കോഴിക്കോട് പരിശീലന കേന്ദ്രത്തില്‍ അഴിമതിയും ലൈംഗിക പീഡനവും

Web Desk
Posted on February 15, 2019, 10:42 pm

കോഴിക്കോട്: എരഞ്ഞിപ്പാലത്ത് പ്രവര്‍ത്തിക്കുന്ന പ്രീ ‑റിക്രൂട്ട്‌മെന്റ് ട്രെയിനിംഗ് സെന്റര്‍ (പിആര്‍ടിസി) എന്ന സ്ഥാപനത്തിലെ അഴിമതിയും ലൈംഗിക പീഡനങ്ങളും സംബന്ധിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന ആവശ്യം ശക്തമാകുന്നു. സ്ഥാപനത്തില്‍ പഠിച്ച പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ നിരവധി പരാതികള്‍ നല്‍കിയെങ്കിലും ഇതുവരെയും ഒരു നടപടിയും ഉണ്ടായിട്ടില്ലെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.

അഭ്യസ്ത വിദ്യരും തൊഴില്‍ രഹിതരുമായ പട്ടികജാതി-പട്ടിക വര്‍ഗ വിദ്യാര്‍ഥികളെ പട്ടാളത്തിലും മറ്റു സേനകളിലും ജോലി ലഭിക്കുവാന്‍ പ്രാപ്തമാക്കുന്ന മികച്ച പരിശീലനം നല്‍കുന്ന സര്‍ക്കാര്‍ അംഗീകൃത സ്ഥാപനമെന്ന പ്രചരണവും പരസ്യവും നല്‍കിയാണ് യുവതീ യുവാക്കളെ പരിശീലന കേന്ദ്രത്തിലെത്തിക്കുന്നത്. രണ്ടുമാസമാണ് പരിശീലന കാലാവധി. ഒരു ബാച്ചില്‍ 100 മുതല്‍ 200 പേര്‍ വരെയാണുണ്ടാവുക. ത്രിതല പഞ്ചായത്തുകള്‍ വഴി പട്ടിക വിഭാഗങ്ങളുടെ വികസന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് നീക്കിവയ്ക്കുന്ന തുകയില്‍ നിന്നാണ് പ്രതിവര്‍ഷം കോടിക്കണക്കിന് രൂപ ഇതിനുവേണ്ടി വിനിയോഗിക്കുന്നത്. കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെയുള്ള ത്രിതല പഞ്ചായത്തുകളെ സ്വാധീനിച്ചുകൊണ്ടാണ് ഭീമമായ തുക ഓരോ വര്‍ഷവും തട്ടിയെടുക്കുന്നതെന്ന് ഇന്ത്യന്‍ ദളിത് ലീഗ് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് പി കെ രാധാകൃഷ്ണന്‍, ജനറല്‍ സെക്രട്ടറി പി ഭരതന്‍ തുടങ്ങിയവര്‍ പറഞ്ഞു.

