“വീട‌് ജപ‌്തിചെയ്യാന്‍ വന്നാല്‍ മരിക്കുമെന്നു പറഞ്ഞിട്ടും ആ ക്രൂരന്മാരുടെ മനസ്സലിഞ്ഞില്ല മക്കളേ”

Web Desk
Posted on May 15, 2019, 9:50 am

പാറശാല:  ‘വീട‌് ജപ‌്തിചെയ്യാന്‍ വന്നാല്‍ വഴിയാധാരമാകുമെന്നും ആത്മഹത്യയല്ലാതെ വഴിയില്ലെന്ന‌ും തന്റെ മക്കള്‍ ആ ക്രൂരന്മാരോട‌് പറഞ്ഞിട്ടും അവരുടെ മനസ്സലിഞ്ഞില്ല മക്കളെ. എന്റെ കുട്ടികള്‍ അത്രയേറെ മനോവിഷമത്തിലായിരുന്നു’ ബാങ്കധികൃതരുടെ നിരന്തര ജപ്തി ഭീഷണിയില്‍ ലേഖയും മകളും കടുത്ത മാനസിക വിഷമത്തിലായിരുന്നെന്നും ജപ്തി നടപടി ഒഴിവാക്കി ബാങ്കധികൃതര്‍ സാവകാശം തരില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്ന് ലേഖ പറഞ്ഞതായി ചന്ദ്രന്റെ അമ്മ കൃഷ്ണമ്മ പറഞ്ഞു.

ബാങ്കിലെ വായ്പ കുടിശ്ശിക അടയ‌്ക്കാനായി വീട് വില്‍ക്കാനുള്ള ശ്രമത്തിലായിരുന്നു. ഇതിലേക്ക് വേണ്ടി മലൈക്കട അമ്ബലം ജങ‌്ഷന് സമീപത്തുള്ള ക്രിസ്തുദാസെന്ന ബ്രോക്കറെ മകന്‍ സമീപിക്കുകയും ചൊവ്വാഴ്ച രാവിലെ ഇയാള്‍ എത്തിയിരുന്നതായും കൃഷ്ണന്മ പറഞ്ഞു.വീട് വിറ്റ് വായ്പ അടയ‌്ക്കാനുള്ള അവസാന ശ്രമത്തിനിടെ ഇക്കഴിഞ്ഞ വെള്ളിയാഴ്ച ബാങ്കധികൃതര്‍ പൊലീസുമായി എത്തിയിരുന്നതായും സാധനങ്ങളെല്ലാം മൂന്നു ദിവസത്തിനുള്ളില്‍ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ടതായും ചൊവ്വാഴ്ച മൂന്നോടെ ജപ്തി നടപടിയുമായി ബാങ്കധികൃതര്‍ എത്തുമെന്നും അറിയിച്ചിരുന്നു.

ഇതിനിടെ സാവകാശം തന്നില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്ന് ലേഖ പറഞ്ഞിരുന്നതായും കൃഷ്ണമ്മ പറഞ്ഞു. അപകടം നടന്ന സമയം മാതാവും ചന്ദ്രനും സമീപത്തെ സദാശിവന്റെ വീട്ടിലായിരുന്നതായും രണ്ടിന‌് ശേഷം വീട്ടിലേക്ക് പോയപ്പോഴാണ് കിടപ്പുമുറിയില്‍നിന്ന് പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ടതെന്നും ഇവര്‍ പറയുന്നു. തുടര്‍ന്ന് ബഹളംവച്ചതു കേട്ട‌് നാട്ടുകാരെത്തി പൂട്ടിയിരുന്ന കതക് പൊളിച്ച്‌ അകത്തു കയറി തീ കെടുത്തിയപ്പോഴേക്കും വൈഷ്ണവി മരിച്ചു.