19 March 2024, Tuesday

ചിങ്ങം ഒന്നിന് കേരളസവാരി നിരത്തില്‍: സുരക്ഷിത യാത്ര ഇനി അംഗീകൃത നിരക്കിൽ

Janayugom Webdesk
തിരുവനന്തപുരം
July 27, 2022 11:07 pm

ചിങ്ങം ഒന്നിന് കേരളത്തിന്റെ സ്വന്തം ഓൺലൈൻ ഓട്ടോ ടാക്‌സി സർവീസായ കേരള സവാരി നിരത്തിലിറങ്ങും.
വൻകിട കമ്പനികൾക്ക് മാത്രം സാധ്യമായതെന്ന് കരുതപ്പെടുന്ന ഓൺലൈൻ ടാക്‌സി സർവീസ് മേഖലയിലേക്ക് പ്രവേശിക്കാനുള്ള സർക്കാർ തീരുമാനം തൊഴിൽരംഗത്തെ വിപ്ലവകരമായ ഇടപെടലാണെന്ന് തൊഴില്‍ മന്ത്രി വി ശിവൻകുട്ടി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. രാജ്യത്താദ്യമായാണ് ഒരു സംസ്ഥാനം ഓൺലൈൻ ടാക്‌സി സംവിധാനത്തിലേക്ക് കടക്കുന്നത്. സംസ്ഥാനത്തെ ഓട്ടോ ‑ടാക്‌സി ശൃംഖലകളെ ബന്ധിപ്പിച്ച് കൊണ്ട് സർക്കാർ നടപ്പിലാക്കുന്ന കേരളസവാരിയിൽ സുരക്ഷിതവും തർക്കരഹിതവുമായ യാത്ര അംഗീകൃത നിരക്കിൽ പൊതുജനങ്ങൾക്ക് നൽകുന്നതിനൊപ്പം മോട്ടോർ തൊഴിലാളികൾക്കും അതേ നിരക്ക് ലഭിക്കുന്നത് ഉറപ്പാക്കും. തിരുവനന്തപുരം നഗരസഭാ പരിധിയിൽ നടപ്പിലാക്കുന്ന പദ്ധതിയുടെ പ്രവർത്തനം പഠനവിധേയമാക്കി ആവശ്യമെങ്കിൽ വേണ്ട മാറ്റങ്ങൾ വരുത്തി സംസ്ഥാനത്തൊട്ടാകെ വ്യാപകമാക്കുമെന്നും മന്ത്രി പറഞ്ഞു.
പ്ലാനിങ് ബോർഡ്, ലീഗൽ മെട്രോളജി, ഗതാഗതം, ഐടി, പൊലീസ് വകുപ്പുകളുടെ സഹകരണത്തോടെ മോട്ടോർ തൊഴിലാളി ക്ഷേമനിധിബോർഡാണ് പദ്ധതി നടപ്പിലാക്കുന്നത്. പൊതുമേഖലാ സ്ഥാപനമായ പാലക്കാട്ടെ ഇന്ത്യൻ ടെലിഫോൺ ഇൻഡസ്ട്രീസാണ് പദ്ധതിക്കാവശ്യമായ സാങ്കേതിക സഹായങ്ങൾ നൽകിയത്. സർക്കാർ നിശ്ചയിച്ചിട്ടുള്ള യാത്രാ നിരക്കിലാണ് യാത്ര. മറ്റു ഓൺലൈൻ പ്ലാറ്റ്ഫോമുകളെ പോലെ നിരക്കുകളിൽ കൃത്യതയില്ലാത്ത ഏറ്റക്കുറച്ചിലുകൾ ഉണ്ടാവുകയില്ല. സർക്കാർ നിശ്ചയിച്ചിട്ടുള്ള നിരക്കിനൊപ്പം എട്ട് ശതമാനം സർവീസ് ചാർജ്ജ് മാത്രമാണ് കേരള സവാരിയിൽ ഈടാക്കുക.
തിരുവനന്തപുരം കോർപറേഷൻ പരിധിയിലെ വനിതാ ഡ്രൈവർമാരടക്കം 500 ഓട്ടോ-ടാക്സി ഡ്രൈവർമാർ പദ്ധതിയിൽ അംഗങ്ങളാണ്. ഇവർക്ക് വിവിധ വിഷയങ്ങളിൽ ബന്ധപ്പെട്ട വകുപ്പുകളിലെ ഉദ്യോഗസ്ഥർ പരിശീലനം നൽകി. കേരള സവാരിയുടെ ലോഗോ മന്ത്രി പ്രകാശനം ചെയ്തു.

സുരക്ഷയ്ക്ക് കരുതല്‍

യാത്രക്കാരുടെ സുരക്ഷയ്ക്ക് കേരളസവാരിയിൽ ഏറെ കരുതലാണ് നൽകിയിട്ടുള്ളത്. പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റുള്ള ഡ്രൈവർമാർക്ക് മാത്രമേ പദ്ധതിയിൽ അംഗമാകാനാവൂ.
കേരളസവാരി ആപ്പിൽ പാനിക് ബട്ടൺ സംവിധാനമുണ്ട്. അപകടസാഹചര്യങ്ങളിൽ ഈ ബട്ടൺ അമർത്താം. തീർത്തും സ്വകാര്യമായി ഒരാൾക്ക് അത് ചെയ്യാനാവും. ബട്ടൺ അമർത്തിയാൽ പൊലീസ്, ഫയർഫോഴ്സ്, മോട്ടോർവാഹന വകുപ്പ് എന്നീ ഓപ്ഷനുകൾ തിരഞ്ഞെടുക്കാം. സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി വാഹനങ്ങളിൽ സബ്സിഡി നിരക്കിൽ ജിപിഎസ് ഘടിപ്പിക്കുന്നതിനും തീരുമാനിച്ചിട്ടുണ്ട് ഇത് ഘട്ടംഘട്ടമായി നടപ്പിലാക്കും.

Eng­lish Sum­ma­ry: Ker­ala savaari: Safe trav­el now at approved rates

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.