സാക്ഷരതാ മിഷന്‍ രജിസ്‌ട്രേഷനുകളില്‍ റെക്കോഡ് നേട്ടം

Web Desk
Posted on April 05, 2019, 10:46 pm

തിരുവനന്തപുരം: സാക്ഷരതാ മിഷന്‍ രജിസ്‌ട്രേഷനുകളില്‍ റെക്കോഡ് നേട്ടം. പുതിയ അധ്യയന വര്‍ഷത്തില്‍ സാക്ഷരത മുതല്‍ ഹയര്‍ സെക്കന്‍ഡറി വരെയും വിവിധ സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളിലുമായി മൊത്തം രജിസ്റ്റര്‍ ചെയ്തത് 2,04178 പേരാണ്. പുതിയ പദ്ധതികളിലൂടെ പാര്‍ശ്വവത്കൃത മേഖലകളിലേക്ക് സാക്ഷരതാ തുടര്‍വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ കൂടുതലായി വ്യാപിപ്പിക്കാന്‍ കഴിഞ്ഞതാണ് ചരിത്രനേട്ടത്തിനു കരുത്തായത്. സാക്ഷരതാമിഷന്‍ നിലില്‍ വന്ന 1998‑നുശേഷം ആദ്യമായാണ് ഇത്രയും രജിസ്‌ട്രേഷന്‍ നടക്കുന്നത്.
പുതിയ അധ്യയന വര്‍ഷം സാക്ഷരതയ്ക്ക് 49,566, തുല്യതാ കോഴ്‌സുകളായ നാലാംതരത്തിന് 40,260, ഏഴാംതരം 24,393, പത്താംതരം 35,306, ഹയര്‍ സെക്കന്‍ഡറി 33,798 എന്നിങ്ങനെയാണ് രജിസ്‌ട്രേഷന്‍. സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളായ പച്ചമലയാളത്തിന് 749, അച്ഛീ ഹിന്ദി 448, ഗുഡ് ഇംഗ്ലീഷ് 3,658 എന്നിങ്ങനെ രജിസ്‌ട്രേഷന്‍ നടന്നു. 2000- ല്‍ നാലാംതരം തുല്യത ആരംഭിക്കുമ്പോള്‍ വെറും 2600 പേരാണ് നാലാംതരം തുല്യതാ കോഴ്‌സില്‍ രജിസ്റ്റര്‍ ചെയ്തത്. കഴിഞ്ഞ വര്‍ഷം രജിസ്‌ട്രേഷന്‍ 8,715 ആയിരുന്നു. ഏതാണ്ട് അഞ്ചിരട്ടിയോളം വര്‍ധനയാണ് നാലാംതരം തുല്യതാ കോഴ്‌സ് രജിസ്‌ട്രേഷനില്‍ ഉണ്ടായിരിക്കുന്നത്.
പുതിയ അധ്യയന വര്‍ഷം പത്താംതരത്തിന് രജിസ്റ്റര്‍ ചെയ്തത് 35,306 പേരാണ്. കഴിഞ്ഞ വര്‍ഷം ഇത് 33,520 ആണ്. 2006‑ല്‍ പത്താംതരം തുല്യതാ കോഴ്‌സ് ആരംഭിക്കുമ്പോള്‍ രജിസ്‌ട്രേഷന്‍ 2819 മാത്രമായിരുന്നു. ഹയര്‍ സെക്കന്‍ഡറി തുല്യതാ കോഴ്‌സില്‍ 33,798 പേര്‍ രജിസ്റ്റര്‍ ചെയ്തു. കഴിഞ്ഞ വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ വലിയ വര്‍ധനവാണ് രജിസ്‌ട്രേഷനില്‍ ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ രജിസ്‌ട്രേഷന്‍ 32,143 ആണ്. ഹയര്‍ സെക്കന്‍ഡറി രണ്ടാം വര്‍ഷം 16,000 പേര്‍ ഇപ്പോള്‍ പഠിച്ചുവരുന്നു.
ആദിവാസി- തീരദേശ‑പട്ടികജാതി വിഭാഗങ്ങളില്‍ നിന്ന് 1755 ഇന്‍സ്ട്രക്ടര്‍മാര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഈ വിഭാഗങ്ങള്‍ക്കിടയില്‍ നടന്നുവരുന്ന സജീവമായ പ്രവര്‍ത്തനമാണ് രണ്ടുലക്ഷത്തിലധികം പഠിതാക്കള്‍ കടന്നുവരാന്‍ ഇടയാക്കിയത്.
തുല്യതാ കോഴ്‌സുകള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി 2017–18 അധ്യയന വര്‍ഷം മുതല്‍ പ്രത്യേക കര്‍മ്മ പദ്ധതികള്‍ക്ക് സാക്ഷരതാമിഷന്‍ രൂപം നല്‍കിയിരുന്നു. ഹയര്‍സെക്കന്‍ഡറി തുല്യതാ സര്‍ട്ടിഫിക്കറ്റ് പ്ല്‌സുടുവിന് തുല്യമാക്കി 2018‑ല്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയതോടയാണ് ഹയര്‍ സെക്കന്‍ഡറി തുല്യതാ കോഴ്‌സ് കൂടുതല്‍ ശക്തമായത്.
പരമ്പരാഗത സാക്ഷരതാ തുല്യതാ പരിപാടികളില്‍ നിന്നും വ്യത്യസ്തമായി 2017 മുതല്‍ വ്യത്യസ്തമായ പദ്ധതികളാണ് സാക്ഷരതാമിഷന്‍ നടപ്പിലാക്കിവരുന്നതെന്ന് സാക്ഷരതാമിഷന്‍ ഡയറക്ടര്‍ ഡോ.പിഎസ് ശ്രീകല പറഞ്ഞു. ടാര്‍ഗറ്റ് സംവിധാനം കര്‍ശനമാക്കിയതോടെ നിരക്ഷരരെയും മറ്റു പഠിതാക്കളെയും കണ്ടെത്താന്‍ പ്രേരക്മാര്‍ മുന്നിട്ടിറങ്ങിയതും പ്രയോജനകരമായി.