Thursday
23 May 2019

ജനപങ്കാളിത്തത്താല്‍ അവിസ്മരണീയമായി കേരള സംരക്ഷണ യാത്രകള്‍

By: Web Desk | Saturday 23 February 2019 10:17 PM IST


jalakam

ഫെബ്രുവരി 14ന് തിരുവനന്തപുരത്തു നിന്നും 16ന് മഞ്ചേശ്വരത്തുനിന്നും ആരംഭിച്ച കേരള സംരക്ഷണ യാത്രകള്‍ അതിന്റെ പ്രയാണം തുടരുമ്പോള്‍ എട്ട് ദിവസത്തിനുള്ളില്‍ ശ്രദ്ധയില്‍പെട്ട ചില അനുഭവങ്ങളാണ് ഈ കുറിപ്പിനാധാരം. സിപിഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനുമാണ് യഥാക്രമം യാത്രകള്‍ക്കു നേതൃത്വം കൊടുത്തുകൊണ്ടിരിക്കുന്നത്. തിരുവനന്തപുരം ജാഥയിലെ അംഗമെന്ന നിലയില്‍ എന്നെ ഏറെ അത്ഭുതപ്പെടുത്തിയത് സ്വീകരണ സമ്മേളനങ്ങളിലെ വര്‍ധിച്ച സ്ത്രീപങ്കാളിത്തമാണ്. നമ്മുടെ നാട്ടിലെ സ്ത്രീകളില്‍ ഏറിയപങ്കും വിശ്വാസികളാണ്. അവിശ്വാസികളുടെ കുടുംബങ്ങളില്‍ പോലും വിശ്വാസികള്‍ ധാരാളമുണ്ട് എന്നതാണ് ഇന്ത്യയുടെ ഒരു പ്രതേ്യകത. വിശിഷ്യാ കേരളത്തിന്റെ പ്രതേ്യകത. അതുകൊണ്ടുതന്നെ സുപ്രീം കോടതിയുടെ ശബരിമല വിധിയും തുടര്‍ന്ന് കേരള സര്‍ക്കാര്‍ സ്വീകരിച്ച നിലപാടുകളും വ്യാപകമായി ചര്‍ച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു സന്ദര്‍ഭം.

