കണ്ടുപിടിത്തങ്ങൾക്ക് കേരളത്തിന്റെ നോബേല്‍ സമ്മാനമായി കൈരളി അവാര്‍ഡ്

Web Desk
Posted on November 24, 2017, 10:32 pm

കോഴിക്കോട്: കണ്ടുപിടുത്തങ്ങള്‍ക്ക് കേരളത്തിന്റെ നോബല്‍ സമ്മാനമായി കൈരളി അവാര്‍ഡ് നല്‍കുമെന്ന് വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ്. കേരളത്തിലെ ശാസ്ത്ര ഗവേഷണങ്ങളെ പ്രോത്സാഹിപ്പിക്കാനാണ് ഇത്തരമൊരു ഗൗരവമായ പുരസ്‌കാരം കൊണ്ട് ഉദ്ദേശിക്കുന്നത്. സ്‌കൂള്‍ ശാസ്ത്രമേളകളില്‍ നിന്നുള്ള മികച്ച പ്രതിഭകളെ കണ്ടെത്തി യുവശാസ്ത്ര പുരസ്‌കാരമായി കൈരളി യുവ ശാസ്ത്ര പുരസ്‌കാരവും നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. സംസാന സ്‌കൂള്‍ ശാസ്‌ത്രോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇത്തവണ മുതല്‍ ശാസ്‌ത്രോത്സവങ്ങളില്‍ വിധികര്‍ത്താക്കള്‍ കണ്ടെത്തുന്ന മികച്ച കണ്ടുപിടിത്തങ്ങള്‍ ഉള്‍പ്പെടുത്തി വിദ്യാഭ്യാസവകുപ്പ് ശാസ്ത്രരേഖ പുറത്തിറക്കും. ചെറിയ കണ്ടുപിടിത്തങ്ങള്‍ നാളെ വലിയ കണ്ടുപിടിത്തങ്ങളാക്കാനും ഭാവിയില്‍ ഇതേ പ്രതിഭകള്‍ക്കുതന്നെ ഉപയോഗിക്കാനും ഇതുകൊണ്ട് ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
വിദ്യാര്‍ഥികള്‍ എല്ലാ മേഖലകളിലേക്കും അവരുടെ അറിവും കഴിവും ഉപയോഗിക്കുന്ന സ്ഥിതിയുണ്ടാവണം. അത്തരമൊരു പരീക്ഷണത്തിന്റെ ഭാഗമായിട്ടാണ് എല്ലാ സ്‌കൂളുകളിലും ടാലന്റ് ലാബ് സ്ഥാപിക്കാന്‍ വിദ്യാഭ്യാസ വകുപ്പ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. ടാലന്റ് ലാബ് എന്നാല്‍ ഇപ്പോഴുള്ള കമ്പ്യൂട്ടര്‍ ലാബു പോലെയുള്ള ഒരു സംവിധാനമല്ല. ഏതെങ്കിലും ഒരു സ്‌കൂളില്‍ കയറി ചെന്ന് അവിടുത്തെ ടാലന്റ് ലാബ് ഏതാണെന്ന് ചോദിച്ചാല്‍ കാണിച്ചു കൊടുക്കാന്‍ ഒരു ക്ലാസ് മുറിയുണ്ടാവില്ല. ടാലന്റ് എന്നാല്‍ സര്‍ഗശേഷിയാണ്. ലാബെന്ന് കേള്‍ക്കുമ്പോള്‍ പരീക്ഷണങ്ങള്‍ നടക്കുന്നിടവും. രണ്ടും കൂടെ ചേരുന്നതാണ് ടാലന്റ് ലാബ്. ലോകത്ത് മറ്റെവിടെയെങ്കിലും വിദ്യാഭ്യാസ രംഗത്ത് ഇത്തരമൊരു പരീക്ഷണം നടന്നതായിട്ട് അറിയില്ലെന്നും മന്ത്രി പറഞ്ഞു. ചടങ്ങില്‍ ശാസ്‌ത്രോത്സവം സംഘാടക സമിതി ചെയര്‍മാന്‍ എ പ്രദീപ് കുമാര്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ വി മോഹന്‍കുമാര്‍ സ്വാഗതം പറഞ്ഞു. മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, പുരുഷന്‍ കടലുണ്ടി എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി, പ്രോഗ്രാംകമ്മറ്റി ചെയര്‍മാന്‍ എം രാധാകൃഷ്ണന്‍, ജനറല്‍ കണ്‍വീനര്‍ ജിമ്മി കെ ജോസ്, കോര്‍പ്പറേഷന്‍ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ആശ ശശാങ്കന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഉദ്ഘാടനത്തിനുമുമ്പുതന്നെ മന്ത്രി വിവിധ സ്റ്റാളുകളിലെത്തി കുട്ടികളുടെ കണ്ടുപിടിത്തങ്ങള്‍ വിലയിരുത്തി.