കെഎസ്ആര്‍ടിസിയെ തകര്‍ക്കാന്‍ നടക്കുന്ന ബസ് മാഫിയകള്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കണം

Web Desk
Posted on April 22, 2019, 9:19 pm

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയെ തകര്‍ക്കുക എന്ന ഉദ്ദേശത്തോടെ സംസ്ഥാന വ്യാപകമായി നടത്തുന്ന അന്തര്‍സംസ്ഥാന സ്വകാര്യ ബസ് മാഫിയകള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് കേരള സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് എംപ്ലോയീസ് യൂണിയന്‍ (എഐടിയുസി) ജനറല്‍ സെക്രട്ടറി എം ജി രാഹുല്‍ ആവശ്യപ്പെട്ടു. ലക്ഷ്വറി ബസ് മാഫിയകള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്ന് പലപ്രാവശ്യം ആവശ്യപ്പെട്ടങ്കിലും യാതൊരുനടപടികളും സ്വീകരിക്കാന്‍ ആര്‍ടിഒ അധികാരികള്‍ തയ്യാറാകുന്നില്ല.

കോണ്‍ട്രാക്ട് കാര്യേജ് പെര്‍മിറ്റ് ലഭിച്ച ഇവര്‍ അനധികൃതമായി സ്‌റ്റേജ് ക്യാരേജ് സര്‍വ്വീസ് നടത്തുമ്പോള്‍ അധികാരികള്‍ കണ്ണടക്കുകയാണ്. നിയമവിരുദ്ധ പ്രവര്‍ത്തനത്തിനായി ഇ ബുക്കിംഗ് ഓഫീസുകളും വെബ് സൈറ്റുകളും അവര്‍ ഉപയോഗിക്കുന്നു. ഇത്തരം എല്ലാ ജില്ലയിലെയും ഓഫീസുകള്‍ അടച്ച് പൂട്ടി സീല്‍ ചെയ്യാന്‍ മോട്ടോര്‍ വാഹന വകുപ്പ് തയ്യാറാകണം. അവരുടെ നിയമ വിരുദ്ധ വെബ്‌സൈറ്റ് അടച്ച് പൂട്ടണം. കഞ്ചാവ് മുതല്‍ സ്വര്‍ണ്ണക്കടത്തിനും അനാശ്യാസ പ്രവര്‍ത്തനങ്ങള്‍ക്കും ഈ ബസുകളാണ് ഉപയോഗിക്കുന്നതെന്നും യുണിയന്‍ ആരോപിച്ചു.

രണ്ട് ഇരട്ടിയിലധികമോ മൂന്നിരട്ടിയോ തുക ടിക്കറ്റ് നിരക്കായി തോന്നുന്ന പടി ഈടാക്കുകയാണ്. ഇവരുടെ നിയമ വിരുദ്ധ സര്‍വ്വീസ് നടത്തിപ്പ് മൂലം ലക്ഷങ്ങളുടെ നഷ്ടമാണ് കെ എസ് ആര്‍ടിസി ക്ക് ഉണ്ടാകുന്നത്. ഈ നിയമവിരുദ്ധ സര്‍വീസുകള്‍ക്കെതിരെ അടിയന്തരനടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭപരിപാടികള്‍ക്ക് സംഘടന നേതൃത്വം നല്‍കുമെന്നും എല്ലാ ബസുകളും തടയുന്നതടക്കമുള്ള സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്നും രാഹുല്‍ പറഞ്ഞു.