23 January 2025, Thursday
KSFE Galaxy Chits Banner 2

കാനത്തിന്റെ സ്മരണ പുതുക്കി കേരളം

Janayugom Webdesk
കോട്ടയം/തിരുവനന്തപുരം
December 8, 2024 1:25 pm

സിപിഐ മുന്‍ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ സ്മരണ പുതുക്കി കേരളം. ജില്ലാ തലങ്ങളിലും വിപുലമായ അനുസ്മരണ സമ്മേളനങ്ങള്‍ നടന്നു. പതാക ഉയര്‍ത്തല്‍, പാർട്ടി ഓഫിസുകൾ അലങ്കരിക്കല്‍, ഛായാചിത്രത്തിൽ പുഷ്പാർച്ചന തുടങ്ങിയവയും വിവിധ കേന്ദ്രങ്ങളില്‍ നടന്നു.
കാനത്തിന്റെ വാഴൂരിലെ വീട്ടുമുറ്റത്തൊരുക്കിയ വേദിയില്‍ രാവിലെ നടന്ന അനുസ്മരണ സമ്മേളനം സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്തു. കാനം അന്ത്യവിശ്രമം കൊള്ളുന്ന പുളിമരച്ചുവട്ടിലെ സ്മൃതിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയോടെയായിരുന്നു ചടങ്ങുകള്‍ ആരംഭിച്ചത്. മുദ്രാവാക്യം വിളികളോടെ പ്രിയ സഖാവിന്റെ സ്മരണകളെ പ്രവര്‍ത്തകരും നേതാക്കളും നെഞ്ചോടുചേര്‍ത്തു. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ആര്‍ രാജേന്ദ്രന്‍ അധ്യക്ഷനായി. മുതിര്‍ന്ന നേതാവ് കെ ഇ ഇസ്മയില്‍, ദേശീയ എക്സിക്യൂട്ടീവ് അംഗങ്ങളായ കെ പ്രകാശ് ബാബു, കെ പി രാജേന്ദ്രന്‍, പി സന്തോഷ് കുമാര്‍, സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി പി പി സുനീര്‍, എക്സിക്യൂട്ടീവ് അംഗങ്ങളായ സി കെ ശശിധരന്‍, പി പ്രസാദ്, ജി ആര്‍ അനില്‍, കെ രാജന്‍, മന്ത്രി വി എന്‍ വാസവന്‍, ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍, ചീഫ് വിപ്പ് ഡോ. എന്‍ ജയരാജ്, സംവിധായകന്‍ വിനയന്‍, ആന്റോ ആന്റണി, എംഎല്‍എമാരായ വാഴൂര്‍ സോമന്‍, സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, സി കെ ആശ, കാനം രാജേന്ദ്രന്റെ കുടുംബാംഗങ്ങള്‍, എന്‍ അരുണ്‍, ടി ടി ജിസ് മോന്‍, ബിനീഷ് കോടിയേരി തുടങ്ങിയവര്‍ പങ്കെടുത്തു. 

ജില്ലാ സെക്രട്ടറി വി ബി ബിനു സ്വാഗതവും കാഞ്ഞിരപ്പള്ളി മണ്ഡലം സെക്രട്ടറി അഡ്വ എം എ ഷാജി കൃതജ്ഞതയും രേഖപ്പെടുത്തി.
വൈകിട്ട് കൊല്ലത്ത് അനുസ്മരണ സമ്മേളനം സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്തു. ദേശീയ എക്സിക്യൂട്ടീവ് അംഗങ്ങളായ കെ പ്രകാശ് ബാബു തിരുവനന്തപുരത്തും കെ പി രാജേന്ദ്രന്‍ തൃശൂരിലും പി സന്തോഷ് കുമാര്‍ പത്തനംതിട്ടയിലും ഉദ്ഘാടനം ചെയ്തു. സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി ഇ ചന്ദ്രശേഖരന്‍ കാഞ്ഞങ്ങാടും സി പി മുരളി കണ്ണൂരിലും കെ കെ അഷ്റാഫ് മൂന്നാറിലും മന്ത്രിമാരായ പി പ്രസാദ് ആലപ്പുഴയിലും കെ രാജന്‍ എറണാകുളത്തും പാലക്കാട് സുനില്‍ പി ഇളയിടവും ഉദ്ഘാടനം ചെയ്തു. 

മലപ്പുറത്ത് ആലങ്കോട് ലീലാ കൃഷ്ണനും ആലപ്പുഴയില്‍ കുരീപ്പുഴ ശ്രീകുമാറും തൃശൂരില്‍ സിപിഐ സി എന്‍ ജയദേവനും അനുസ്മരണ പ്രഭാഷണം നടത്തി. വയനാട് മൂന്ന് കേന്ദ്രങ്ങളിലാണ് അനുസ്മരണ പരിപാടികള്‍ നടന്നത്. കോഴിക്കോട് അനുസ്മരണ സമ്മേളനം ദേശീയ എക്സിക്യൂട്ടീവ് അംഗം കെ പ്രകാശ് ബാബു ഇന്ന് ഉദ്ഘാടനം ചെയ്യും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.