കെ ദിലീപ്

നമുക്ക് ചുറ്റും

October 27, 2020, 5:00 am

ഐക്യ കേരളപ്പിറവിയും ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും

Janayugom Online

കെ ദിലീപ്

ന്നത്തെ കേരളം തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ എന്നിങ്ങനെ വ്യത്യസ്തമായ മൂന്നു ഭരണങ്ങളുടെ കീഴിലായിരുന്നെങ്കിലും സാമൂഹ്യവും സാംസ്കാരികവും രാഷ്ട്രീയവുമായ കാര്യങ്ങളില്‍ പരസ്പരബന്ധിതമായ ഒരു ജനതയായി തന്നെയാണ് നൂറ്റാണ്ടുകളായി കഴിഞ്ഞുപോന്നത്. 1800കളില്‍ തന്നെ മലബാറിലും തിരുവിതാംകൂറിലും കൊച്ചിയിലും ജന്മിമാര്‍ക്കെതിരെ കര്‍ഷകര്‍ നടത്തിയ ഒട്ടേറെ കലാപങ്ങള്‍ നടത്തുകയുണ്ടായി. വടക്കേ മലബാറിലെ കര്‍ഷകര്‍ ജന്മിമാര്‍ക്കെതിരെയും ഏറനാട്ടിലെ മുസ്‌ലിം കര്‍ഷകര്‍ ബ്രിട്ടീഷ് ഭരണത്തിനെതിരെയും വയനാട്ടിലെ കുറിച്യരും കുറുമരും ബ്രിട്ടീഷ് സൈന്യത്തിനെതിരെ 1812–13 കാലത്ത് നടത്തിയ കലാപങ്ങള്‍, തിരുവിതാംകൂറില്‍ സ്ത്രീകള്‍ക്ക് മാറുമറയ്ക്കാനും പുരയ്ക്ക് ഓടുമേയാന്‍പോലും അവകാശം ലഭിക്കാനായി നടത്തേണ്ടിവന്ന പ്രക്ഷോഭങ്ങള്‍, കൊച്ചിയില്‍ ദിവാന്‍ ശങ്കരമേനോന്റെ ദുര്‍ഭരണത്തിനെതിരായ പ്രക്ഷോഭം, തിരുവിതാംകൂറിലെ തന്നെ മലയാളി മെമ്മോറിയല്‍ പ്രക്ഷോഭം തുടങ്ങി അനേകം പ്രക്ഷോഭങ്ങള്‍ ഈ മൂന്നു പ്രദേശങ്ങളിലും നടന്നു.

19-ാം നൂറ്റാണ്ടിന്റെ അന്ത്യഘട്ടത്തിലും 20-ാം നൂറ്റാണ്ടിന്റെ ആരംഭത്തിലുമായി ജാതീയമായ ഉച്ചനീചത്വങ്ങള്‍ക്കെതിരെ ശ്രീനാരായണഗുരുവിന്റെ ആശയാദര്‍ശങ്ങളെ അടിസ്ഥാനമാക്കി വസ്ത്രധാരണ സ്വാതന്ത്ര്യം, സഞ്ചാര സ്വാതന്ത്ര്യം, ആരാധനാസ്വാതന്ത്ര്യം, വിദ്യാഭ്യാസ സ്വാതന്ത്ര്യം എന്നിവയ്ക്കായി അധഃസ്ഥിത ജനവിഭാഗങ്ങളുടെ ഇടയില്‍ നിന്ന് വളര്‍ന്നുവന്ന സാമൂഹ്യ നവോത്ഥാന പ്രസ്ഥാനം കേരളമാകെ വ്യാപിച്ചു. സാധുജന പരിപാലന യോഗം എന്ന പേരില്‍ ഇതേകാലത്ത് ശ്രീ അയ്യന്‍കാളി ആരംഭിച്ച പ്രസ്ഥാനം ദളിത് സമുദായങ്ങളിലെ നിരന്തരം അക്രമവും അടിച്ചമര്‍ത്തലും നേരിടേണ്ടിവന്ന ജനസമൂഹത്തിന് അന്തസും ആത്മാഭിമാനവും നല്കി. ഇങ്ങനെ സാമൂഹ്യവും സാംസ്കാരികവുമായ അനേകം പ്രസ്ഥാനങ്ങള്‍വഴി പരസ്പരം ഇഴചേര്‍ന്നിരുന്ന ഈ മൂന്നു പ്രവിശ്യകളിലും 1916 മുതല്‍ കോണ്‍ഗ്രസ് പാര്‍ട്ടി സംഘടിതമായ പ്രവര്‍ത്തനം തുടങ്ങി.