കഴിഞ്ഞ തെരഞ്ഞെടുപ്പുവേളയിലും അതിനു മുന്‍പും ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ പരോക്ഷമായി അനുകൂലിക്കുകയും പ്രത്യക്ഷമായി എതിര്‍ക്കാതിരിക്കുകയും ചെയ്തിട്ടുള്ള നിരവധി സംഘടനകള്‍ നാമജപഘോഷയാത്രയും മറ്റും സംഘടിപ്പിച്ച് സര്‍ക്കാരിനെതിരെ ശക്തമായ വിമര്‍ശനം തൊടുത്തുവിട്ടുകൊണ്ടിരിക്കുന്ന ഒരു കാലഘട്ടമാണിത്. വനിതാമതിലിന്റെ സംഘാടനത്തില്‍ ചില സംഘടനകള്‍ക്ക് നല്‍കിയ പരിഗണനയെക്കുറിച്ചും നല്ല വിമര്‍ശനമുണ്ടായി. ഇതെല്ലാമുണ്ടായിട്ടും മകരവിളക്ക് കഴിഞ്ഞ് കൃത്യം ഒരു മാസം കഴിഞ്ഞപ്പോള്‍ ആരംഭിച്ച യാത്രകളെ സ്വീകരിക്കാന്‍ മുന്‍പൊരിക്കലും എല്‍ഡിഎഫ് ജാഥകളെ സ്വീകരിക്കാന്‍ വന്നിട്ടില്ലാത്തവിധം സ്ത്രീപങ്കാളിത്തം-ആറ്റുകാല്‍ പൊങ്കാലദിവസവും സ്ത്രീപങ്കാളിത്തം കൂടിയതല്ലാതെ കുറഞ്ഞില്ല-ഇത്തവണ എങ്ങനെയുണ്ടായി? ഇടതുപക്ഷ സര്‍ക്കാരിന്റെ ജനപക്ഷവും സ്ത്രീപക്ഷവുമായ നിലപാടുകളെ പൊതുവില്‍ കേരളത്തിലെ സ്ത്രീകള്‍ അംഗീകരിക്കുന്നു എന്നു വ്യക്തം. ജനപക്ഷവും സ്ത്രീപക്ഷവുമായ സര്‍ക്കാര്‍ സമീപനങ്ങളെക്കാള്‍ വലുതല്ല ശബരിമലയുമായി ബന്ധപ്പെട്ട വിശ്വാസത്തിന്റെയും ആചാരത്തിന്റെയും പ്രശ്‌നങ്ങള്‍ എന്നവര്‍ തിരിച്ചറിയുന്നു എന്നതാണ് ശ്രദ്ധേയമായ ഒരു വസ്തുത.
മുന്‍പും പലപ്പോഴും ഇടതുപക്ഷ പാര്‍ട്ടികളുടെ പ്രതേ്യകമായുള്ള ജാഥകളും മുന്നണിയുടെ ജാഥകളും കേരളം കണ്ടിട്ടുണ്ട്. എന്നാല്‍ ഇത്തവണ ജനങ്ങളുടെയും മുന്നണി പ്രവര്‍ത്തകരുടെയും വര്‍ധിച്ച പങ്കാളിത്തം മാത്രമല്ല, കോടതിവിധികളെ മാനിച്ചുകൊണ്ട് ഒരു ഗതാഗത തടസവും ഉണ്ടാക്കാതെയും പൊതുനിരത്തിലെ ശബ്ദശല്യം പോലും ക്രമീകരിച്ചും എത്തുന്ന ആയിരക്കണക്കിന് ആളുകള്‍ക്കെല്ലാം പൊതുയോഗങ്ങളില്‍ പറയുന്നത് കേള്‍ക്കുവാനുള്ള അവസരം നല്‍കിക്കൊണ്ടാണ് ഈ യോഗങ്ങളെല്ലാം സംഘടിപ്പിച്ചത്. പാതയോരത്തെ പൊതുയോഗങ്ങള്‍ നിരോധിച്ച കേരള ഹൈക്കോടതിയുടെ വിധി ആദ്യനാളുകളില്‍ ചിലര്‍ക്ക് അലോസരങ്ങള്‍ സൃഷ്ടിച്ചെങ്കിലും എത്രയോ അഭികാമ്യമായിരുന്നു എന്ന് ഇപ്പോള്‍ എല്ലാവരും മനസിലാക്കിക്കാണും.

