Janayugom Online
കോക്ലിയര്‍ ഇംപ്ലാന്‍റ് ശസ്ത്രക്രിയയ്ക്ക് വിധേയനായ സനല്‍രാജ് ആശുപത്രി വിടുന്നതിനുമുമ്പ് ഡോ. കെ. ജി. സജുവിനും ഡോ. മുഹമ്മദ് നൗഷാദിനുമൊപ്പം

കനിവിന്റെ തണലിൽ സനലിനി വീണ്ടും സ്വരഭേദങ്ങൾ തിരിച്ചറിയും

Web Desk
Posted on June 01, 2018, 3:36 pm

മുണ്ടിനീര് ബാധിച്ച് കേള്‍വി നഷ്ടപ്പെട്ട സനല്‍രാജ് സുമനസ്സുകളുടെ കനിവില്‍ വീണ്ടും കേള്‍വിയുടെ ലോകത്തേക്ക്

ആർ ഗോപകുമാർ
കൊച്ചി: മുണ്ടിനീര് ബാധിച്ച് കേള്‍വി ശക്തി പൂര്‍ണ്ണമായും നഷ്ടപ്പെട്ട എട്ട് വയസ്സുകാരന് സുമനസ്സുകളായ നാട്ടുകാരുടെയും ഇഎന്‍ടി സര്‍ജന്മാരുടെ കൂട്ടായ്മയായ കൊച്ചിന്‍ സൊസൈറ്റി ഓഫ് ഓട്ടോ ലാറിന്‍ജോളജിസ്റ്റ്സ് ഫോര്‍ മെഡിക്കല്‍ സര്‍വ്വീസസ് (ഇടഛങ) ന്‍റെയും സഹായത്താല്‍ കോക്ലിയര്‍ ഇംപ്ലാന്‍റ് ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി. കാഞ്ഞങ്ങാട് അജാനൂര്‍ ഇക്ബാല്‍ നഗറിലെ സത്യരാജ് — മിനി ദമ്പതികളുടെ മകന്‍ സനല്‍രാജ് ജനുവരിയിലാണ് കടുത്ത പനിയെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയത്. മുഖത്ത് നീര് വന്നതോടെ സര്‍ക്കാര്‍ ആശുപത്രിയിലും തുടര്‍ ചികിത്സ നടത്തി. പനി മാറിയെങ്കിലും ക്രമേണ കേള്‍വി ശക്തി കുറഞ്ഞ് വന്നു. മാസങ്ങള്‍ക്കകം ശബ്ദങ്ങള്‍ സനലിന് അന്യമായി. പ്രാരംഭഘട്ടത്തില്‍ രോഗം തിരിച്ചറിയുന്നതില്‍ സംഭവിച്ച വീഴ്ചയാണ് സനല്‍ രാജിന് ശ്രവണശേഷി നഷ്ടപ്പെടാന്‍ കാരണമായതെന്ന് പിന്നീട് ചികിത്സ തേടിയ ആശുപത്രികളിലെ ഡോക്ടര്‍മാര്‍ പറഞ്ഞു.
പഠനത്തിലും പാഠ്യേതര വിഷയങ്ങളിലും മികവ് പുലര്‍ത്തിയ മൂന്നാം ക്ലാസ്സ് വിദ്യാര്‍ത്ഥി സനല്‍ രാജ് കേള്‍വിയില്ലാതെയും സംസാരശേഷി പതുക്കെ നഷ്ടമാകുന്ന ഘട്ടത്തില്‍ വല്ലാത്ത മാനസികാവസ്ഥയിലാണ് തന്നെ കാണാന്‍ വന്നതെന്ന് ഇഎന്‍ടി സര്‍ജന്‍ ഡോ. മുഹമ്മദ് നൗഷാദ് പറഞ്ഞു. എട്ട് വയസ്സ് പൂര്‍ത്തിയായതിനാല്‍ സര്‍ക്കാരിന്‍റെ സൗജന്യ ചികിത്സാപദ്ധതിയില്‍ കോക്ലിയര്‍ ഇംപ്ലാന്‍റ് ശസ്ത്രക്രിയ നടത്താന്‍ സാങ്കേതിക തടസ്സവും നേരിട്ടു. സനലിന് എത്രയും പെട്ടെന്ന് കോക്ലിയര്‍ ഇംപ്ലാന്‍റ് ശസ്ത്രക്രിയ നടത്തിയാല്‍ മാത്രമെ സംസാരശേഷി നഷ്ടപ്പെടുന്നത് ഒഴിവാക്കാന്‍ കഴിയുകയുള്ളുവെന്ന് വിദഗ്ദ്ധ അഭിപ്രായമുണ്ടായി. കുടുംബത്തിന്‍റെ ദയനീയാവസ്ഥ മനസ്സിലാക്കി പരിശോധനകളും ശസ്ത്രക്രിയകളും തുടര്‍ പരിചരണവും സൗജന്യമായി നല്‍കാന്‍ ഡോ. മുഹമ്മദ് നൗഷാദ് തയ്യാറായി. ദൈനംദിന ചിലവുകള്‍ക്ക് പോലും കഷ്ടത അനുഭവിക്കുന്ന കുടുംബത്തിലെ പ്രൈമറി വിദ്യാര്‍ത്ഥിക്ക്  ഇംപ്ലാന്‍റിനായി 5 ലക്ഷത്തോളം രൂപ സുമനസ്സുകളുടെ കനിവിലൂടെ കണ്ടെത്താനായി. 2 ലക്ഷം രൂപ എറണാകുളം ജില്ലയിലെ ഇഎന്‍ടി സര്‍ജന്മാരുടെ ചാരിറ്റബിള്‍ വിഭാഗമായ കൊച്ചിന്‍ സൊസൈറ്റി ഓഫ് ഓട്ടോ ലാറിന്‍ജോളജിസ്റ്റ്സ് ഫോര്‍ മെഡിക്കല്‍ സര്‍വ്വീസസ് (csom) സംഭാവനയായി നല്‍കി. ഇതോടൊപ്പം അടിമാലി മന്നാന്‍കണ്ടം സ്വദേശിയായ രണ്ട് വയസ്സുകാരന്‍ ആല്‍ഫിന്‍ ബിജുവിനും (csom) 2 ലക്ഷം രൂപ ചികിത്സാ സഹായമായി നല്‍കിയതായി സംഘടനയുടെ പ്രസിഡന്‍റ് ഡോ. കെ.ജി. സജു പറഞ്ഞു.
പാലാരിവട്ടം ബൈപാസ് ചക്കരപ്പറമ്പിലെ ഡോ. മുഹമ്മദ് നൗഷാദ്സ് ഇഎന്‍ടി ഹോസ്പിറ്റലില്‍ ഇംപ്ലാന്‍റ് ശസ്ത്രക്രിയയ്ക്ക് വിധേയനായ സനല്‍രാജ് ഇന്നലെ വെളളിയാഴ്ച ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ്ജായി. രണ്ടാഴ്ചത്തെ വിശ്രമത്തിനുശേഷം ഇംപ്ലാന്‍റ് സ്വിച്ച് ഓണ്‍ ചെയ്യുന്നതോടെ സനല്‍രാജ് ശബ്ദങ്ങളുടെ ലോകത്തേക്ക് തിരികെയെത്തും. പുതിയ സംവിധാനത്തിലൂടെയുള്ള ശ്രവണശേഷിയുമായി പൊരുത്തപ്പെടാന്‍ ഏതാനും ആഴ്ചകള്‍ ദീര്‍ഘിക്കുന്ന സ്പീച്ച് — ഹിയറിംഗ് തെറപ്പി സനലിന് വേണ്ടി വരുമെന്ന് ഡോ. മുഹമ്മദ് നൗഷാദ് പറഞ്ഞു.