ മതിയാകൂ. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ബജറ്റിന്റെ നിശ്ചിത ശതമാനം കൃഷി വികസനത്തിനായി മാറ്റിവയ്ക്കണം. സ്വാശ്രയ സംഘങ്ങള്‍ക്ക് ആവശ്യമായ പണലഭ്യതയും മറ്റ് സഹായങ്ങളും ലഭ്യമാക്കിയാല്‍ കുടുംബശ്രീക്കും വലിയ പങ്കു വഹിക്കാനാകും. കാര്‍ഷിക ഉല്പന്നങ്ങള്‍ക്ക് പ്രാദേശിക വിപണി ഉറപ്പാക്കാനും കയറ്റുമതിക്കാവശ്യമായ സഹായങ്ങള്‍ ഉറപ്പാക്കാനും സംസ്ഥാനത്തിനാകണം. ഇടത്തട്ടുകാരെ ഒഴിവാക്കിക്കൊണ്ടുള്ള കാര്‍ഷിക വിപണി കെട്ടിപ്പടുക്കണം. നമ്മുടെ കോളജുകളിലെ എന്‍എസ്എസ് യൂണിറ്റുകളെയും താല്പര്യമുള്ള വിദ്യാര്‍ത്ഥികളെയും കൂട്ടിയിണക്കിക്കൊണ്ട് കാര്‍ഷിക ക്ലബ്ബുകള്‍ രൂപീകരിക്കണം.

ഉല്പന്ന വിതരണത്തിന് കോളജുകളെ തന്നെ വിപണിയാക്കാന്‍ നമുക്ക് കഴിയും. ആഴ്ചയിലെ ഒരു നിശ്ചിത ദിവസത്തില്‍ കോളജുകളില്‍ ചന്ത നടത്താന്‍ കഴിയണം. മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയുടെ 20 ‑30 ശതമാനം വരെ തൊഴില്‍ ദിനങ്ങള്‍ കാര്‍ഷിക – മൃഗപരിപാലനരംഗത്ത് ഉപയോഗപ്പെടുത്തണം.‍ നമുക്കാവശ്യമായ അരിയുടെ ഏകദേശം 20 ശതമാനം മാത്രമാണ് നാം ഇന്ന് ഉല്പാദിപ്പിക്കുന്നത്. ഉല്പാദനത്തില്‍ സ്വയംപര്യാപ്തതയില്‍ എത്താന്‍ കഴിഞ്ഞില്ലെങ്കിലും ഉല്പാദനം 50 ശതമാനത്തില്‍ എത്തിച്ചാല്‍ തന്നെ വന്‍ വിജയമാണ്. പച്ചക്കറി ഉല്പാദനത്തിലും ശ്രദ്ധിച്ചേ മതിയാകൂ. കേന്ദ്ര ഗവണ്‍മെന്റിന്റെ പുത്തന്‍ സാമ്പത്തിക പരിഷ്കരണ കരാറോടുകൂടി കാര്‍ഷികരംഗം വന്‍കിട കുത്തക കമ്പനികളുടെ കൈകളിലേക്ക് മാറ്റപ്പെടുന്ന ഈ കാലഘട്ടത്തില്‍ ഭക്ഷ്യസുരക്ഷയ്ക്ക് നാം പ്രഥമ പരിഗണന നല്‍കിയേ മതിയാകൂ.

നമ്മുടെ കേരള അഗ്രിക്കള്‍ച്ചര്‍ യൂണിവേഴ്സിറ്റിയുടെ അറിവുകള്‍ നാം പൂര്‍ണമായും ഉപയോഗിക്കാന്‍ ശ്രമിക്കണം. കേരളത്തിലെ കൃഷിഭവനുകള്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ച് കര്‍ഷകര്‍ക്ക് താങ്ങാകാന്‍ കഴിയണം. അന്നം നല്‍കുന്നവനാണ് കര്‍ഷകന്‍ എന്ന മനോഭാവം വളര്‍ത്തിയെടുക്കണം. നമ്മടെ പാഠ്യപദ്ധതിയില്‍ കൃഷിയ്ക്കും അതിജീവനവും ഉള്‍പ്പെടുത്തണം. കേരള വികസനത്തിന് സഹായമായ പ്രബലശക്തിസ്രോതസാണ് നമ്മുടെ സഹകരണമേഖല. കുറഞ്ഞ പലിശനിരക്കില്‍ വ്യാപകമായി വായ്പകള്‍ അനുവദിച്ചുകൊണ്ട് കൃഷി-ചെറുകിട വ്യവസായ മേഖലയെ ശക്തിപ്പെടുത്താന്‍ കഴിയും. കേരളാ ജിഡിപിയുടെ 10 ശതമാനം കൂടുതല്‍ നല്‍കുന്ന നമ്മുടെ വിനോദസഞ്ചാര മേഖലയുടെ ഉയര്‍ത്തെഴുന്നേല്പ് അത്യന്താപേക്ഷിതമാണ്. നമ്മുടെ പ്രകൃതിയേയും ജൈവവൈവിധ്യങ്ങളേയും ചരിത്രത്തേയും കലയേയും നമുക്ക് ഉപയുക്തമാക്കാന്‍ കഴിയണം. പ്രകൃതിയോടിണങ്ങിയ വിനോദസഞ്ചാര നയം രൂപീകരിക്കണം.

