Web Desk

ന്യൂഡല്‍ഹി

April 18, 2021, 1:53 pm

കെഎഎസ് ഇരട്ട സംവരണം സർക്കാരിന്റെ നയപരമായ തീരുമാനം, നടപ്പാക്കാൻ അധികാരമുണ്ട്: കേരളം

Janayugom Online

കേരള അഡ്മിനിസ്ട്രേറ്റീവ് സർവ്വീസ് പ്രവേശനത്തിന് ഇരട്ട സംവരണം ഏർപ്പെടുത്താൻ ഉള്ള അധികാരം സർക്കാരിന് ഉണ്ടെന്ന് സുപ്രീം കോടതിയിൽ കേരളം. സ്ഥാനക്കയറ്റത്തിലൂടെയോ സ്ഥലംമാറ്റത്തിലൂടെയോ ലഭിക്കുന്ന നിയമനം അല്ലാത്തതിനാൽ രണ്ട്, മൂന്ന് സ്ട്രീമുകളിലേക്കുള്ള നിയമനത്തിൽ സംവരണം നിഷേധിക്കാൻ കഴിയില്ല എന്ന് സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ സര്ക്കാർ വ്യക്തമാക്കി. രണ്ടും മൂന്നും സ്ട്രീമുകളിൽ സംവരണം ഏർപ്പെടുത്തിയത് നയപരമായ തീരുമാനം ആണെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.

കേരള അഡ്മിനിസ്ട്രേറ്റീവ് സർവ്വീസ് പ്രവേശനത്തിന് ഇരട്ട സംവരണം ഏർപ്പെടുത്തിയതിന് എതിരായ ഹർജിയിൽ നിലപാട് അറിയിക്കാൻ സംസ്ഥാന സർക്കാരിനോട് സുപ്രീം കോടതി നിർദേശിച്ചിരുന്നു. സംവരണം നീതിയുമായി ബന്ധപ്പെട്ട വിഷയം ആയതിനാൽ സർക്കാരിന്റെ വാദം വിശദമായി കേൾക്കേണ്ടത് ഉണ്ടെന്ന് ആയിരുന്നു ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് പറഞ്ഞിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ ആണ് അഡീഷണൽ ചീഫ് സെക്രട്ടറി ആശ തോമസ് സുപ്രീം കോടതിയിൽ സത്യവാങ്മൂലം ഫയൽ ചെയ്തത്. കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് രൂപീകരിക്കുന്നത് സർക്കാരിന്റെ നയപരമായ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ ആണ്. അതിനാൽ സംവരണവും ആയി ബന്ധപ്പെട്ട കാര്യങ്ങളിൽ തീരുമാനം എടുക്കാനുള്ള അധികാരവും സർക്കാരിന് ഉണ്ടെന്നാണ് സത്യവാങ്മൂലത്തിൽ പറയുന്നത്.

അഡ്വക്കേറ്റ് ജനറലിന്റെ നിയമ ഉപദേശം ലഭിച്ച ശേഷമാണ് ഇക്കാര്യത്തിൽ സര്ക്കാർ തീരുമാനം എടുത്തത് എന്നും സത്യവാങ്മൂലത്തിൽ പറയുന്നു. നിയമന മാനദണ്ഡങ്ങൾ, സംവരണം, യോഗ്യത, പ്രായപരിധി തുടങ്ങിയവ തീരുമാനിക്കാൻ സർക്കാരിന് ഭരണഘടനപരമായ അവകാശം ഉണ്ടെന്ന് വ്യക്തമാക്കി പി എസ് സിയും നേരത്തെ സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു.

Eng­lish sum­ma­ry; ker­ala on dou­ble reservation

You may also like this video;