ഗാന്ധിജിക്ക് വ്യത്യസ്ത സ്മരണാഞ്ജലിയുമായി സിഗ്നി ദേവരാജ്

Web Desk
Posted on January 29, 2019, 10:15 pm

കെ കെ ജയേഷ്

കോഴിക്കോട്: ഗാന്ധിജിയുടെ നൂറ്റമ്പതാം ജന്മവാര്‍ഷികത്തിന്റെയും രക്തസാക്ഷിത്വത്തിന്റെ എഴുപതാം വാര്‍ഷിക സമാപനത്തിന്റെയും ഭാഗമായി അദ്ദേഹത്തിന് വ്യത്യസ്തമായൊരു സ്മരണാഞ്ജലി ഒരുക്കുകയാണ് ചിത്രകാരനായ കോഴിക്കോട് മുക്കം സ്വദേശി കുമാരനല്ലൂര്‍ വളപ്പില്‍ വീട്ടില്‍ സിഗ്നി ദേവരാജ്. ഒരു വസ്തുപോലും ഉപയോഗശൂന്യമായി വലിച്ചെറിയരുതെന്ന ചിന്താഗതിയായിരുന്നു ഗാന്ധിജിക്കുണ്ടായിരുന്നത്. അതുകൊണ്ടുതന്നെ ഉപയോഗിച്ച് വലിച്ചെറിയുന്ന പേപ്പര്‍ കപ്പുകളിലാണ് സിഗ്നി ഗാന്ധിജിയെ വരച്ചിരിക്കുന്നത്. പേപ്പര്‍ കപ്പുകളില്‍ പെന്‍സില്‍ ഉപയോഗിച്ച് 150 ഓളം ഗാന്ധി ചിത്രങ്ങളാണ് ഇദ്ദേഹം വരച്ചിരിക്കുന്നത്.
ഗാന്ധിജിയുടെ ജീവിതത്തിലെ പ്രധാനപ്പെട്ട സംഭവങ്ങളെല്ലാം പേപ്പര്‍ കപ്പുകളില്‍ ഇദ്ദേഹം ആവിഷ്‌ക്കരിച്ചിട്ടുണ്ട്.

ഗാന്ധിജിയുടെ ബാല്യകാലം, ഇംഗ്ലണ്ടിലെ പഠനകാലം, ദക്ഷിണാഫ്രിക്കയിലെ ജീവിതം, ട്രെയിനില്‍ വച്ച് ഏറ്റ മര്‍ദ്ദനം, കുടുംബചിത്രങ്ങള്‍, ഉപ്പുസത്യാഗ്രഹം, കേരള സന്ദര്‍ശനം, ശ്രീനാരായണഗുരുവുമായുള്ള സന്ദര്‍ശനം തുടങ്ങി വെടിയേറ്റ് മരണമടയുന്നതു വരെയുള്ള അദ്ദേഹത്തിന്റെ ജീവിതത്തിലെ സംഭവങ്ങളെല്ലാം സിഗ്നി ദേവരാജ് ആവിഷ്‌ക്കരിച്ചിട്ടുണ്ട്. അപൂര്‍വ്വ ചിത്രശ്രേണിയില്‍ ഉള്‍പ്പെടുത്തി യുആര്‍എഫ് നാഷണല്‍ അവാര്‍ഡും ഗാന്ധി ചിത്രങ്ങളിലൂടെ സിഗ്നി ദേവരാജിനെ തേടിയെത്തിയിട്ടുണ്ട്. ഗാന്ധിജിയുടെ ചിന്താഗതിപോലെ തന്നെ ഉപയോഗം കഴിഞ്ഞ് വലിച്ചെറിയുന്ന സംസ്‌ക്കാരത്തിന് എതിരെയുള്ള പ്രചരണം കൂടിയാണ് ചിത്രം വരയെന്നും ഇദ്ദേഹം വ്യക്തമാക്കുന്നു.

കേരളത്തിലെ വിവിധ ഭാഗങ്ങളില്‍ ഇദ്ദേഹം ചിത്രപ്രദര്‍ശനങ്ങള്‍ നടത്തിയിട്ടുണ്ട്. തത്സമയ മുഖവരയിലൂടെ ഇതിനകം അയ്യായിരത്തില്‍ പരം ആളുകളുടെ ചിത്രങ്ങള്‍ വരച്ചിട്ടുണ്ട്. ഗാന്ധിസ്മൃതിയുടെ ഭാഗമായി ഫെബ്രുവരി രണ്ട് വരെ ഗാന്ധിജിയുടെ 150 പേപ്പര്‍ കപ്പ് ചിത്രങ്ങള്‍ കോഴിക്കോട്ട് ആര്‍ട്ട് ഗ്യാലറിയില്‍ പ്രദര്‍ശിപ്പിക്കാനാണ് ഇദ്ദേഹത്തിന്റെ തീരുമാനം. ഈ വേദിയില്‍ വച്ച് യു ആര്‍ എഫ് നാഷണല്‍ അവാര്‍ഡും സമ്മാനിക്കും. ഗിന്നസ് വേള്‍ഡ് റിക്കാര്‍ഡ് ഹോള്‍ഡര്‍ ഗിന്നസ് സത്താര്‍ അതൂര്‍ പുരസ്‌ക്കാരം സമ്മാനിക്കും.