Friday
22 Feb 2019

പ്രളയക്കെടുതിയില്‍ നിന്ന് കേരളം വരള്‍ച്ചയിലേക്ക്

By: Web Desk | Wednesday 12 September 2018 9:56 PM IST

ഷിബു ടി ജോസഫ്

കോഴിക്കോട്: മഹാപ്രളയത്തിന്റെ മുറിവുണങ്ങും മുമ്പേ കേരളം അത്യുഷ്ണത്തിലേക്കും വറുതിയിലേക്കും. പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ കാസര്‍കോട് ജില്ലകളില്‍ സൂര്യാഘാത സാധ്യതയുള്ള വിധം ചൂട് ക്രമാതീതമായി വര്‍ധിച്ചിരിക്കുകയാണ്. വയനാട്ടില്‍ കഴിഞ്ഞ ദിവസം രണ്ടുപേര്‍ക്ക് സൂര്യാഘാതമേറ്റിരുന്നു. മാത്രമല്ല കഴിഞ്ഞ ആഴ്ച മുതല്‍ വയനാട്ടിലും മലപ്പുറത്തും കോഴിക്കോട്ടും മണ്ണിരകള്‍ ഭൂമിക്ക് മുകളിലെത്തി ചത്തുവീഴുന്നതും അത്യുഷ്ണത്തെ തുടര്‍ന്നാണെന്ന് വ്യക്തമായി.

മണ്ണിനടിയില്‍ കഴിയുന്ന ഇരുതലമൂരികള്‍ എന്നറിയപ്പെടുന്ന കുരുടന്‍ പാമ്പുകളും ധാരാളമായി മണ്ണിന് പുറത്തേയ്ക്ക് വരുന്നുണ്ട്. മണ്ണിലെ ഈര്‍പ്പം നഷ്ടപ്പെട്ട് ചുട്ടുപൊള്ളാന്‍ തുടങ്ങിയതോടെ വയനാട്ടിലാണ് ആദ്യം ഇരുതലമൂരികള്‍ മണ്ണിന് പുറത്തേയ്‌ക്കെത്തി കിണറരികുകളിലും വീടുകള്‍ക്കുള്ളിലും ഇഴഞ്ഞെത്താന്‍ തുടങ്ങിയത്. സംരക്ഷിത ജീവികളുടെ പട്ടികയില്‍പ്പെട്ട ഇവ വന്യജീവി കള്ളക്കടത്തുകാര്‍ക്ക് പ്രിയപ്പെട്ട പാമ്പിനമാണ്. കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം ജില്ലകളിലെ കിഴക്കന്‍ മേഖലകളിലും വന്യജീവികള്‍ കൂട്ടത്തോടെ കാടുവിട്ടുപുറത്തേയ്‌ക്കെത്താന്‍ തുടങ്ങിയത് വനമേഖലയിലെ അത്യുഷ്ണം കാരണമാണെന്ന് വനംഉദ്യോഗസ്ഥരും പരിസ്ഥിതി പ്രവര്‍ത്തകരും മുന്നറിയിപ്പ് നല്‍കുന്നുണ്ട്. കഴിഞ്ഞ ദിവസം ഇരുട്ടി മേഖലയില്‍ കാട്ടാനയിറങ്ങി വന്‍നാശമാണുണ്ടാക്കിയത്. കാട്ടുപന്നികളും നാട്ടിലേക്ക് ഇറങ്ങി നാശമുണ്ടാക്കാന്‍ തുടങ്ങിയിട്ടുണ്ട്.