1919 ല്‍ കൊച്ചിയിലും തിരുവിതാംകൂറിലും കോണ്‍ഗ്രസ് കമ്മിറ്റികള്‍ വന്നു. 1916ല്‍ മലബാറില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തനം ആരംഭിച്ചപ്പോള്‍ തന്നെ അതിന്റെ നേതാക്കളില്‍ പലരും രാജഭരണം നഷ്ടപ്പെട്ട രാജാക്കന്മാരോ വലിയ ജന്മിമാരോ ആയിരുന്നു. അതിനാല്‍ തന്നെ ജനങ്ങളുടെ ജീവല്‍പ്രശ്നങ്ങള്‍ അക്കാലത്തെ കോണ്‍ഗ്രസ് സമ്മേളനങ്ങളില്‍ ചര്‍ച്ചയായതുമില്ല. 1920ല്‍ മഞ്ചേരിയില്‍ വച്ച് നടന്ന മലബാര്‍ ജില്ലാ സമ്മേളനത്തിലാണ് ആദ്യമായി രാഷ്ട്രീയ ചര്‍ച്ചകള്‍ നടന്നത്. കുടിയായ്മയെ എതിര്‍ക്കുന്നവരും അനുകൂലിച്ചിരുന്ന ജന്മിമാരും തമ്മില്‍ വലിയ വഴക്കുണ്ടായി. 1921 ലെ ഒറ്റപ്പാലം സമ്മേളനം ഒരു അഖില കേരള സമ്മേളനമായിരുന്നു. തിരുവിതാംകൂറില്‍ നിന്നും കൊച്ചിയില്‍ നിന്നും ധാരാളം പ്രതിനിധികള്‍ പങ്കെടുത്തു. കേരളത്തെ സംബന്ധിച്ച് വിവിധ രാഷ്ട്രീയ, സാമൂഹ്യവിഷയങ്ങള്‍ ചര്‍ച്ച ചെയ്തത് ആ സമ്മേളനത്തിലാണ്. എന്നാല്‍ നിസ്സഹകരണ പ്രസ്ഥാനത്തിന്റെയും ഖിലാഫത്ത് പ്രസ്ഥാനത്തിന്റെയും സന്ദേശത്തിന്റെ അടിസ്ഥാനത്തില്‍ ആരംഭിച്ച മലബാര്‍ കലാപത്തിന് നേതൃത്വം നല്കുന്നതില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടു. കലാപകാരികളെയും ജനങ്ങളെയും വഞ്ചിക്കുന്ന നിലപാടാണ് കോണ്‍ഗ്രസ് സ്വീകരിച്ചത്.

1924 ലെ വൈക്കം സത്യഗ്രഹമാണ് അക്കാലത്തെ മറ്റൊരു പ്രധാന സംഭവം. അയിത്തോച്ചാടന പ്രസ്ഥാനത്തിന് ആക്കം കൂട്ടാന്‍ ആ സത്യഗ്രഹം ഉപകരിച്ചു. 1928 ലെ പയ്യന്നൂര്‍ സംസ്ഥാന സമ്മേളനത്തോടെയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തനം കൂടുതല്‍ ഊര്‍ജസ്വലമായത്. 1930 ലെ ഉപ്പുനിയമലംഘന പ്രവര്‍ത്തനങ്ങളില്‍ അനേകം യുവാക്കള്‍ രംഗത്തുവന്നു. 1931 നവംബറില്‍ തുടങ്ങിയ ഗുരുവായൂര്‍ സത്യഗ്രഹ സമരത്തില്‍ എ കെ ഗോപാലന്‍, സുബ്രഹ്മണ്യന്‍ തിരുമുമ്പ് എന്നിവരുടെ നേതൃത്വത്തിലുള്ള സത്യഗ്രഹജാഥ ആവേശകരമായിരുന്നു.

