11 October 2024, Friday
KSFE Galaxy Chits Banner 2

Related news

October 11, 2024
October 10, 2024
October 7, 2024
October 3, 2024
October 2, 2024
October 1, 2024
October 1, 2024
September 29, 2024
September 28, 2024
September 27, 2024

കേരള പൊലീസ് ദുരന്തങ്ങളിൽ ജനങ്ങളോടൊപ്പം ചേർന്നുനിൽക്കുന്ന സേന: മുഖ്യമന്ത്രി

Janayugom Webdesk
കണ്ണൂര്‍
August 23, 2024 5:55 pm

2018 ലെ പ്രളയ കാലം മുതൽ ആവർത്തിച്ചു വരുന്ന ദുരന്തങ്ങളിൽ ജനങ്ങളോടൊപ്പം ചേർന്ന് നിൽക്കുന്ന സേനയായി പ്രവർത്തിക്കുവാൻ കേരള പൊലീസിന് കഴിഞ്ഞെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മാങ്ങാട്ടുപറമ്പ് കേരള ആംഡ് പോലീസ് നാലാം ബറ്റാലിയൻ പരേഡ് ഗ്രൗണ്ടിൽ നടന്ന കേരള ആംഡ് പൊലീസ് രണ്ട്, നാല് ബറ്റാലിയനുകളുടെ റിക്രൂട്ട് സേനാംഗങ്ങളുടെ സംയുക്ത പാസിംഗ് ഔട്ട് പരേഡിൽ സല്യൂട്ട് സ്വീകരിച്ച ശേഷം സേനാംഗങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
രാജ്യം തന്നെ വലിയ ഞെട്ടലോടെ കണ്ട വയനാട് ദുരന്തത്തിൽ, അവിടെ രക്ഷാപ്രവർത്തനം നടത്താനായി എത്തിയ ഏതൊരു ഏജൻസിയോടും കിടപിടിക്കത്തക്ക രീതിയിലുള്ള പ്രവർത്തനം കാഴ്ചവെക്കാൻ കേരള പോലീസിന് കഴിഞ്ഞുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. 

ചില കാര്യങ്ങളിൽ മുന്നിലായിരുന്നില്ലേ എന്ന് ആരിലും സംശയം തോന്നിക്കുമാറുള്ള ഇടപെടലുകൾ പൊലീസ് നടത്തി. ദുരന്തമുഖത്ത് സ്വന്തം ജീവൻ തൃണവൽഗണിച്ചു കൊണ്ട് അപ്പുറത്തുള്ളവരെ രക്ഷിക്കുക എന്ന ദൗത്യം ഏറ്റവും മികച്ച രീതിയിൽ എല്ലാവർക്കും ഏറ്റെടുക്കുവാൻ കഴിഞ്ഞു. അവിടെ ഒരു തരത്തിലുള്ള റാങ്ക് വ്യത്യാസവും ഉണ്ടായിരുന്നില്ല. എല്ലാവരും ഒരേ രീതിയിൽ തന്നെയാണ് പ്രവർത്തിച്ചത്. ഇതായിരുന്നു അവിടെ പങ്കെടുത്ത എല്ലാ സേനകളുടെയും പ്രത്യേകത. അതിൽ അഭിമാനിക്കത്തക്ക രീതിയിലുള്ള പ്രവർത്തനം പൊലീസിന് കാഴ്ച വെക്കാൻ സാധിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇന്നത്തെ കാലത്ത് ഇതുമായി ബന്ധപ്പെട്ടുള്ള കൂടുതൽ മികവ് പൊലീസ് നേടേണ്ടതുണ്ട്. കാരണം, ദുരന്തം അത്ര പെട്ടെന്ന് വിട്ടു പോകുമെന്ന് നമുക്ക് ഉറപ്പിക്കാൻ കഴിയില്ല. ദുരന്തത്തിന്റെ അടിസ്ഥാന ഘടകമായി വരുന്നത് കാലാവസ്ഥ വ്യതിയാനമാണ്. കാലവസ്ഥ വ്യതിയാനം ഒരു ലോക പ്രതിഭാസമാണ്. കാലവസ്ഥ വ്യതിയാനത്തിന്റെ ഭാഗമായി വരുന്ന പ്രശ്നങ്ങൾ നേരിടത്തക്ക രീതിയിൽ നാം കൂടുതൽ കരുതൽ ജാഗ്രത നേടേണ്ടതായിട്ടുണ്ട്. അതിലെ ഒരു ഭാഗം ദുരന്തമുണ്ടായാൽ പെട്ടെന്ന് രക്ഷാപ്രവർത്തനം നടത്തുക എന്നതാണ്. എല്ലാത്തരം പരിശീലനവും പൂർത്തിയാക്കിയ, ഏതൊരാപദ്ഘട്ടത്തെയും നേരിടാൻ കഴിയും വിധമുള്ള ഒരു വിഭാഗം പൊലീസിൽ ഉണ്ടാകണം. ഇതിന് ആവശ്യമായ നടപടികൾ നമുക്ക് സ്വീകരിക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. 

