കോവിഡ് പ്രതിരോധത്തിന് ത്രീ ലയര്‍ ആക്ഷന്‍ പ്ലാന്‍ നടപ്പാക്കാനൊരുങ്ങി കേരള പൊലീസ്

Web Desk

തിരുവനന്തപുരം

Posted on August 04, 2020, 2:39 pm

സംസ്ഥാനത്തെ കോവിഡ് പ്രതിരോധത്തിന് ആക്ഷൻ പ്ലാന്‍ തയ്യാറെന്ന് നോഡല്‍ ഓഫീസര്‍ ഐജി വിജയ് സാക്കറെ. ത്രീ ലയര്‍ ആക്ഷൻ പ്ലാനാണ് നടപ്പിലാക്കുക. 14 ദിവസത്തിനകം കോവിഡ് വ്യാപനം നിയന്ത്രിക്കുകയാണ് ലക്ഷ്യമിടുന്നതെന്നും സാഖറെ പറഞ്ഞു. കണ്ടയ്ൻമെന്റ് സോണുകളില്‍ കര്‍ശനമായ ട്രിപ്പിള്‍ ലോക്ഡൗണ്‍ ആവശ്യമാണ്. ഇത് തുടര്‍ന്നും നടപ്പിലാക്കുമെന്ന് അദ്ദേഹം പറഞ്ഞു. കര്‍ശനമായ രീതിയില്‍ ലോക്ഡൗണ്‍ തുടര്‍ന്നില്ലെങ്കില്‍ അത് രോഗ വ്യാപനത്തിന് കാരണമാകുമെന്നും അദ്ദേഹം വ്യക്തമാക്കി. നിരവധി രോഗബാധിതര്‍ താമസിക്കുന്ന കണ്ടെയ്ൻമെന്റ് സോണുകളില്‍ നിന്ന് രോഗം മറ്റുളളവരിലേക്ക് സമ്പര്‍ക്കത്തിലൂടെ പകരുന്നത് തടയുക എന്നത് പരമപ്രധാനമാണ്.

ക്വാറന്റീനില്‍ കഴിയുന്നവര്‍ വീടുകളില്‍ നിന്ന് പുറത്തിറങ്ങുന്നില്ലെന്ന് ഉറപ്പാക്കും. ഇതിന് വേണ്ടി പൊലീസ് സേനയ്ക്ക് പുറമേ, സാങ്കേതിക വിദ്യയുടെ സഹായം കൂടി ഉപയോഗപ്പെടുത്തും. പൊലീസ് നിര്‍ദേശം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശനമായ നടപടി സ്വീകരിക്കും. കണ്ടെയ്ൻമെന്റ് സോണില്‍ താമസിക്കുന്നവര്‍ക്ക് വേണ്ട മരുന്നും മറ്റു ആവശ്യ വസ്തുകളും പൊലീസിന്റെയും മറ്റ് ഏജൻസികളുടെയും സഹകരണത്തോടെ വീടുകളില്‍ എത്തിക്കും. ഇതിന് വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും വിജയ് സാക്കറെ പറഞ്ഞു.

കോവിഡ് വൈറസിന്റെ ജീവിതചക്രം 14 ദിവസമാണ്. ഇതിനകം രോഗബാധിതന്റെ സമ്പര്‍ക്കത്തിലുള്ളവരെ കണ്ടെത്തി ക്വാറന്റീനില്‍ പ്രവേശിപ്പിക്കണം . ഇത് രോഗപകര്‍ച്ച തടഞ്ഞ് കോവിഡിനെ നിയന്ത്രണയ വിധേയമാകും. ജില്ലാ അതിര്‍ത്തികളിലും നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കാന്‍ ഒരുങ്ങുകയാണ്. കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ഇടങ്ങളിലേക്കുള്ള ജനങ്ങളുടെ സഞ്ചാരം നിയന്ത്രിക്കും. പുറത്തേക്കും അകത്തേക്കുമുള്ള വഴികള്‍ അടയ്ക്കും. മൂന്നാം ഘട്ടത്തിലും രോഗബാധിതരുമായി സമ്പര്‍ക്കത്തിലായവരെ വീടുകളില്‍ തന്നെ നിരീക്ഷണത്തില്‍ തുടരണം. അല്ലെങ്കില്‍ ക്വാറന്റീന്‍ കേന്ദ്രങ്ങളില്‍ തുടരുന്നത്  ഉറപ്പ് വരുത്തണമെന്ന് ഐജി വിജയ് സാക്കറെ പറഞ്ഞു.

ENGLISH SUMMARY:kerala police start­ed to take three lay­er action plan in covid
You may also like this video