പട്ടാളത്തില്‍ നിന്ന് വിരമിച്ച നവാസ്ജാന്‍, സെറീനാ നവാസ് എന്നീ ദമ്പതികളാണ് സ്ഥാപന നടത്തിപ്പുകാര്‍. നല്ല ഭക്ഷണമോ താമസ സൗകര്യമോ വിദഗ്ധ പരിശീലനമോ സ്ഥാപനത്തില്‍ നിന്ന് ലഭിക്കാത്തത് സംബന്ധിച്ച് നിരവധി പരാതികള്‍ പഠിതാക്കള്‍ ബന്ധപ്പെട്ട അധികാരികള്‍ക്ക് നല്‍കിയിട്ടുണ്ടെങ്കിലും യാതൊരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല. കോഴ്‌സ് ദൈര്‍ഘ്യം വെറും രണ്ടു മാസം മാത്രമായതിനാല്‍ വിവിധ ജില്ലകളില്‍ നിന്ന് വന്ന് ഇവിടെ താമസിച്ചു പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കോഴ്‌സ് കഴിയുന്നതോടെ പരാതി സംബന്ധിച്ച തുടര്‍ നടപടികളുമായി മുന്നോട്ട് പോകാന്‍ കഴിയില്ല. ഇത് സ്ഥാപനമുടമകള്‍ക്ക് സൗകര്യമാവുകയാണ്. സ്ഥാപനമുടമയുടെ വീടും പരിസരവും ഹോസ്റ്റലും വൃത്തിയാക്കുക, കക്കൂസും കുളിമുറിയും ശുചിയാക്കുക, പാചകവും അടുക്കളപ്പണിയും ചെയ്യുക തുടങ്ങിയ ജോലികളെല്ലാം പഠിതാക്കളെക്കൊണ്ടാണ് ചെയ്യിക്കുന്നത്. ഇതിനെ ചോദ്യം ചെയ്യുന്നവരെ മാനസികവും ശാരീരികവുമായി ഉപദ്രവിക്കുകയും കോഴ്‌സ് സര്‍ട്ടിഫിക്കറ്റ് തടഞ്ഞുവെക്കുകയും ചെയ്യാറുണ്ടെന്നും ആക്ഷേപമുണ്ട്.

നിരവധി ദളിത് പെണ്‍കുട്ടികള്‍ ഇവിടെ ലൈംഗിക അതിക്രമത്തിനും വിധേയരായിട്ടുണ്ട്. പലരും മാനഹാനി ഭയന്ന് പുറത്ത് പറയുവാന്‍ മടിക്കുകയാണ്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ഉള്‍പ്പെടെ രണ്ടു പെണ്‍കുട്ടികള്‍ പൊലീസില്‍ പരാതിപ്പെട്ടെങ്കിലും യാതൊരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല. ഒടുവില്‍ നീതിയ്ക്ക് വേണ്ടി രണ്ട് പെണ്‍കുട്ടികളും കോടതിയെ സമീപിച്ചിരിക്കുകയാണ്. തങ്ങളെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചുവെന്ന് കാട്ടിയാണ് പാലക്കാട് സ്വദേശിനികളായ പെണ്‍കുട്ടികളുടെ പരാതി. പീഡനം എതിര്‍ത്തപ്പോള്‍ സര്‍ട്ടിഫിക്കറ്റ് തരില്ലെന്നും സ്ഥാപനത്തില്‍ നിന്ന് പുറത്താക്കുമെന്നുമെല്ലാമായിരുന്നു ഭീഷണിയെന്ന് പരാതിയില്‍ പറയുന്നു. സ്ഥാപനത്തിലെ മാനസിക പീഡനത്തെക്കുറിച്ച് പാലക്കാട് സ്വദേശിയായ അയ്യപ്പന്‍, കക്കോടി സ്വദേശി സനൂപ് തുടങ്ങിയവരും പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍ സ്ഥാപന നടത്തിപ്പുകാരുടെ സ്വാധീനത്താല്‍ നടപടിയൊന്നും ഉണ്ടാവുന്നില്ലെന്ന് ഇവര്‍ വ്യക്തമാക്കുന്നു. വിഷയം മുഖ്യമന്ത്രി, പട്ടികജാതി-പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി എന്നിവരെ നേരില്‍ അറിയിക്കാനാണ് ദളിത് ഫെഡറേഷന്‍ ഉള്‍പ്പെടെയുള്ള സംഘടനകളുടെ തീരുമാനം. ത്രിതല പഞ്ചായത്ത് ഓംബുഡ്‌സ്മാന്‍, പട്ടികജാതി ഗോത്രവര്‍ഗ കമ്മിഷന്‍ എന്നിവര്‍ക്കും പരാതി നല്‍കാനൊരുങ്ങുകയാണ് ഇവര്‍.