Web Desk

നിലമ്പൂർ

August 20, 2020, 8:54 pm

ഉദ്യോഗാർഥികൾ ഞെട്ടി… കേരള പി എസ് സി, എൽ പി, യു പി അധ്യാപക പരീക്ഷയുടെ കൺഫർമേഷൻ സന്ദേശം വന്നത് കർണാടക പിഎസ്‌സിയിൽ നിന്നും മൊബൈൽ സേവന ദാതാക്കളുടെ കുഴപ്പമാണെന്ന് പിഎസ്‌സി

Janayugom Online

നവംബറിൽ നടക്കുന്ന കേരള പിഎസ്‌സി പരീക്ഷക്ക് ഉദ്യോഗാർഥികൾക്കുള്ള മൊബൈൽ സന്ദേശം കണ്ട് പലരും അങ്കലാപ്പിലായി. എൽപി, യുപി സ്കൂൾ അധ്യാപക പരീക്ഷക്ക് തയ്യാറെടുക്കുന്ന ഭൂരിഭാഗം ഉദ്യോഗാർഥികളുടെ മൊബൈലിലേക്കും കർണാടക പിഎസ്‌സി എന്ന പേരിലാണ് പിഎസ്‌സി പരീക്ഷയുടെ കൺഫർമേഷൻ സന്ദേശം വന്നത്.

കൊവിഡ്കാലമായതിനാൽ പരീക്ഷ വൈകുമെന്ന ധാരണയിൽ കഴിയുന്ന ഉദ്യോഗാർഥികൾക്കാണ് എസ്എംഎസ് ആയി പിഎസ്‌സി വിവരം അറിയിച്ചത്. പക്ഷേ കേരള പിഎസ്‌സിക്ക് പകരം സന്ദേശം വന്നത് കർണാടക പിഎസ്‌സി എന്ന പേരിലാണ്. ഇന്ന് വൈകിട്ടോടെയാണ് പതിനായിരകണക്കിന് ഉദ്യോഗാർഥികൾക്ക് മൊബൈലിൽ എസ്എംഎസ് വന്നത്. ഈ മാസം 23 മുതൽ സെപ്റ്റംബർ 11വരെയാണ് കൺഫർമേഷൻ ചെയ്യാനുള്ള അവസരമുള്ളു. എന്നാൽ കർണാടക പിഎസ്‌സിയിൽ നിന്നുള്ളതായതിനാൽ എസ്എംഎസ് വ്യാജമാണെന്ന് കരുതി പലരും ഗൗരവത്തിലെടുത്തില്ല. സെപ്റ്റംബർ 11നു മുമ്പ് കൺഫർമേഷൻ കൊടുക്കാത്തവർക്ക് പരീക്ഷ എഴുതാൻ അനുവാദമില്ല.

2019ൽ നോട്ടിഫിക്കേഷൻ ചെയ്ത സ്കൂൾ അസിസ്റ്റന്റ് പരീക്ഷകളാണ് ഈ വരുന്ന നവംബറിൽ നടക്കുന്നത്. നവംബർ ഏഴിന് യു പി സ്കൂൾ അസിസ്റ്റന്റ് പരീക്ഷയും, 24ന് എൽ പി സ്കൂൾ അസിസ്റ്റന്റ് പരീക്ഷയും നടക്കും. ഇതു സംബന്ധിച്ച് ഉദ്യോഗാർഥികൾക്ക് സന്ദേശം വരുന്നത് അവരവരുടെ മൊബൈലുകളിലേക്കാണ്. പരീക്ഷ നടക്കുന്നതിന് രണ്ട് മാസം മുമ്പെങ്കിലും പരീക്ഷ എഴുതാൻ തയ്യാറാണെന്ന കൺഫർമേഷൻ പിഎസ്‌സിക്ക് ഉദ്യോഗാർഥികൾ നിർബന്ധമായും കൊടുക്കണം. സന്ദേശം മൊബൈലിലേക്ക് വന്നതോടെ സംശയ ദൂരീകരണത്തിന് പിഎസ്‌സി ഓഫിസുകളിൽ വിളിച്ചെങ്കിലും പലർക്കും ഫോൺ കിട്ടിയതുമില്ല. അതേസമയം ടെക്നിക്കൽ തകരാറുമൂലമാണ് ഇങ്ങനെ അബദ്ധം സംഭവിച്ചതെന്നാണ് പിഎസ്‌സി അധികൃതരുടെ വിശദീകരണം.

ഉദ്യോഗാർഥികൾക്ക് പ്രത്യേക സോഫ്റ്റ്വെയറിലൂടെ ഒന്നിച്ചാണ് എസ്എംഎസ് അയക്കുന്നത്. ചിലമൊബൈലുകളിലും മൊബൈൽ സേവനദാതാക്കളുടെ സേവനങ്ങളിലും മാത്രമാണ് ഇത്തരത്തിൽ കർണാടക പിഎസ്എസ് എന്ന് വരുന്നതെന്നും ഉദ്യോഗാർഥികൾ ആശങ്കപ്പെടേണ്ടെന്നും ശരിയായ സന്ദേശം തന്നെയാണെന്നും പിഎസ്‌സി അധികൃതർ വിശദീകരിച്ചു. സംസ്ഥാനത്ത് വിവിധ ജില്ലകളിലായി എൽ പി സ്കൂളിൽ 4000ത്തോളവും, യു പി സ്കൂളിൽ 3000ത്തോളവും അധ്യാപക ഒഴിവുകളാണ് ഉള്ളത്. എൽ പി, യു പി സ്കൂൾ അധ്യാപക തസ്തികയിലാണ് കൂടുതൽ പേർക്ക് നിയമന സാധ്യതയുണ്ട്. ഇവർക്ക് നിലവിൽ റാങ്ക് പട്ടികയുണ്ടെങ്കിലും നിയമനം സുഗമമായി നടക്കുന്നില്ലെന്ന് പരാതിയുണ്ട്. കൂടാതെ കെടെറ്റ് യോഗ്യതയുമായി ബന്ധപ്പെട്ട വിവാദങ്ങൾ കോടതിയിൽവരെയെത്തിയിരുന്നു. സിടെറ്റ്, നെറ്റ്, സെറ്റ്, എംഫിൽ, പിഎച്ച്ഡി, എംഎഡ് എന്നിവയിലേതെങ്കിലും നേടിയവരെ കെടെറ്റ് വേണമെന്ന വ്യവസ്ഥയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

you may also like this video