1932 ല്‍ സിവില്‍ നിയമലംഘന പ്രക്ഷോഭത്തോടെയാണ് പിന്നീട് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കേരള ഘടകത്തിന്റെ വീറുറ്റ നേതാക്കന്മാരായി മാറിയ സഖാക്കള്‍ പി കൃഷ്ണപിള്ള, എ കെ ഗോപാലന്‍, കെ ദാമോദരന്‍, കെ പി ഗോപാലന്‍, ഇഎംഎസ്, മ‍ഞ്ചുനാഥറാവു, ബാലചന്ദ്രമേനോന്‍, പി നാരായണന്‍ നായര്‍, എന്‍ സി ശേഖര്‍, പൊന്നറ ശ്രീധര്‍, സി എച്ച് കണാരന്‍, എ വി കുഞ്ഞമ്പു, കെപിആര്‍, ഇ പി ഗോപാലന്‍, കെ മാധവന്‍, പി എസ് നമ്പൂതിരി, എം കെ കേളു എന്നിവരെല്ലാം പൊതുരംഗത്ത് വരുന്നത്. കേരളത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തനം സജീവമായതിനോടൊപ്പം തന്നെ കോണ്‍ഗ്രസിനകത്ത് ഒരു ഇടതുപക്ഷം രൂപപ്പെടുകയും ചെയ്തു. 1931 ല്‍ തിരുവനന്തപുരത്ത് ‘കമ്മ്യൂണിസ്റ്റ് ലീഗ്’ എന്ന ഒരു സംഘടനയുണ്ടായി. പൊന്നറ ശ്രീധര്‍, എന്‍ സി ശേഖര്‍, എന്‍ പി കുരിക്കള്‍, ജി ശിവങ്കരപ്പിള്ള തുടങ്ങിയവരായിരുന്നു പ്രധാന പ്രവര്‍ത്തകര്‍. ആദ്യമായി തിരുവിതാംകൂറില്‍ ഒരു തൊഴിലാളി യൂണിയന്‍, പ്രസ് തൊഴിലാളി യൂണിയന്‍, സംഘടിപ്പിച്ചത് അവരായിരുന്നു. 1928 ലെ റയില്‍വേ പണിമുടക്ക്, 1929 ലെ കണ്ണൂര്‍ കോമണ്‍വെല്‍ത്ത് പണിമുടക്ക്, തൃശൂര്‍ സീതാറാം മില്‍ പണിമുടക്ക്, ആലപ്പുഴയിലെ കയര്‍ തൊഴിലാളിയൂണിയന്‍ രൂപീകരണം ഇവയിലെല്ലാം തന്നെ പില്‍ക്കാലത്ത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ നയിച്ച അന്നത്തെ യുവ കോണ്‍ഗ്രസ് നേതാക്കള്‍ സജീവ പങ്കുവഹിച്ചു.

1930 കള്‍ മുതല്‍ തന്നെ തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ പ്രവിശ്യകളില്‍ കമ്മ്യൂണിസ്റ്റ് ആശയങ്ങള്‍ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ട്രേഡ് യൂണിയനുകള്‍ വിവിധ തൊഴില്‍ മേഖലകളില്‍ ഉയര്‍ന്നുവന്നു. 1935 മെയ് മാസത്തില്‍ കോഴിക്കോടുവച്ച് അഖില കേരള തൊഴിലാളി കോണ്‍ഫറന്‍സ് നടന്നു. അതിന്റെ പ്രധാന സംഘാടകന്‍ പി കൃഷ്ണപിള്ള ആയിരുന്നു. അടുത്ത സമ്മേളനം 1937 ഏപ്രില്‍ 25ന് തൃശൂരില്‍ വച്ച് നടക്കുമ്പോഴേക്ക് 16 ട്രേഡ് യൂണിയനുകള്‍ തിരുവനന്തപുരം മുതല്‍ കണ്ണൂര്‍വരെ രൂപീകരിക്കപ്പെട്ടിരുന്നു. തൃശൂര്‍ സമ്മേളനത്തില്‍ ഈ സംഘടനകളെല്ലാം ഒരു കേന്ദ്രസംഘടനയില്‍ അഫിലിയേറ്റ് ചെയ്യപ്പെട്ടു. ഇതിന്റെ തുടര്‍ച്ചയായാണ് 1938 ല്‍ ഐതിഹാസികമായ ആലപ്പുഴ കയര്‍ത്തൊഴിലാളി സമരം നടന്നത്.