വന്‍കിട റിസോര്‍ട്ടുകളേക്കാള്‍ നാം മുന്‍തൂക്കം നല്‍കേണ്ടത് ഫാം ടൂറിസത്തിനാണ് (കാര്‍ഷിക വിനോദസഞ്ചാരം). കോവിഡോടുകൂടി കേരളത്തിന്റെ ആരോഗ്യപരിപാലനത്തിന് ലഭിച്ച ആഗോള അംഗീകാരം ‘മെഡിക്കല്‍ ടൂറിസം രംഗത്ത് (ആരോഗ്യ‑വിനോദ സഞ്ചാരം) ഉപയോഗപ്പെടുത്താന്‍ കഴിയണം. ദൈവത്തിന്റെ സ്വന്തം നാടിന്റെ ആരോഗ്യപരിപാലനം ആഗോള ബ്രാന്റാക്കി മാറ്റാന്‍ നമുക്കാകണം. രാജ്യത്തിന്റെ വ്യോമയാന മേഖല സ്വകാര്യ സംരംഭകര്‍ക്ക് തീറെഴുതാന്‍ തീരുമാനിച്ച സ്ഥിതിക്ക് കേരള ജനതയുടെയും പ്രത്യേകിച്ച് നമ്മുടെ പ്രവാസി സഹോദരങ്ങളുടെ താല്പര്യ സംരക്ഷണത്തിനായി ‘കേരളാ എയര്‍ലൈന്‍സ്’ സാധ്യമാക്കണം. സിയാലിന്റെ കീഴില്‍ ഉപകമ്പനിയാക്കിക്കൊണ്ടോ സിയാന്‍ മേഖലയില്‍ മറ്റൊരു കമ്പനി ആരംഭിച്ചുകൊണ്ടോ ഇത് സാധ്യമാക്കാം. ധാരാളം വിദ്യാ സമ്പന്നരുടെ നാടായ കേരളം വിവരസാങ്കേതിക വിദ്യയെ പരമാവധി പ്രയോജനപ്പെടുത്തിക്കൊണ്ട് ഓരോ വീടും ഒരു സംരംഭകത്വമാക്കി മാറ്റണം.

നമ്മുടെ ‘കെ ഫോണ്‍’ പദ്ധതി അതിനൊരു നാഴികകല്ലാണ്. ധനകാര്യ സ്ഥാപനങ്ങളുടെ ഉദാരവായ്പ ഉറപ്പുവരുത്തണം. കേരളത്തിലെ വ്യാപാരി വ്യവസായി അംഗങ്ങള്‍ക്ക് അവരുടെ സംഘടനയുടെ ഈടിന്റെ അടിസ്ഥാനത്തില്‍ വായ്പകള്‍ അനുവദിക്കണം. സഹകരണ സംഘങ്ങളും അതിനോട് സഹകരിക്കണം. തിരിച്ചടിയേറ്റ നിര്‍മ്മാണ മേഖലയെ ശക്തിപ്പെടുത്തണം. നിര്‍മ്മാണ മേഖലയിലെ അതിഥി തൊഴിലാളികളുടെ തിരിച്ചുപോക്ക് സൃഷ്ടിക്കുന്ന ആഘാതം കുറയ്ക്കാന്‍ തിരിച്ചുവരുന്ന പ്രവാസികളുടെ അറിവും ശേഷിയും സംരംഭകത്വവും നമുക്ക് ഉപയോഗപ്പെടുത്താന്‍ കഴിയണം.

സ്റ്റാര്‍ട്ടപ്പുകളെ പരമാവധി പ്രോത്സാഹിപ്പിക്കണം. കോളജുകളിലെ എന്റേണര്‍ഷിപ്പ് ക്ലബുകള്‍ക്ക് പ്രവര്‍ത്തന മൂലധനം ലഭ്യമാക്കി യുവ സംരംഭകരെ വാര്‍ത്തെടുക്കണം. വിദ്യാഭ്യാസ സ്ഥാപനങ്ങളും വ്യവസായ മേഖലയും തമ്മില്‍ യോജിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുക. ഇതിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് പഠനശേഷം തൊഴിലവസരങ്ങള്‍ ഉറപ്പാക്കാന്‍ കഴിയും. രാജ്യത്ത് സാമ്പത്തിക അസമത്വം അതിന്റെ പാരമ്യത്തില്‍ എത്തുമ്പോള്‍ കേരളത്തില്‍ സാമ്പത്തിക അസമത്വം കുറവാണ്. പാര്‍ശ്വവല്ക്കരിക്കപ്പെട്ടവരുടെ വികസനം എന്നതാണ് കേരള വികസനത്തിന്റെ കാതല്‍. സര്‍വൈവല്‍ ഓഫ് ദി ഫിറ്റസ്റ്റല്ല മറിച്ച് സര്‍വൈവല്‍ ഓഫ് ദി വീക്കെസ്റ്റായിരിക്കണം നമ്മുടെ ലക്ഷ്യം.

ENGLISH SUMMARY: ker­ala mod­el devel­op­ment after covid
You may also like this video