നല്ല രീതിയിൽ പകാലാനുസൃതമായ ഒരുപാട് മാറ്റങ്ങൾ പോലീസ് പരിശീലന സിലബസിൽ ഉണ്ടായിട്ടുണ്ട്. എല്ലാ പാസ്സിംഗ് ഔട്ട് പരേഡിലും മികച്ച വിദ്യാഭ്യാസ യോഗ്യതയുള്ളവർ പൊലീസിന്റെ ഭാഗമായി മാറുന്നു. ഇത് പൊലീസിന്റെ കരുത്ത് വലിയ തോതിൽ വർധിപ്പിക്കും. ഇത് പൊലീസിന് പുതിയ മുഖം നൽകും. ജനങ്ങളുടെ ബന്ധു എന്നതാണ് ജനകീയ പൊലീസിങ്ങിന്റെ ഏറ്റവും വലിയ പ്രത്യേകത. ആ പ്രത്യേകത പൂർണമായി ഉൾക്കൊണ്ട് പുതിയ സേനാംഗങ്ങൾക്ക് പ്രവർത്തിക്കാൻ സാധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, എം വിജിൻ എം എൽ എ, ആന്തൂർ നഗരസഭ ചെയർമാൻ പി മുകുന്ദൻ, സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ഖ് ദർവേഷ് സാഹിബ്, എ. ഡി. ജി. പി ആംഡ് പോലീസ് ബറ്റാലിയൻ എം. ആർ അജിത് കുമാർ, ആംഡ് പോലീസ് ബറ്റാലിയൻ ഡി. ഐ. ജിയുടെ അധിക ചുമതലയുള്ള ജി ജയദേവ്, കെ. എ. പി 2 ബറ്റാലിയൻ കമാണ്ടന്റ് ആർ രാജേഷ്, കെ. എ. പി 4 ബറ്റാലിയൻ കമാണ്ടന്റ് അരുൺ കെ. പവിത്രൻ എന്നിവരും മറ്റ് ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു.
2023 നവംബറിൽ പരിശീലനം ആരംഭിച്ച കെ. എ. പി നാലാം ബറ്റാലിയനിലെ 162,കെ. എ. പി രണ്ടാം ബറ്റാലിയനിലെ 152 സേനാംഗങ്ങൾ ഉൾപ്പെടെ ആകെ 314 പോലീസുകാരാണ് കെ. എ. പി നാലാം ബറ്റാലിയൻ പരേഡ് ഗ്രൗണ്ടിൽ പാസ്സിംഗ് ഔട്ട് പരേഡിൽ അണിനിരന്നത്. കെ. എ. പി നാലാം ബറ്റാലിയനിൽ നിന്നും പരിശീലനം കഴിഞ്ഞ പോലീസുകാരുടെ 32-ാമത് ബാച്ചും, കെ. എ. പി രണ്ടാം ബറ്റാലിയനിൽ നിന്നും ട്രെയിനിംഗ് കഴിഞ്ഞ പോലീസുകാരുടെ 31-ാമത് ബാച്ചുമാണിത്. ഇവരിൽ ഒരു പി. എച്ച്. ഡി ക്കാരനും, 20 ബിരുദാനന്തര ബിരുദധാരികളും, രണ്ട് എം. ടെക്ക് കാരും, അഞ്ച് എം. ബി. എ ക്കാരും, 31 ബി. ടെക്ക് കാരും, 154 ബിരുദധാരികളും, ഒരു ബി. എഡ് ബിരുദം, 75 പ്ലസ്ടുക്കാരും, 25 ഡിപ്ലോമ/ഐ. ടി. ഐ. വിദ്യാഭ്യാസ യോഗ്യതയുള്ളവരുമാണ്. 

പാസ്സിംഗ് ഔട്ട് പരേഡ് നയിച്ചത് കെ. എ. പി നാലാം ബറ്റാലിയനിലെ അഖിൽ കുമാർ എം, സെക്കന്റ് ഇൻ കമാണ്ടർ കെ. എ. പി രണ്ടാം ബറ്റാലിയനിലെ വിഷ്ണു മണികണ്ഠൻ എന്നിവരായായിരുന്നു. പരിശീലന കാലയളവിൽ മികച്ച പ്രകടനം കാഴ്ചവച്ചവർക്ക് മൊമെന്റോ നൽകി. സമ്മാനം നേടിയവർ: കെ. എ. പി നാലാം ബറ്റാലിയൻ‑ബെസ്റ്റ് ഷൂട്ടർ: അഷിൻ ടി ടി കെ, ബെസ്റ്റ് ഇൻഡോർ: ക്രിസ്റ്റി തോമസ് കെ, ഓൾ റൗണ്ടർ: അഖിൽ കുമാർ എം, ബെസ്റ്റ് ഔട്ട്ഡോർ: അഹമ്മദ് ഷബാദ് കെ
കെ. എ. പി രണ്ടാം ബറ്റാലിയൻ ബെസ്റ്റ് ഷൂട്ടർ സുമൻ എസ്, ബെസ്റ്റ് ഇൻഡോർ: മുഹമ്മദ് ഷാനു ബി, ബെസ്റ്റ് ഔട്ട്ഡോർ: ആദർശ് പി ആർ, ഓൾ റൗണ്ടർ: വിഷ്ണു മണികണ്ഠൻ ചടങ്ങിൽ 1996 ട്രെയിനിങ് ബാച്ചിലെ പൊലീസ് ഉദ്യോഗസ്ഥർ ഒരു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.