കേരള സംരക്ഷണയാത്ര തുടങ്ങിക്കഴിഞ്ഞ് ആറാം ദിവസമാണ് കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാര്‍ ആയിരം ദിനങ്ങള്‍ പൂര്‍ത്തിയാക്കിയത്. ഈ കാലയളവിലെ നേട്ടങ്ങള്‍ ജാഥാ ക്യപ്റ്റനടക്കമുള്ള ജാഥാംഗങ്ങള്‍ വിപുലമാക്കുമ്പോള്‍ സദസില്‍ നിന്നുണ്ടാകുന്ന പ്രതികരണങ്ങള്‍ മുന്നണി നേതൃത്വത്തിന് ആത്മവിശ്വാസം പകരുന്നുവെന്നു മാത്രമല്ല, ജനങ്ങള്‍ ഹര്‍ഷാരവത്തോടെ അതു സ്വീകരിക്കുകയും ചെയ്യുന്നു. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് വിവിധയിനം പെന്‍ഷനുകള്‍ 31 ലക്ഷം ജനങ്ങള്‍ക്കാണ് ലഭിച്ചുകൊണ്ടിരുന്നതെങ്കില്‍ ഇപ്പോള്‍ 51 ലക്ഷമായി അത് വര്‍ധിച്ചു. സ്‌കൂളുകള്‍ തുറന്നിട്ടും ഓണം-ക്രിസ്തുമസ് പരീക്ഷകള്‍ ആരംഭിച്ചിട്ടും മുന്‍ ഗവണ്‍മെന്റിന്റെ കാലഘട്ടത്തില്‍ പാഠപുസ്തകവിതരണം നടത്താന്‍ കഴിയാതിരുന്ന കാലയളവ് മാറി ഒരു ഒച്ചപ്പാടും ബഹളവുമില്ലാതെ എല്ലാ ക്ലാസുകളിലെയും പാഠപുസ്തകങ്ങള്‍ വിതരണം ചെയ്യാന്‍ ഈ സര്‍ക്കാരിനു കഴിഞ്ഞു. ഗവണ്‍മെന്റ് സ്‌കൂളുകളുടെയും എയ്ഡഡ് സ്‌കൂളുകളുടെയും അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുകയും സ്‌കൂളുകളും ലബോറട്ടറികളും ഹൈടെക് ആക്കുകയും ചെയ്തപ്പോള്‍ അണ്‍എയ്ഡഡ് മേഖലകളില്‍ നിന്നും പൊതുവിദ്യാഭ്യാസ മേഖലകളിലേക്ക് സ്‌കൂള്‍ കുട്ടികളുടെ ഒഴുക്ക് ഗണ്യമായി വര്‍ധിച്ചു. ആകെ മൂന്ന് ലക്ഷത്തിലധികമായി പൊതുവിദ്യാഭ്യാസ മേഖലയില്‍ എത്തിച്ചേര്‍ന്ന വിദ്യാര്‍ഥികളുടെ കണക്ക്. കഴിഞ്ഞ അധ്യയന വര്‍ഷം മാത്രം സര്‍ക്കാര്‍ എയിഡഡ് സ്‌കൂളുകളിലെ എല്‍പി വിഭാഗത്തില്‍ മാത്രം 36,399 കുട്ടികളുടെ വര്‍ധനവ് ഉണ്ടായി.
ആരോഗ്യമേഖലയില്‍ നിപാ വൈറസ് ബാധ പോലെയുള്ള പകര്‍ച്ചവ്യാധികളെ തടഞ്ഞുനിര്‍ത്താന്‍ കഴിഞ്ഞതും ഇന്ത്യയിലെ രണ്ടാമത്തെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് തിരുവനന്തപുരം ജില്ലയില്‍ ചിറയിന്‍കീഴ് മണ്ഡലത്തില്‍ ആരംഭിക്കാന്‍ കഴിഞ്ഞതും ആരോഗ്യ മേഖലയുടെ നിസ്തുലമായ നേട്ടങ്ങളില്‍പെടുന്നു.

