October 2, 2022 Sunday

ഓൺലൈൻ ക്ലാസുകളിൽ കുട്ടികൾ പങ്കെടുക്കുമ്പോൾ അവിടെയെന്താണ്‌ നടക്കുന്നതെന്ന് രക്ഷിതാക്കളും ശ്രദ്ധിക്കണം, അല്ലെങ്കിൽ: മുന്നറിയിപ്പുമായി പോലീസ്‌

Janayugom Webdesk
തിരുവനന്തപുരം
June 14, 2021 5:32 pm

ഓണ്‍ലൈന്‍ ക്ലാസുകള്‍ നടക്കുന്ന സന്ദര്‍ഭത്തില്‍ സൈബര്‍ ബുള്ളിയിങ്ങ് അഥവാ ഇന്റര്‍നെറ്റ് വഴിയുള്ള ഭീഷണികള്‍ കരുതിയിരിക്കണമെന്ന് കേരളാ പൊലീസ്. ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് കേരളാ പൊലീസ് ആളുകള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കുന്ന എല്ലാ കുട്ടികള്‍ക്കും സൈബറിടങ്ങളുടെ നല്ലതും ചീത്തയുമായ വശങ്ങളെ കുറിച്ച് രക്ഷിതാക്കള്‍ പറഞ്ഞുകൊടുക്കണമെന്നും പൊലീസ് പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

വാവിട്ട വാക്കും കൈവിട്ട കമന്റും തിരിച്ചെടുക്കാനാവില്ല…

ഓർക്കണം.…

കമ്പ്യൂട്ടറുകൾ, ലാപ്‌ടോപ്പുകൾ, സ്മാർട്ഫോണുകൾ മുതലായ ഡിജിറ്റൽ ഉപകരണങ്ങൾ വഴി നടത്തുന്ന ഉപദ്രവമോ , ഭീഷണിപ്പെടുത്തലോ നിർവചിക്കാൻ ഉപയോഗിക്കുന്ന ഒരു പദമാണ് സൈബർ ബുള്ളിയിങ്. ഓൺലൈൻ പ്ലാറ്റ്ഫോമുകളിലെ വിദ്വേഷകരമായ അഭിപ്രായങ്ങളിലൂടെയോ അല്ലെങ്കിൽ സന്ദേശമയക്കലിലൂടെയോ അപമാനം ഉണ്ടാക്കുന്നതുപോലുള്ള വിവിധതരം കുറ്റകൃത്യങ്ങൾ സൈബർ ബുള്ളിയിങ്ങിൽ ഉൾപ്പെടുന്നു. സൈബർ ഇടങ്ങളിലെ അതിക്രമങ്ങൾ മുറിവേൽപ്പിക്കുന്നത് മനസുകളെയാണ്.

കുട്ടികളും സ്ത്രീകളുമാണ് സൈബര്‍ ബുള്ളിയിങ്ങിന്റെ ഇരകളിലധികവും. കോവിഡ് കാലത്ത് ഓൺലൈൻ ഉപയോഗം കൂടിയതോടെ സൈബർ ബുള്ളിയിങ്ങിന് ഇരയാകുന്ന കുട്ടികളുടെ എണ്ണം വർധിച്ചു. ഓൺലൈൻ ഉപയോഗത്തെക്കുറിച്ചും അതിലെ കെണികളെ കുറിച്ചും കുട്ടികൾക്ക് മാർഗനിർദേശം നൽകുക, എന്തു പ്രശ്നവും രക്ഷിതാക്കളുമായി ചർച്ച ചെയ്യാനുള്ള സ്വാതന്ത്ര്യം നൽകുക, പേരന്റൽ കൺട്രോൾ സംവിധാനങ്ങളിലൂടെ ഓൺലൈൻ ഉപയോഗം നിയന്ത്രിക്കുക, നിശ്ചിത സമയം നിജപ്പെടുത്തുക എന്നിവയിലൂടെ കുട്ടികളെ നിയന്ത്രിക്കാനാകും.

ഓൺലൈൻ ക്ലാസുകൾ നടക്കുന്ന സന്ദർഭത്തിൽ സൈബർ ബുള്ളിയിങ്ങ് പോലെയുള്ള പെരുമാറ്റ വൈകല്യങ്ങളും മാനസിക ബുദ്ധിമുട്ടുകളും ഒഴിവാക്കാനുള്ള പദ്ധതികളും അറിവും അധ്യാപകരും മാതാപിതാക്കളും ആവിഷ്‌കരിക്കേണ്ടതുണ്ട്. ഓൺലൈൻ ലോകത്തെ കുറിച്ചുള്ള ശരിയായ അറിവ് മക്കൾക്കുണ്ടാക്കിക്കൊടുക്കുക എന്നത് വളരെ പ്രധാനമാണ്. ഓൺലൈനിലെ തെറ്റും ശരിയും തിരിച്ചറിയാനുള്ള പക്വതയും നിശ്ചയദാർഢ്യത്തോടെ പ്രശ്‌നങ്ങളെ നേരിടാനുള്ള ആർജവവും ചതിക്കുഴികളെ കുറിച്ചുള്ള അവബോധവും കുട്ടികൾക്കു പകരണം. മാതാപിതാക്കളും അധ്യാപകരും ഇതിനവരെ പ്രാപ്തരാക്കണം.

ഇന്റർനെറ്റും ഡിജിറ്റൽ സാങ്കേതിക വിദ്യകളും ഫലപ്രദമായി ഉപയോഗിക്കുകയും അത് സമൂഹത്തിനുവേണ്ടി നല്ല രീതിയിൽ വിനിയോഗിക്കുകയും ചെയ്യുന്ന വ്യക്തിയാണ് നല്ലൊരു ഡിജിറ്റൽ സിറ്റിസണെന്ന്‌ കുട്ടികളെ പഠിപ്പിക്കുക.

Sum­ma­ry: Ker­ala police issues alert to par­ents on online class

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.