വയലേലകള്‍ മിക്കതും ഏപ്രില്‍, മെയ് മാസങ്ങളെ ഓര്‍മ്മിപ്പിക്കും വിധം വരണ്ടുവിണ്ടുകീറിയിരിക്കുകയാണ്. കോഴിക്കോട്ട് നഗരത്തില്‍ അടക്കം രാവിലെ 11 മുതല്‍ ഉച്ചകഴിഞ്ഞ് 3 മണിവരെയുള്ള സമയത്ത് പുറത്തിറങ്ങാന്‍ കഴിയാത്തവിധം ചൂട് വര്‍ധിച്ചു. പകല്‍ അധികസമയം വെയിലത്തിറങ്ങരുതെന്ന് ആരോഗ്യവിദഗ്ധരും ഇതിനകം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

പ്രളയവും മണ്ണിടിച്ചിലും അതിരൂക്ഷമായി ബാധിച്ച വയനാട്ടില്‍ കടുത്ത വരള്‍ച്ചയും ജലക്ഷാമവും അനുഭവപ്പെട്ടുതുടങ്ങി. കഴിഞ്ഞ മാസമുണ്ടായ പെരുമഴയത്തെ പ്രളയത്തില്‍ നിറഞ്ഞൊഴുകിയ പുഴകളും അരുവികളും ജലാശയങ്ങളും ഏറെക്കുറെ വറ്റിയ നിലയിലാണ്. പുഴകളില്‍ നിന്ന് ദിവസങ്ങള്‍ക്കകം വെള്ളം വാര്‍ന്നുപോയ നിലയിലാണ്. പ്രളയകാലത്ത് എല്ലാം തച്ചുതകര്‍ത്തൊഴുകിയ ഭാരതപ്പുഴയും ചാലിയാറും കടുത്ത വേനലിന് സമാനമായ അവസ്ഥയിലാണ്. ഭാരതപ്പുഴ പഴയതുപോലെ നീര്‍ച്ചാലുകളുടെ പുഴയായി. പുതുതായി ഒഴുകിയെത്തിയ മണല്‍ക്കൂമ്പാരങ്ങള്‍ ഭാരതപ്പുഴയിലെമ്പാടും നിരന്നിട്ടുണ്ട്. ആലുവയില്‍ പെരിയാറിന് കുറുകെ മണല്‍പ്പരപ്പിലൂടെ നടന്നുപോകാവുന്ന വിധത്തില്‍ വെള്ളം വറ്റിയ നിലയിലാണ്. മധ്യതിരുവിതാംകൂറിനെ തച്ചുതകര്‍ത്തൊഴുകിയ പമ്പയാറ്റിലും പലയിടത്തും മുട്ടിന് താഴെമാത്രം വെള്ളമൊഴുക്കുള്ള അവസ്ഥയിലേക്ക് മാറി. മണിമലയാറും മീനച്ചിലാറും വേനല്‍ക്കാലത്തേതുപോലെ വറ്റിയിരിക്കുകയാണ്. തുലാവര്‍ഷമാണ് ഇനി കേരളത്തിന്റെ പ്രതീക്ഷ. എന്നാല്‍ പ്രവചനാതീതമായി തുലാവര്‍ഷം പെയ്തിറങ്ങാനുള്ള ലക്ഷണങ്ങളാണ് കേരളത്തിന്റെ പ്രകൃതിയുടെ ലക്ഷണങ്ങള്‍ ഇപ്പോഴേ നല്‍കുന്ന സൂചനയെന്ന് കാലാവസ്ഥാ വിദഗ്ധരും ആശങ്കപ്പെടുന്നുണ്ട്.

ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലിനും ഭൂമിനിരങ്ങി മാറുന്നതിനുമൊപ്പം നീര്‍വാര്‍ച്ചയും കേരളത്തിലെ രൂക്ഷമായ കാലാവസ്ഥാ വ്യതിയാനത്തിന്റെ സൂചനയാണ്. മണ്ണിലെ ഈര്‍പ്പം അപ്പാടെ വാര്‍ന്നുപോകുന്നത് വലിയ കൃഷിനാശത്തിനും ഇടവരുത്തും. കേരളത്തിലെ കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് യു എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് വരെ വളരെ ഗൗരവതരമായി പരാമര്‍ശിച്ച സാഹചര്യം അതീവ ശ്രദ്ധയോടെ പരിഗണിക്കേണ്ടതുണ്ട്.