40,000 ല്‍ അധികം തൊഴിലാളികള്‍ പങ്കെടുത്ത സമരം 25 ദിവസം നീണ്ടുനിന്നു. പല ആവശ്യങ്ങളും അംഗീകരിക്കപ്പെട്ടു. 1939 ഫെബ്രുവരിയില്‍ ആലപ്പുഴയില്‍ വച്ചുതന്നെ നടന്ന മൂന്നാം സമ്മേളനത്തില്‍ കേരള സ്റ്റേറ്റ് ട്രേഡ് യൂണിയന്‍ കൗണ്‍സില്‍ രൂപീകരിക്കുവാന്‍ തീരുമാനമായി. കമ്മിറ്റിയുടെ കണ്‍വീനര്‍ എന്‍ സി ശേഖറും അംഗങ്ങള്‍ സഖാക്കള്‍ ആര്‍ സുഗതന്‍, പി കൃഷ്ണപിള്ള, കെ കെ വാരിയര്‍, പി ഗംഗാധരന്‍, എ കെ ഗോപാലന്‍ എന്നിവരുമായിരുന്നു. “ദേശീയ ജനവിഭാഗങ്ങളുടെ സ്വയം നിര്‍ണയാവകാശത്തിന്റെയും ദേശീയ ഐക്യത്തിന്റെയും പ്രശ്നങ്ങള്‍ 1942 മുതല്‍ വീണ്ടും രാഷ്ട്രീയരംഗത്ത് മൂര്‍ച്ഛിച്ചുവന്നത് മുതല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കേരളശാഖ ഐക്യകേരളം ഒരു ജീവല്‍പ്രശ്നമായി അംഗീകരിച്ചിട്ടുണ്ട്.

കേരളം മലയാളിയുടെ മാതൃഭൂമി എന്ന ഇഎംഎസിന്റെ ഗ്രന്ഥം വരുന്നതിന് എത്രയോ മുമ്പുതന്നെ ഐക്യകേരളം എന്ന അവ്യക്താശയം ഇന്നാട്ടില്‍ അലയടിച്ചിട്ടുണ്ടെങ്കിലും ഭാഷ അടിസ്ഥാനമായി എടുത്തുകൊണ്ട് മലയാളികള്‍ ഭൂരിപക്ഷമുള്ളതും ഒരുമിച്ചു കിടക്കുന്നതുമായ ഭൂവിഭാഗങ്ങള്‍ ഒരുമിച്ചു ചേര്‍ത്തുകൊണ്ടുള്ള ഐക്യകേരളം എന്ന ആശയം സംഘടിതമായി പ്രചരിപ്പിച്ചത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയാണ്” (എന്‍ ഇ ബാലറാം, ഐക്യകേരളത്തിന്റെ പ്രശ്നങ്ങള്‍).

കേരളമൊട്ടാകെ വിവിധ തൊഴില്‍ മേഖലകളില്‍ തൊഴിലെടുത്തിരുന്ന തൊഴിലാളികളുടെ ഈ ഐക്യം തന്നെയാണ് ഐക്യകേരളത്തിന്റെ രൂപീകരണത്തിലും ഏറ്റവും ദൃഢമായ കണ്ണിയായി വര്‍ത്തിച്ചത്. 1938–39 കാലഘട്ടത്തില്‍ തന്നെ തിരുവിതാംകൂറില്‍ ആരംഭിച്ച ഉത്തരവാദിത്ത ഭരണ പ്രക്ഷോഭത്തിന്റെ ഭാഗമായിരുന്ന യൂത്ത് ലീഗ് മെമ്പര്‍മാര്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലേക്ക് വന്നു. സര്‍ സിപിയുടെ അമേരിക്കന്‍ മോഡല്‍ ഭരണത്തിന് അന്ത്യംകുറിച്ച 1946 ഒക്ടോബര്‍ മാസത്തില്‍ നടന്ന പുന്നപ്ര‑വയലാര്‍ സമരം ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വലിയ ത്യാഗത്തിനുദാഹരണമാണ്.

