28 March 2024, Thursday

Related news

January 9, 2024
December 9, 2023
September 2, 2023
October 31, 2022
October 30, 2022
October 29, 2022
October 28, 2022
October 27, 2022
October 9, 2022
October 4, 2022

സംസ്ഥാനത്ത് ശക്തമായ മഴ; എന്‍ഡിആര്‍എഫും സൈന്യവും രംഗത്തേക്ക്

Janayugom Webdesk
October 16, 2021 4:46 pm

അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദത്തിന്റെ ഭാഗമായി സംസ്ഥാനത്ത് മഴ ശക്തമാവുകയാണ്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. കേരളത്തിലുട നീളം ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.സാഹചര്യത്തിന്റെ ഗൗരവം പരിഗണിച്ച് സംസ്ഥാന അടിയന്തര കാര്യനിര്‍വഹണ കേന്ദ്രം കൂടുതല്‍ സജീവമാക്കുകയും ഡാമുകളിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കെ.എസ്.ഇ.ബി, ഇറിഗേഷന്‍ വകുപ്പുകളുടെ പ്രതിനിധികളെ വിന്യസിച്ചു. ബന്ധപ്പെട്ട എല്ലാ വകുപ്പു മേധാവികളോടും ഏതു അടിയന്തര സാഹചര്യവും നേരിടാന്‍ സുസജ്ജരായിരിക്കണമെന്ന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

എന്‍.ഡി.ആര്‍.എഫിന്റെ ഓരോ ടീമുകളെ പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂര്‍, മലപ്പുറം ജില്ലകളില്‍ ഇതിനോടകം വിന്യസിച്ചിട്ടുണ്ട്. കൂടാതെ ആര്‍മിയുടെ രണ്ടു ടീമുകളില്‍ ഒരു ടീം തിരുവനന്തപുരത്തും, മറ്റേത് കോട്ടയത്തും വിന്യസിക്കാനുള്ള നിര്‍ദ്ദേശം നല്‍കി. ഇതുകൂടാതെ ഡി.എസ്.സിയുടെ ഒരു ടീം കണ്ണൂരും ഒരെണ്ണം കോഴിക്കോടും വിന്യസിക്കാന്‍ നിര്‍ദ്ദേശം നല്‍കി.എയര്‍ഫോഴ്സിനും അടിയന്തിരസാഹചര്യം നേരിടാന്‍ സജ്ജരായിരിക്കാന്‍ നിര്‍ദ്ദേശം നല്‍കി. കോട്ടയത്ത് കൂട്ടിക്കലില്‍ രക്ഷാപ്രവര്‍ത്തനത്തിനായി എയര്‍ഫോഴ്‌സിനോട് സഹായം ആവശ്യപ്പെട്ടിട്ടുണ്ട്. സന്നദ്ധ സേനയും സിവില്‍ ഡിഫെന്‍സും അടിയന്തരസാഹചര്യങ്ങള്‍ അഭിമുഖീകരിക്കാന്‍ സജ്ജമായിട്ടുണ്ട്.കേരള സംസ്ഥാന വൈദ്യുതി ബോര്‍ഡിന്റെ കീഴിലുള്ള അണക്കെട്ടുകളില്‍ പത്തനംതിട്ട ജില്ലയിലെ കക്കി, തൃശ്ശൂര്‍ ജില്ലയിലെ ഷോളയാര്‍ ‚ഇടുക്കി ജില്ലയിലെ കുണ്ടള, കല്ലാര്‍കുട്ടി എന്നീ അണക്കെട്ടുകളില്‍ രാവിലെ 11 മണിക്കുള്ള അണക്കെട്ടുകളുടെ നിരീക്ഷണ പട്ടികയില്‍ ചുവന്ന അലെര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി ജില്ലയിലെ മാട്ടുപ്പെട്ടി, തൃശ്ശൂര്‍ ജില്ലയിലെ പെരിങ്ങല്‍കുത്തു എന്നിവിടങ്ങളില്‍ ഓറഞ്ച് അലെര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

ഇറിഗേഷന്‍ വകുപ്പിന്റെ കീഴിലുള്ള അണക്കെട്ടുകളില്‍ രാവിലെ 11 മണിക്കുള്ള അണക്കെട്ടുകളുടെ നിരീക്ഷണ പട്ടികയില്‍ പാലക്കാട് ജില്ലയിലെ ചുള്ളിയാര്‍, തൃശ്ശൂര്‍ പീച്ചി എന്നിവിടങ്ങളില്‍ ചുവപ്പ് അലെര്‍ട് പ്രഖ്യാപിച്ചിട്ടുണ്ട്. തൃശ്ശൂര്‍ ജില്ലയിലെ വാഴാനി, ചിമ്മിനി, പാലക്കാട് ജില്ലയിലെ മീങ്കര, മംഗലം, മലമ്പുഴ എന്നിവിടങ്ങളില്‍ ഓറഞ്ച് അലെര്‍ട്ടും പ്രഖ്യാപിച്ചു. പാലക്കാട് ജില്ലയിലെ പോത്തുണ്ടി, തിരുവനന്തപുരം ജില്ലയിലെ നെയ്യാര്‍ എന്നിവിടങ്ങളില്‍ ആദ്യഘട്ട മുന്നറിയിപ്പായ നീലയും പുറപ്പെടുവിച്ചിട്ടുണ്ട്.അടിയന്തര സാഹചര്യങ്ങളില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി പോലീസ് സേനയെ മുഴുവനായും സജ്ജമാക്കാന്‍ നിര്‍ദ്ദേശം നല്‍കി. ജില്ലകളില്‍ സ്‌പെഷ്യല്‍ കണ്‍ട്രോള്‍ റൂം തുറക്കാന്‍ ജില്ലാ പോലീസ് മേധാവിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ജില്ലാ കളക്ടര്‍, ജില്ലാ ദുരന്തനിവാരണ അതോറിറ്റി എന്നിവരുമായി ചേര്‍ന്ന് പോലീസ് സംവിധാനം പ്രവര്‍ത്തിക്കും. മണ്ണ് ഇടിച്ചിലും വെള്ളപ്പൊക്കവും സംഭവിക്കാന്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കും. ദുരിതാശ്വാസ കേന്ദ്രങ്ങളില്‍ പ്രത്യേക പോലീസ് സുരക്ഷ ഏര്‍പ്പെടുത്താനും ജില്ലാ പോലീസ് മേധാവിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

മഴ ശക്തമാകുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ കര്‍ശനമായ ജാഗ്രത പുലര്‍ത്താനും സര്‍ക്കാര്‍ സംവിധാനങ്ങള്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ വിട്ടുവീഴ്ചയില്ലാതെ പാലിക്കാനും ശ്രദ്ധിക്കണം. അടിയന്തിര സാഹര്യങ്ങളില്‍ പൊതുജനങ്ങള്‍ക്ക് 112 എന്ന നമ്പറില്‍ ഏത് സമയവും ബന്ധപ്പെടാവുന്നതാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.