17 March 2024, Sunday

ഉബര്‍ — ഒല മാതൃകയില്‍ തലസ്ഥാനത്ത് ‘കേരള സവാരി’ വരുന്നു

Janayugom Webdesk
July 18, 2022 8:24 pm

ഉബര്‍ — ഒല മാതൃകയില്‍ സര്‍ക്കാര്‍ തുടക്കമിടുന്ന ‘കേരള സവാരി’ ഓണ്‍ലൈന്‍ ടാക്സി സര്‍വീസ് ഈ മാസം അവസാനത്തോടെ തലസ്ഥാനത്തെ നിരത്തിലിറങ്ങും. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള കേരളത്തിലെ ആദ്യ ഓണ്‍ലൈന്‍ ഓട്ടോ-ടാക്സി സര്‍വീസാണ് കേരള സവാരി. തിരുവനന്തപുരം നഗരപരിധിയില്‍ നടപ്പിലാക്കുന്ന പദ്ധതി വിലയിരുത്തി സംസ്ഥാനത്താകമാനം വ്യാപിപ്പിക്കുവാനാണ് സര്‍ക്കാര്‍ തീരുമാനം.
കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ ഗതാഗതം, ഐടി, പൊലീസ്, ലീഗല്‍ മെട്രോളജി എന്നീ വകുപ്പുകളുടെ സഹകരണത്തോടെയാണ് “കേരള സവാരി പദ്ധതി” നിലവില്‍ വരുന്നത്. പദ്ധതിയിൽ ഇതിനോടകം നഗരത്തിലെ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള അഞ്ഞൂറിലേറെ ഓട്ടോ — ടാക്സി ഡ്രൈവര്‍മാര്‍ രണ്ട് ദിവസങ്ങളിലായി നടന്ന ശില്പശാലയില്‍ പരിശീലനം പൂർത്തീകരിച്ചിട്ടുണ്ട്. പദ്ധതിക്കായുള്ള ബുക്കിങ് ആപ്പും തയാറായി കഴി‍ഞ്ഞു.
വരും ദിവസങ്ങളില്‍ പ്ലേ സ്റ്റോറില്‍ എത്തുന്ന “കേരള സവാരി” മൊബൈല്‍ ആപ്പ് കുറഞ്ഞ ചെലവില്‍ രജിസ്റ്റര്‍ ചെയ്ത് പൊതുജനങ്ങള്‍ക്ക് പ്രയോജനപ്പെടുത്താം. 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന കോള്‍ സെന്ററും പദ്ധതിയുടെ ഭാഗമാണ്. വാഹനങ്ങളില്‍ അലര്‍ട്ട് ബട്ടണ്‍ ഉള്‍പ്പടെയുള്ള സുരക്ഷ സംവിധാനങ്ങളും ഉണ്ടായിരിക്കും. പൊലീസിന്റെ സ്വഭാവ സര്‍ട്ടിഫിക്കറ്റ് ലഭിച്ച ഡ്രൈവര്‍മാര്‍ മാത്രമെപദ്ധതിയില്‍ പങ്കാളികളാകുന്നുള്ളു.
സുരക്ഷിതവും തര്‍ക്കങ്ങളില്ലാത്ത സേവനവും മുന്‍നിര്‍ത്തി ഓണ്‍ലൈന്‍ ബുക്കിങ് സേവനത്തില്‍ സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള ടാക്സി നിരക്കിനൊപ്പം എട്ട് ശതമാനം സര്‍വീസ് ചാര്‍ജും ചേര്‍ത്തുള്ള തുകയായിരിക്കും യാത്രക്കാരില്‍ നിന്നും ഈടാക്കുക. സ്വകാര്യ ഓണ്‍ലൈന്‍ സര്‍വീസുകളുടേതുപോലെ തിരക്കനുസരിച്ച് നിരക്കില്‍ മാറ്റം വരുത്തില്ല.
മൊബൈല്‍ ആപ്പില്‍ കാണിക്കുന്ന പണം നല്‍കിയാല്‍ മതി. യാത്രികന്‍ നില്‍കുന്നതിന് 500 മീറ്ററിനുള്ളിലാണ് വാഹനം ഉള്ളതെങ്കില്‍ സ്ഥലത്ത് വന്ന് ആളെ കയറ്റുന്നതിന് അധികം ചാര്‍ജ് ഈടാക്കില്ല.
പൊതുമേഖല സ്ഥാപനമായ ഇന്ത്യന്‍ ടെലിഫോണ്‍ ഇന്റഡസ്ട്രീസ് ലിമിറ്റഡ്(ഐടിഐ) ആ ണ് പ്ലാറ്റ്ഫോമിന് സാങ്കേതിക സഹായം നല്‍കുന്നത്. സര്‍വീസ് ചാര്‍ജില്‍ ആറ് ശതമാനം ഐടിഐക്കും രണ്ട് ശതമാനം സര്‍ക്കാരിനുമാണ്. ഭാവിയില്‍ യാത്ര ടാക്‌സികള്‍ക്കൊപ്പം മറ്റ് തരത്തിലുള്ള സര്‍വീസ് വാഹനങ്ങളും ‘കേരള സവാരി’ യില്‍ ഉള്‍പ്പെടുത്താനാണ് സര്‍ക്കാരിന്റെ തീരുമാനം. 

Eng­lish Sum­ma­ry: ‘Ker­ala Savari’ is com­ing to the cap­i­tal on the Uber-Ola model

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.