1952 ഏപ്രില്‍ നാല്, അഞ്ച്, ആറ് തീയതികളില്‍ തൃശൂരില്‍വച്ച് നടന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്ലീനത്തില്‍ എടുത്ത സുപ്രധാന തീരുമാനം ഐക്യകേരളത്തിനായി വമ്പിച്ച പ്രക്ഷോഭം നടത്തുക എന്നതായിരുന്നു. ഇതിനായി വിവിധ കണ്‍വന്‍ഷനുകള്‍ നടത്തുവാനും പാര്‍ട്ടി തീരുമാനിച്ചു. കൂടാതെ ബോംബെ, മദ്രാസ്, ഡല്‍ഹി തുടങ്ങിയ മലയാളികള്‍ ധാരാളമുള്ള മറുനാടന്‍ നഗരങ്ങളിലും വലിയ കണ്‍വന്‍ഷനുകള്‍ നടത്തി. 1952 ഒക്ടോബര്‍ 18, 19 തീയതികളില്‍ ബോംബെയില്‍വച്ച് നടന്ന ഐക്യകേരള കണ്‍വന്‍ഷനില്‍ 15,000ത്തിലധികം മലയാളികള്‍ പങ്കെടുത്തു എന്നത് ഒരു ചെറിയ കാര്യമായിരുന്നില്ല.

എന്നാല്‍ കേരളത്തിലെ കോണ്‍ഗ്രസ് കമ്മിറ്റി സംസ്ഥാന പുനഃസംഘടനയെക്കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് നല്കാന്‍ കെ പി കേശവമേനോന്റെ നേതൃത്വത്തില്‍ ഒരു കമ്മിറ്റി രൂപീകരിച്ചു. 1946 ല്‍ ചെറുതുരുത്തിയിലും 1947 ഏപ്രില്‍ മാസത്തില്‍ തൃശൂരും “ഐക്യകേരള കണ്‍വന്‍ഷന്‍” ചേര്‍ന്നു. പക്ഷെ തീരുമാനത്തിലെത്തിയില്ല. 1949 ല്‍ ആലുവയില്‍ വച്ച് യോഗം ചേര്‍ന്ന് ഗോകര്‍ണം മുതല്‍ കന്യാകുമാരിവരെയുള്ള “പശ്ചിമതീര സംസ്ഥാനം” രൂപീകരിക്കണമെന്ന വിചിത്രമായ ആവശ്യം ഉന്നയിച്ചു. പി നാരായണന്‍ നായര്‍ അദ്ദേഹത്തിന്റെ അരനൂറ്റാണ്ടിലൂടെ എന്ന ആത്മകഥയില്‍ ഇതിനെക്കുറിച്ച് ഇപ്രകാരം പറയുന്നു- “ഭാഷയെ അടിസ്ഥാനമാക്കിയുള്ള ഐക്യകേരളമല്ല, ഭരണസൗകര്യം മുന്‍നിര്‍ത്തിയുള്ള പശ്ചിമതീര സംസ്ഥാനമാണ് അവര്‍ ആവശ്യപ്പെട്ടത്.

