Wednesday
20 Feb 2019

കേരള പ്രീമിയര്‍ ലീഗ് ഫുട്ബോള്‍ ചാംപ്യന്‍ഷിന് ഇൗ മാസം 16 ന് തുടക്കം

By: Web Desk | Wednesday 5 December 2018 8:04 PM IST

കൊച്ചി: കേരള പ്രീമിയര്‍ ലീഗ് ഫുട്ബോള്‍ ചാംപ്യന്‍ഷിപ്പിന്‍റെ ആറാം പതിപ്പിന് ഇൗ മാസം 16 ന് തുടക്കമാകും. കേരള ഫുട്ബോള്‍ അസോസിയേഷന്‍ (കെ എഫ് എ) പ്രസിഡന്‍റ് കെ എം ഐ മേത്തര്‍ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം പറഞ്ഞത്.

ഹോം ആന്‍റ് എവേ അടിസ്ഥാനത്തില്‍ നടക്കുന്ന കേരളാ പ്രീമിയര്‍ ലീഗിന്‍റെ ടൈറ്റില്‍ സ്‌പോണ്‍സര്‍ റാംകോ സിമന്‍റ്സ് ആണ്. കേരളാ ഫുട്‌ബോള്‍ അസോസിയേഷന്‍റെ മേല്‍നോട്ടത്തിലായിരിക്കും ചാംപ്യന്‍ഷിപ്പ് നടക്കുന്നത്. സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിന്നുള്ള 11 പ്രമുഖ ടീമുകളാണ് ചാംപ്യന്‍ഷിപ്പില്‍ മാറ്റുരയ്ക്കുക. ഗ്രൂപ്പ് എ യില്‍ ആര്‍എഫ്‌സി കൊച്ചി, സാറ്റ് തിരൂര്‍, എസ് ബി ഐ തിരുവനന്തപുരം, എഫ് സി തൃശ്ശൂര്‍, കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ് സി (റിസര്‍വ്) ഇന്ത്യന്‍ നേവി എന്നീ ടീമുകള്‍ ആണുള്ളത്. ഗോകുലം എഫ് സി, കോവളം എഫ് സി, എഫ് സി കേരള, ക്വാര്‍ട്‌സ് എഫ് സി, ഗോള്‍ഡന്‍ ത്രെഡ് എഫ് സി എന്നീ ടീമുകള്‍ ഗ്രൂപ്പ് ബിയില്‍ ഉള്‍പ്പെടുന്നു. വിജയികള്‍ക്ക് മൂന്നുലക്ഷം രൂപയും ട്രോഫിയും റണ്ണേഴ്‌സ് അപ്പിന് ഒന്നരലക്ഷം രൂപയും ആണ് സമ്മാനം.

16 ന് വൈകിട്ട് 6.30 ന് മഹാരാജാസ് കോളജ് ഫ്ളഡ് ലിറ്റ് ഗ്രൗണ്ടില്‍ നടക്കുന്ന ഉദ്ഘാടന മല്‍സരത്തില്‍ ആര്‍ എഫ് സി കൊച്ചിയും കേരളാ ബ്ലാസ്‌റ്റേഴ്‌സ് (റിസര്‍വ്) തമ്മില്‍ ഏറ്റുമുട്ടുമെന്നും കെഎം ഐ മേത്തര്‍ പറഞ്ഞു. ഒമ്പതു വേദികളിലായിട്ടാണ് മല്‍സരം നടക്കുന്നത്. മഹാരാജാസ് കോളജ് ഫ്ളഡ് ലിറ്റ് ഗ്രൗണ്ട് കൂടാതെ തിരുവനന്തപുരം പൊലീസ് സ്‌റ്റേഡിയം, തിരൂര്‍ രാജീവ് ഗാന്ധി സ്‌റ്റേഡിയം, എറണാകുളം പനമ്പിള്ളി നഗര്‍ സ്‌റ്റേഡിയം, തൃശൂര്‍ കോര്‍പറേഷന്‍ സ്‌റ്റേഡിയം, തിരുവനന്തപരും കാര്യവട്ടം എല്‍എന്‍സിപിഇ സ്‌റ്റേഡിയം, എറണാകുളം അംബേദ്കര്‍ സ്‌റ്റേഡിയം, മലപ്പുറം കോട്ടപ്പടി സ്‌റ്റേഡിയം, കോഴിക്കാട് ഇഎംഎസ് സ്‌റ്റേഡിയം എന്നിവയാണ് മല്‍സരം നടക്കുന്ന മറ്റു സ്ഥലങ്ങള്‍. പ്രീമയിര്‍ ലീഗ് ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പില്‍ കഴിഞ്ഞ തവണയുണ്ടായിരുന്ന കേരള പൊലീസ്, കൊച്ചിന്‍ പോര്‍ട് ട്രസ്റ്റ്, സെന്‍ട്രല്‍ എക്‌സൈസ് എന്നീ ടീമുകള്‍ വിവിധ കാരണങ്ങളാല്‍ ഇത്തവ ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നില്ലെന്നും അടുത്ത തവണ ഇവര്‍ ഉണ്ടായിരിക്കുമെന്ന് അറിയിച്ചിട്ടുണ്ടെന്നും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്ത കെഎഫ്എ ജനറല്‍ സെക്രട്ടറി പി അനില്‍കുമാര്‍ പറഞ്ഞു.