കഴിഞ്ഞ യുഡിഎഫ് ഭരണകാലഘട്ടത്തില്‍ അവഗണിച്ച കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളെ പുനരുജ്ജീവിപ്പിച്ച് ലാഭകരമാക്കാന്‍ സര്‍ക്കാരിനു കഴിഞ്ഞു. വ്യവസായ വകുപ്പിന് കീഴിലുള്ള 14 പൊതുമേഖലാ സ്ഥാപനങ്ങള്‍ കഴിഞ്ഞ രണ്ട് വര്‍ഷം മുമ്പുവരെ നഷ്ടത്തിലായിരുന്നെങ്കില്‍ ഇപ്പോള്‍ ലാഭം 303.82 കോടി രൂപയാണ്.
ഈ വര്‍ഷം ഒരു ലക്ഷം കര്‍ഷകര്‍ക്കും ഭൂരഹിതര്‍ക്കും പട്ടയം നല്‍കണമെന്ന റവന്യൂ വകുപ്പിന്റെ ലക്ഷ്യം നേടാന്‍ കഴിഞ്ഞു എന്നു മാത്രമല്ല 1,3,651 ഉപാധിരഹിത പട്ടയം വിതരണം ചെയ്യാന്‍ സര്‍ക്കാരിനു കഴിഞ്ഞു. കാര്‍ഷിക മേഖലയില്‍ പുത്തനുണര്‍വുണ്ടാക്കാന്‍ കര്‍ഷക ക്ഷേമ – കാര്‍ഷിക വികസന വകുപ്പിന് കഴിഞ്ഞു. രണ്ട് ലക്ഷം ഹെക്ടറിനു മുകളിലേക്ക് നെല്ലുല്‍പാദനം വ്യാപിപ്പിക്കുകയും പച്ചക്കറി കൃഷിയില്‍ക്കൂടി തരിശു സ്ഥലങ്ങളെ കൃഷിയോഗ്യമാക്കി, ഈ രംഗത്ത് കേരളത്തെ സ്വയംപര്യാപ്തതയിലേക്ക് കൊണ്ടുപോകാന്‍ കഴിയുമെന്ന ആത്മവിശ്വാസവും കര്‍ഷകര്‍ക്കു പകര്‍ന്നു നല്‍കി. പാലുല്‍പാദനത്തില്‍ ദേശീയ ശരാശരി എട്ട് ശതമാനമായി നില്‍ക്കുമ്പോള്‍ 14-ാം സ്ഥാനത്തുള്ള കേരളത്തിന്റെ ശരാശരി ഉല്‍പാദനം 12 ശതമാനമാണ്. പൊതുവിതരണ രംഗത്ത് ശ്രദ്ധേയമായ നടപടികള്‍ സര്‍ക്കാര്‍ കൈക്കൊണ്ടു. തെറ്റായ വിവരങ്ങള്‍ നല്‍കി ബിപിഎല്‍ ആനുകൂല്യങ്ങള്‍ തട്ടിയെടുക്കാന്‍ ഇടയുണ്ടായിരുന്ന 15 ലക്ഷം ആളുകളെ ഒഴിവാക്കി അത്രയും യഥാര്‍ഥ ബിപിഎല്‍ വിഭാഗക്കാരെ ഉള്‍പ്പെടുത്തി. ഇങ്ങനെ പോകുന്നു ആ നേട്ടങ്ങള്‍.

ജനങ്ങള്‍ കാതുകൂര്‍പ്പിച്ചു കേട്ടുകൊണ്ടിരുന്ന മറ്റൊരു ശ്രദ്ധേയമായ പ്രസംഗഭാഗം ജാഥാ ലീഡറുടെ പ്രസംഗത്തിലുണ്ട്. അത് കാസര്‍കോട് രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല ചെയ്യപ്പെട്ട ദാരുണമായ സംഭവമാണ്. സിപിഐ(എം) സംസ്ഥാന സെക്രട്ടറി കൂടിയായ ജാഥാലീഡര്‍ ആ സംഭവത്തെ അപലപിക്കുകയും പ്രതികള്‍ക്കാര്‍ക്കെങ്കിലും പാര്‍ട്ടിയുമായി ബന്ധമുണ്ടെങ്കില്‍ അവരെ സിപിഐ(എം)ല്‍ വച്ചുപൊറുപ്പിക്കുകയില്ലായെന്ന് തൊട്ടടുത്ത ദിവസം തന്നെ വളരെ ആത്മാര്‍ഥതയോടെ പറയുകയും ചെയ്യുമ്പോള്‍ എല്ലാവരും അത് ശ്രദ്ധിക്കുന്നു. കൊലപാതക രാഷ്ട്രീയം കേരളത്തിന്റെ സമാധാനാന്തരീക്ഷത്തിന് യോജിച്ചതല്ലായെന്ന് അര്‍ഥശങ്കയ്ക്കിടയില്ലാതെ ജാഥാ ലീഡര്‍ വ്യക്തമാക്കുന്നുണ്ട്. മുഖ്യമന്ത്രി തള്ളിപ്പറഞ്ഞപ്പോള്‍ സമാധാനത്തിന്റേതായ ഒരു ദിശാമാറ്റം സുവ്യക്തമാകുന്നു.
തെക്കന്‍ മേഖലാജാഥ ആരംഭിച്ച ദിവസമാണ് കശ്മീരിലെ പുല്‍വാമയില്‍ 40 ജവാന്‍മാര്‍ ചാവേറാക്രമണത്തില്‍ വീരമൃത്യു അടഞ്ഞത്. പിറ്റേദിവസം സ്വീകരണയോഗങ്ങള്‍ ആരംഭിച്ചത് ആ ധീര ജവാന്‍മാര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ടാണ്. അവരുടെ ഓര്‍മകള്‍ക്കു മുമ്പില്‍ ഒരു നിമിഷം വേദിയും സദസും ഒരുപോലെ എഴുന്നേറ്റുനിന്ന് മൗനമായി ആദരവ് പ്രകടിപ്പിച്ചു. സൈനികരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതില്‍ കേന്ദ്ര ഗവണ്‍മെന്റ് കാണിക്കുന്ന അവഗണനാ മനോഭാവവും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു.

