സ്ലോട്ട് നിര്‍ണ്ണയത്തില്‍ സുതാര്യതയില്ല; കേന്ദ്രവും വിമാനക്കമ്പനികളും തമ്മില്‍ പോര്

Web Desk
Posted on March 01, 2019, 10:24 pm

ബേബി ആലുവ
കൊച്ചി: രാജ്യത്തെ വിമാനത്താവളങ്ങളില്‍ വിമാനങ്ങള്‍ ഇറങ്ങുന്നതിനും ഉയരുന്നതിനുമുള്ള ദിവസ സമയനിര്‍ണ്ണയ(സ്ലോട്ട്)ത്തിലെ അപാകതയെച്ചൊല്ലി കേന്ദ്ര സര്‍ക്കാരും വിമാനക്കമ്പനികളും തമ്മില്‍ ഭിന്നത മൂര്‍ച്ഛിക്കുന്നു. ഇതിനായി നിലവിലുള്ള സംവിധാനം സുതാര്യമല്ലെന്നും സ്വതന്ത്ര സംവിധാനം വേണമെന്നുമാണ് രാജ്യാന്തര വ്യോമഗതാഗത സംഘടന (അയാട്ട ) യുടെ ആവശ്യം.

കേന്ദ്ര സര്‍ക്കാരും വിമാനക്കമ്പനികളും തമ്മില്‍ വിവിധ വിഷയങ്ങളെച്ചൊല്ലി നിലനില്‍ക്കുന്ന അഭിപ്രായ സംഘട്ടനങ്ങള്‍ക്ക് ആക്കം കൂട്ടുന്നതായി പുതിയ പ്രശ്‌നം.രാജ്യാന്തര തലത്തില്‍ വിമാനത്താവളങ്ങളില്‍ വിമാനങ്ങള്‍ക്കു വരാനും പോകാനും ദിവസവും സമയവും നിശ്ചയിക്കുന്നതിനായി പ്രഖ്യാപിത മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നിലവിലുണ്ടെങ്കിലും ഇന്ത്യയില്‍ ഈ സംവിധാനം പ്രാവര്‍ത്തികമാക്കിയിട്ടില്ല. രാജ്യത്ത് നിലവില്‍ പുതിയ (ഗ്രീന്‍ഫീല്‍ഡ്) വിമാനത്താവളങ്ങളില്‍ അതത് വിമാനത്താവള കമ്പനികളും മറ്റിടങ്ങളില്‍ എയര്‍പോര്‍ട്ട് അതോറിട്ടി ഓഫ് ഇന്ത്യ (എഎഐ)യുമാണ് സ്ലോട്ട് നിശ്ചയിച്ചു നല്‍കുന്നത്. അതിനാല്‍, ഇക്കാര്യത്തില്‍ ഒരു ഏകീകൃത സ്വഭാവമില്ലെന്നും സുതാര്യതയില്ലെന്നുമാണ് വിമാനക്കമ്പനികളുടെ സംഘടനയുടെ കുറ്റപ്പെടുത്തല്‍.

രാജ്യത്തെ ഓരോ വിമാനത്താവളത്തിലെയും ദിവസ സമയലഭ്യത, വിമാനത്താവള ശേഷി സംബന്ധിച്ച അറിയിപ്പുകളില്‍ തത്സമയം ലഭ്യമാക്കണമെന്നാണ് വിമാനക്കമ്പനികള്‍ ആവശ്യപ്പെടുന്നത്. ഇത് ഈ രീതിയില്‍ അറിയിക്കാതിരിക്കുന്നത് പല കൃത്രിമങ്ങള്‍ക്കും വഴിവയ്ക്കും. നേരത്തേ രാജ്യത്ത് കേന്ദ്രീകൃത സ്ലോട്ട് നിയന്ത്രണ സംവിധാനമുണ്ടായിരുന്നു. ഇടക്കാലത്ത് സര്‍ക്കാര്‍ ഈ രീതി തകിടം മറിച്ചു. ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളങ്ങള്‍ കൂടി പ്രാവര്‍ത്തികമായതോടെയായിരുന്നു ഈ രീതിയുടെ തകിടം മറിച്ചില്‍.ഇതോടെ, വിമാനങ്ങള്‍ ഇറങ്ങുന്നതിനും ഉയരുന്നതിനുമുള്ള ദിവസവും സമയവും പലര്‍ നിയന്ത്രിക്കുന്ന സ്ഥിതിയായി.
എഎഐയുടെ സാന്നിദ്ധ്യം കൂടിയുള്ളതിനാല്‍ നടപടികളില്‍ വ്യത്യസ്തതയും അവ്യക്തതയും അനുഭവപ്പെട്ടു. സ്ലോട്ട് ലഭ്യതാ വിവരങ്ങള്‍ തക്ക സമയത്ത് വിമാനക്കമ്പനികള്‍ക്കു കിട്ടാതെയുമായി.ഈ അവസ്ഥ വിമാനക്കമ്പനികളുടെ വളര്‍ച്ചയ്ക്ക് തടസ്സമാകുന്നു എന്നാണ് അയാട്ടയുടെ പരാതി. രാജ്യത്തെ ഓരോ വിമാനത്താവളവും ഹബ്ബ് സ്റ്റേഷനായി വളരാനുള്ള സാധ്യതയും സ്ലോട്ട് ലഭ്യത സംബന്ധിച്ച വിവരങ്ങള്‍ കൃത്യസമയത്ത് കിട്ടാത്തതുമൂലം ഇല്ലാതാകുന്നതായും സംഘടന ചൂണ്ടിക്കാണിക്കുന്നു.

വ്യോമഗതാഗത മേഖലയെ അസ്വസ്ഥപ്പെടുത്തുന്ന പ്രശ്‌നങ്ങള്‍ അടിക്കടി രൂപപ്പെടുകയും അവ വേണ്ടസമയത്ത് പരിഹരിക്കാതെ നീട്ടിക്കൊണ്ടുപോവുകയും ചെയ്യുന്നതിനിടെ സ്ലോട്ടുകള്‍ ലേലത്തില്‍ വയ്ക്കാനുള്ള നീക്കവും അണിയറയില്‍ തകൃതിയാണ്.