2014 മെയ് മാസത്തിലാണ് പ്രഥമ കെ പി എ എല്‍ അരങ്ങേറിയത്. കോട്ടയം നെഹ്‌റു സ്‌റ്റേഡിയത്തിലും കോഴിക്കോട് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സ്‌റ്റേഡിയത്തിലും നടന്ന മല്‍സരങ്ങളില്‍ എറണാകുളം ഈഗിള്‍സ് എഫ് സി വിജയികളായി. തിരുവനന്തപുരം ഏജീസ് ആയിരുന്നു റണ്ണേഴ്‌സ് അപ്പ്. 2015 ല്‍ വയനാട് അരപ്പറ്റയില്‍ എട്ട് ടീമൂകള്‍ പങ്കെടുത്ത കെ പി എല്ലിന്റെ രണ്ടാം പതിപ്പില്‍, തിരുവനന്തപുരം എസ് ബി ടി ജേതാക്കളും കേരള പൊലീസ് റണ്ണേഴ്‌സ് അപ്പുമായി. മൂന്നാംപതിപ്പ് എറണാകുളം മൂവാറ്റുപുഴയിലാണ് നടന്നത്. എട്ട് ടീമുകള്‍ പങ്കെടുത്തു. തിരുവനന്തപുരം എസ് ബി ടി വിജയികളായപ്പോള്‍ സെന്‍ട്രല്‍ എക്‌സൈസ് കൊച്ചി ആയിരുന്നു രണ്ടാം സ്ഥാനക്കാര്‍. നാലാമത് പതിപ്പില്‍ 10 ടീമുകള്‍ പങ്കെടുത്തു. കെ എസ് ഇ ബി ആയിരുന്നു ജേതാക്കള്‍. എഫ് സി തൃശ്ശൂര്‍, റണ്ണേഴ്‌സ് അപ്പായി. അഞ്ചാം പതിപ്പില്‍ ഗോകുലം എഫ് സി ജേതാക്കളായി ക്വാര്‍ട്‌സ് എഫ് സിയായിരുന്നു റണ്ണര്‍ അപ്പ്.

നിരവധി വര്‍ഷങ്ങളായി ഫുട്‌ബോളിന് പൂര്‍ണ്ണ പിന്തുണ നല്‍കി റാംകോ സിമന്റ്‌സ് സജീവമായി രംഗത്തുണ്ടെന്ന് റാംകോ സിമന്റ്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ എ വി ധര്‍മ്മകൃഷ്ണന്‍ പറഞ്ഞു. ദേശീയ ടൂര്‍ണ്ണമെന്റുകള്‍ക്കൊപ്പം പ്രാദേശിക ടൂര്‍ണ്ണമെന്റുകള്‍ക്കും റാംകോയുടെ സ്‌പോണ്‍സര്‍ഷിപ്പ് ഉണ്ട്. കേരള ഫുട്‌ബോളുമായുള്ള സഹകരണം തുടരുന്നതില്‍ അഭിമാനം ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു. സന്തോഷ് ട്രോഫി സ്‌പോണ്‍സര്‍ഷിപ്പ് ഒരു പുതിയ അധ്യായം ആയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. 6000 കോടി രൂപ വിറ്റുവരവുള്ള റാംകോ ഗ്രൂപ്പ് വ്യവസായ രംഗത്തെ അതികായകരാണ്. സിമന്റ് വ്യവസായത്തിനു പുറമെ, കെട്ടിട നിര്‍മ്മാണ സാമഗ്രികള്‍, സോഫ്റ്റ്‌വെയര്‍, ടെക്‌സ്‌റ്റൈല്‍സ്, ഊര്‍ജ്ജം എന്നീ മേഖലകളിലും റാംകോയ്ക്കും സാന്നിധ്യം ഉണ്ട്. റാംകോ എക്‌സിക്യൂട്ടീവ് പ്രസിഡന്റ്, മാര്‍ക്കറ്റിങ്ങ് ബാലാജി കെ മൂര്‍ത്തി, ബ്രാന്‍ഡ് മാനേജ്‌മെന്റ് ജനറല്‍ മാനേജര്‍ രമേശ് ഭരത്, മാര്‍ക്കറ്റിങ്ങ് അസിസ്റ്റന്റ് വൈസ് പ്രസിഡന്റ് രഞ്ജിത് ജേക്കബ് മാത്യൂസ്, എന്നിവരും പത്രസമ്മേളത്തില്‍ പങ്കെടുത്തു.