മോഡി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ വിശകലനം ചെയ്തുകൊണ്ട് കാര്‍ഷിക-വ്യാവസായിക മേഖലകളില്‍ രാജ്യം നേരിട്ട തകര്‍ച്ചയും തളര്‍ച്ചയും ഇന്ത്യന്‍ സമ്പദ്ഘടന പുറകോട്ടുപോയതും വസ്തുതകള്‍ നിരത്തി ജനങ്ങളെ ബോധ്യപ്പെടുത്താന്‍ കഴിയുന്നു എന്നതാണ് മറ്റൊരു പ്രതേ്യകത. പ്രധാനമന്ത്രി നേരിട്ടു നടത്തിയ റഫാല്‍ യുദ്ധവിമാന അഴിമതിയും ഹിന്ദു മഹാസഭാംഗങ്ങള്‍ക്ക് ഗാന്ധിവധം പുനരാവിഷ്‌കരിക്കാന്‍ ധൈര്യം പകര്‍ന്നതും ആള്‍ക്കൂട്ടക്കൊലകളില്‍ക്കൂടി പട്ടികജാതി വര്‍ഗ ജനവിഭാഗങ്ങളെയും മതന്യൂനപക്ഷ വിഭാഗങ്ങളെയും ഭീതിയിലേക്ക് തള്ളിവിടുന്നതും ജനങ്ങളെ ഇരുത്തി ചിന്തിപ്പിക്കുന്നു. ഇന്ത്യന്‍ മതേതരത്വവും ജനാധിപത്യവും എല്ലാത്തിനുമുപരി ഇന്ത്യന്‍ ഭരണഘടനയും സംരക്ഷിക്കുവാനുള്ള പോരാട്ടമായി ആസന്നമായ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനെ കാണണമെന്ന ആഹ്വാനവും യാത്ര ജനങ്ങള്‍ക്ക് നല്‍കുന്നു.
മറ്റൊരു പ്രതേ്യകത ലീഡറെ കൂടാതെ എല്‍ഡിഎഫിന്റെ പത്ത് ഘടകകക്ഷികളുടെ പ്രതിനിധികള്‍ ഈ യാത്രയില്‍ പങ്കെടുക്കുന്നു. പതിനൊന്നംഗ എല്‍ഡിഎഫ് യാത്ര ഒരു പുതിയ അനുഭവമാണ്. ഓരോ സ്വീകരണ യോഗങ്ങളും ഒന്നിനൊന്ന് മെച്ചപ്പെട്ടതാകുമ്പോള്‍ ഏതാണ് ഏറെ മെച്ചം എന്നു വിലയിരുത്താന്‍ കഴിയാത്ത തരത്തില്‍ ജനപങ്കാളിത്തംകൊണ്ട് അവിസ്മരണീയമായി മാറിക്കൊണ്ടിരിക്കുകയാണ് ഈ യാത്രകള്‍.