ടെലഗ്രാം നിരോധിക്കണമെന്നാവശ്യപ്പെട്ട് കേരളാ പൊലീസ് ഹൈക്കോടതിയിൽ

Web Desk
Posted on November 25, 2019, 6:50 pm

കൊച്ചി: ടെലഗ്രാം മൊബൈൽ ആപ്പിന്റെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിന് ഇടപെടൽ ഉണ്ടാകണമെന്ന ആവശ്യവുമായി കേരള പൊലീസ് ഹൈക്കോടതിയിൽ. കോഴിക്കോട് സ്വദേശിയുടെ പൊതു താൽപര്യ ഹർജിയിൽ ലഭിച്ച നോട്ടീസിന് നൽകിയ മറുപടി സത്യവാങ്മൂലത്തിലാണ് കേരള പൊലീസ് ഇക്കാര്യം ബോധിപ്പിച്ചത്. ഏതെങ്കിലും സാഹചര്യത്തില്‍ ആപ്പില്‍ അംഗമായവരുടെ വിവരങ്ങള്‍ ആവശ്യപ്പെട്ടാല്‍ അത് നല്‍കാന്‍ സര്‍വീസ് പ്രൊവൈഡര്‍മാർ തയ്യാറാകുന്നില്ല. ടെലഗ്രാം ഉപയോഗിക്കുന്നവരുടെ പേരുമാത്രമാണ് ആപ്പില്‍ പരിശോധിക്കുമ്പോള്‍ ലഭിക്കുന്നത്. റജിസ്ട്രേഡ് മൊബൈല്‍ നമ്പര്‍ ആപ്പില്‍ നിന്ന് ലഭിക്കുന്നില്ല. ക്രിമിനലുകളടക്കം ആപ്പില്‍ നുഴഞ്ഞു കയറിയിട്ടുണ്ട്.

മാത്രവുമല്ല, ഈ ആപ്പിലൂടെയുള്ള സന്ദേശങ്ങൾ കടുത്ത രഹസ്യ സ്വഭാവം സൂക്ഷിക്കുന്നവയാണ്. ഇത് ഉപയോഗിക്കുന്നവരെക്കുറിച്ചുള്ള വിവരങ്ങൾ നൽകാൻ ഉടമകൾ തയാറാകാത്തതാണ് പ്രധാന വെല്ലുവിളി. കുട്ടികളുടെ അശ്ലീല വിഡിയൊ കൈമാറ്റത്തിനും ചലച്ചിത്രങ്ങൾ അനധികൃതമായി ഡൗൺലോഡ് ചെയ്യുന്നതിനും തുടങ്ങി ലഹരിക്കൈമാറ്റം ഉൾപ്പടെ എല്ലാ നിയമ വിരുദ്ധ പ്രവർത്തനങ്ങൾക്കും ഈ ആപ്പാണ് ഉപയോഗിക്കുന്നത്. തീവ്രവാദികൾ രഹസ്യ സന്ദേശങ്ങൾ കൈമാറുന്നതിനും ടെലഗ്രാം ഉപയോഗപ്പെടുത്തുന്നുണ്ട്. അതിനാല്‍ ആപ്പിന്റെ പ്രവര്‍ത്തനം നിയന്ത്രിക്കാന്‍ ഇടപെടല്‍ ഉണ്ടാകണമെന്നാണ് പൊലീസ് കോടതിയെ അറിയിച്ചത്. ഈ വിഷയത്തിൽ ബെഗളൂരു സ്വദേശിയുടെ പൊതു താൽപര്യ ഹർജിയിൽ ഹൈക്കോടതി കേന്ദ്രത്തോട് വിശദീകരണം തേടിയിട്ടുണ്ട്.

2013ൽ റഷ്യയിൽ നിന്നാണ് ടെലഗ്രാം ആപ്പ് ഹോസ്റ്റ് ചെയ്തത്. ഇന്ത്യയിൽ നോഡൽ ഓഫിസറൊ ഓഫിസോ ഇല്ലാതെ പ്രവർത്തിക്കുന്നതിനാൽ രാജ്യത്തെ നിയമ പരിധിയിൽ കൊണ്ടുവരാൻ സാധിച്ചിട്ടില്ല. ഇതാണ് സർക്കാരുകൾക്ക് തിരിച്ചടിയാകുന്നത്. ടെലഗ്രാം ആപ്പിലൂടെ കുട്ടികളുടെ ലൈംഗികദൃശ്യങ്ങൾ പ്രചരിപ്പിച്ചവരെ ഏതാനും ദിവസങ്ങൾക്കു മുമ്പ് പൊലീസ് പിടികൂടിയിരുന്നു. ഇത് ഗ്രൂപ്പുകളിൽ മറ്റു പേരുകളിൽ നുഴഞ്ഞു കയറിയായിരുന്നു ചെയ്തത്. നിയമപരമായി ഇത്തരം ഗ്രൂപ്പുകളെ നിയന്ത്രിക്കുന്നതിനോ ഉപയോഗിക്കുന്നവരെ പിടികൂടുന്നതിനോ പൊലീസിന് സംവിധാനം ഇല്ലാത്തതിനാൽ നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയാൻ പൊലീസിന് സാധിക്കാത്ത സാഹചര്യമാണ്.