December 7, 2022 Wednesday

Related news

September 28, 2022
September 26, 2022
July 8, 2022
May 27, 2022
April 29, 2022
March 24, 2022
February 15, 2022
January 28, 2022
January 21, 2022
January 20, 2022

കേരളം വ്യവസായിക മുന്നേറ്റത്തിന്റെ പാതയില്‍: മന്ത്രി പി രാജീവ്

Janayugom Webdesk
കൊച്ചി
September 26, 2022 10:32 pm

നിർദിഷ്ട ഗ്രാഫീൻ വ്യവസായ പാർക്ക് കേരളത്തിന്റെ വ്യവസായിക മുന്നേറ്റത്തിനു കൂടുതൽ ശക്തിപകരുമെന്ന് വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞു. കേരളത്തിന്റെ ഭാവി കെട്ടിപ്പടുക്കുന്നതിൽ അത്ഭുത ഉല്പന്നമായ ഗ്രാഫീനിന്റെ സാധ്യതകളെക്കുറിച്ചുള്ള ബോധവത്ക്കരണ ശില്പശാലയും നിക്ഷേപകസംഗമവും കൊച്ചി ക്രൗൺ പ്ലാസയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഗ്രാഫീൻ സംസ്ഥാനത്തിന്റെ വ്യവസായ അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിനു മുതൽക്കൂട്ടാകും. ഗ്രാഫീൻ നിക്ഷേപക സംഗമം സുപ്രധാന നാഴികക്കല്ലാണെന്നും മന്ത്രി പറഞ്ഞു. ഗ്രാഫീൻ അധിഷ്ഠിത വ്യവസായത്തെ പ്രോത്സാഹിപ്പിക്കുന്നതിനും കരട് നയം ചർച്ച ചെയ്യുന്നതിനും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുമായി കേരളം ഇതുവരെ ഏറ്റെടുത്തിട്ടുള്ള വിവിധ സംരംഭങ്ങൾ പ്രദർശിപ്പിക്കുന്നതിനുമുള്ള വേദിയാണ് കെഎസ്ഐഡിസിയും കേരള ഡിജിറ്റൽ യൂണിവേഴ്സിറ്റിയും സംയുക്തമായി നടത്തിയ ബോധവത്കരണ ശില്പശാലയെന്നും മന്ത്രി പറഞ്ഞു.
ഭാവിയിൽ ഗ്രാഫീൻ രംഗത്തെ മുന്നേറ്റത്തിനു ശക്തമായ ഗ്രാഫീൻ ആവാസവ്യവസ്ഥ സൃഷ്ടിക്കും. ഉല്പാദനം മുതൽ മാർക്കറ്റ് ഇടപെടലുകൾ വരെയുള്ള എല്ലാ സാധ്യതകളും ഉപയോഗിക്കും. ഗ്രാഫീന്റെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തുകയാണ് കേരളത്തിന്റെ ലക്ഷ്യം. പ്രകൃതിദത്തമായി ധാരാളം കണ്ടുവരുന്നവയാണ് ഗ്രാഫീൻ. അതിനാൽ പ്രകൃതിക്ക് യാതൊരു ദൂഷ്യവുമുണ്ടാകില്ല. പെൻസിലിൽ വരെ ഗ്രാഫൈറ്റ് ഉപയോഗിക്കപ്പെടുന്നു. ഗ്രാഫീൻ വേർതിരിച്ചെടുക്കാനും എളുപ്പമാണെന്നും മന്ത്രി പറഞ്ഞു.
വ്യവസായങ്ങളുടെ വികസനത്തിനും ഉത്തരവാദിത്ത വ്യവസായവൽക്കരണത്തിനും ഗ്രാഫീനും അനുബന്ധ സാമഗ്രികളും കേരളത്തിനു മുന്നിൽ അനന്തസാധ്യതകൾ തുറന്നിടുന്നു. ഗ്രാഫീൻ ഇതുവരെ കണ്ടെത്തിയതിൽ ഏറ്റവും കനം കുറഞ്ഞതും ശക്തവുമായ വസ്തുക്കളിൽ ഒന്നാണ്. മാത്രമല്ല നിരവധി ഉല്പന്നങ്ങളിലേക്കു ചേർക്കാനും കഴിയും. സംസ്ഥാനത്തിന്റെ കാർബൺരഹിത ലക്ഷ്യങ്ങൾ സുസ്ഥിരമായി കൈവരിക്കുന്നതിൽ ഗ്രാഫീനിന് നിർണായകമായ പങ്കുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
സംരംഭകത്വത്തിനും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുമായി സംസ്ഥാനം വിഭാവനം ചെയ്ത ഒരു ലക്ഷം സംരംഭം പദ്ധതിയിൽ ആറുമാസത്തിനകം 60,000 രജിസ്ട്രേഷൻ നടന്നുകഴിഞ്ഞു. ശരാശരി ഒരു മാസം 10,000 സംരംഭങ്ങൾക്കാണ് തുടക്കമിടുന്നതെന്നും മന്ത്രി പറഞ്ഞു.
കേരള ഡിജിറ്റൽ സർവകലാശാല വൈസ് ചാൻസലർ ഡോ. സജി ഗോപിനാഥ് അധ്യക്ഷതവഹിച്ചു. വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സുമൻ ബില്ല, കുസാറ്റ് വൈസ് ചാൻസലർ ഡോ. കെ എൻ മധുസൂദനൻ, കെഎസ്ഐഡിസി എംഡി എസ് ഹരികിഷോർ, കേരള ഡിജിറ്റൽ സർവകലാശാല പ്രൊഫസറും അക്കാദമിക് ഡീനുമായ ഡോ. അലക്സ് ജയിംസ് എന്നിവർ സംസാരിച്ചു.
ഓക്സ്ഫോർഡ് സർവകലാശാല പ്രൊഫസർ ഡോ. ഹരീഷ് ഭാസ്കരൻ, മാഞ്ചസ്റ്റർ സർവകലാശാല പ്രൊഫസർ ഡോ. രാഹുൽ രവീന്ദ്രൻ നായർ, കാർബറണ്ടം യൂണിവേഴ്സൽ ലിമിറ്റഡിൽ നിന്നുള്ള പി എസ് ജയൻ, യുഎസ്എ ജനറൽ ഗ്രാഫീൻ ഗ്രെഗ് എറിക്സൺ, മാഞ്ചസ്റ്റർ ഗ്രാഫീൻ എൻജിനീയറിങ് ഇന്നൊവേഷൻ സെന്ററിലെ ജയിംസ് ബേക്കർ, ബാംഗ്ലൂർ ലോഗ് മെറ്റീരിയൽസിലെ അൻശുൽ ശർമ, കേരള ഐടി മിഷൻ ഡയറക്ടർ സ്നേഹിൽ കുമാർ സിങ്, സിഐഐ കേരള ചെയർമാൻ ജീമോൻ കോര, ഫിക്കി കേരള ചെയർമാൻ ദീപക് എൽ. അശ്വിനി തുടങ്ങിയവരും വിവിധ സെഷനുകളിൽ സംസാരിച്ചു. 

Eng­lish Sum­ma­ry: Ker­ala on the path of indus­tri­al progress: Min­is­ter P Rajeev

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.