ഗോകര്‍ണം മുതല്‍ക്കുള്ള കര്‍ണാടക പ്രദേശങ്ങള്‍, കന്യാകുമാരി വരെയുള്ള തമിഴ് താലൂക്കുകള്‍, ഊട്ടി, കോയമ്പത്തൂര്‍ ജില്ലകളിലെ താലൂക്കുകള്‍ എല്ലാം ചേര്‍ന്നുള്ള സംസ്ഥാനത്തിനായാണ് അവര്‍ ആവശ്യപ്പെട്ടത്. സ്വാഭാവികമായും കര്‍ണാടകക്കാരും തമിഴ്‌നാട്ടുകാരും ഇതിനെ ശക്തിയായി എതിര്‍ത്തു”. സ്വാതന്ത്ര്യ ലബ്ധിക്കുശേഷം കേന്ദ്രഭരണത്തിലെത്തിയ കോണ്‍ഗ്രസ് 1921 ല്‍ തന്നെ അവര്‍ അംഗീകരിച്ച ഭാഷാ സംസ്ഥാനങ്ങള്‍ രൂപീകരിക്കുവാന്‍ ഒരു നടപടിയും കൈക്കൊണ്ടില്ല. തെലുങ്ക് സംസ്ഥാനത്തിനായി നിരാഹാരസമരമനുഷ്ഠിച്ച് ജീവത്യാഗം ചെയ്ത പോറ്റി ശ്രീരാമലുവിന്റെ രക്തസാക്ഷിത്വം ആന്ധ്ര സംസ്ഥാന രൂപീകരണത്തിന് നിമിത്തമായി. അപ്പോഴും കേരള സംസ്ഥാന രൂപീകരണത്തെ പരിഹസിക്കുകയായിരുന്നു കോണ്‍ഗ്രസ്. “പാകിസ്ഥാനുവേണ്ടി വാദിച്ച മലപ്പുറത്തെ മാപ്പിളമാര്‍ക്ക് എന്തു സംഭവിച്ചുവോ ആ വിധിതന്നെയാണ് ഐക്യകേരളത്തിനു വേണ്ടി വാദിക്കുന്ന മറുനാടന്‍ മലയാളികളെയും കാത്തിരിക്കുന്നത്” (കേരളകൗമുദി ജൂലൈ 27, 1955) എന്ന് ഡല്‍ഹി മലയാളി സമ്മേളനത്തില്‍ പനമ്പള്ളി ഗോവിന്ദമേനോന്‍ പ്രസംഗിക്കുകപോലുമുണ്ടായി.

കേരള സംസ്ഥാനം 1956 നവംബര്‍ ഒന്നിന് യാഥാര്‍ത്ഥ്യമാവുന്നതിനു മുമ്പുതന്നെ കേരള സംസ്ഥാനം പ്രശ്നങ്ങളും സാധ്യതകളും എന്ന പേരില്‍ സി അച്യുതമേനോന്‍ എഴുതിയ സുദീര്‍ഘമായ പ്രബന്ധം ഇന്നും സംസ്ഥാനത്തിന്റെ സുസ്ഥിര വികസനത്തിനായുള്ള മാര്‍ഗരേഖയാണ്. ഐക്യകേരളം എന്ന മലയാളിയുടെ സ്വപ്നം യാഥാര്‍ത്ഥ്യമാക്കാനായി. സ്വാതന്ത്ര്യപൂര്‍വ വര്‍ഷങ്ങള്‍ മുതല്‍ ഐക്യകേരള പ്രസ്ഥാനം രൂപീകരിച്ച് കോണ്‍ഗ്രസ്, പിഎസ്‌പി തുടങ്ങിയ കക്ഷികള്‍ നിരന്തരമായി ഐക്യകേരള രൂപീകരണത്തിനെതിരെ ഒളിഞ്ഞും തെളിഞ്ഞും നടത്തിയ പ്രവര്‍ത്തനങ്ങളെ അതിജീവിച്ച് ഐക്യകേരളമെന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കിയത് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നിശ്ചയദാര്‍ഢ്യത്തിന്റെയും സംഘടനാ പാടവത്തിന്റെയും മികവാണ്.

ഇന്ന് കേരള സംസ്ഥാനം ആരോഗ്യസംരക്ഷണത്തില്‍, സാക്ഷരതയില്‍, സാമൂഹ്യ സമത്വത്തില്‍,‍ സ്ത്രീശാക്തീകരണത്തില്‍ എല്ലാം ഇന്ത്യയില്‍ ഒന്നാംസ്ഥാനത്ത് എത്തിനില്‍ക്കുന്നത് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ദീര്‍ഘവീക്ഷണത്തോടുകൂടിയുള്ള പ്രവര്‍ത്തനഫലമാണ്. സമൂഹത്തിലെ ഉച്ചനീചത്വങ്ങള്‍ അവസാനിപ്പിക്കാനായി ദൃഢപ്രതിജ്ഞയെടുത്ത ഉത്പതിഷ്ണുക്കളുടെ ത്യാഗത്തിന്റെ ഫലമായി യാഥാര്‍ത്ഥ്യമായ കേരളം എന്ന മലയാളികളുടെ മാതൃഭൂമി വീണ്ടും ജാതിക്കോമരങ്ങളുടെ ഭ്രാന്താലയമാക്കി മാറ്റാനുള്ള ശ്രമങ്ങള്‍ ചരിത്രപാഠങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ട് പൊരുതി തോല്പിക്കേണ്ടതുണ്ട്.