December 11, 2023 Monday

Related news

November 24, 2023
November 3, 2023
October 9, 2023
October 7, 2023
October 3, 2023
September 24, 2023
September 21, 2023
September 9, 2023
August 28, 2023
July 9, 2023

തലസ്ഥാനത്തെ കൗമാര കലോത്സവം രണ്ടാംദിവസത്തിലേക്ക്

Janayugom Webdesk
തിരുവനന്തപുരം
November 23, 2022 9:16 am

കൗമാരകലാപ്രതിഭകളുടെ ഉത്സവം ഇന്ന് രണ്ടാം ദിവസം. അഞ്ച് ദിവസങ്ങളിലായി നടക്കുന്ന റവന്യു ജില്ലാ സ്കൂള്‍ കലോത്സവത്തില്‍ 12 ഉപജില്ലകളില്‍ നിന്നായി ഏഴായിരത്തോളം കുട്ടികളാണ് പങ്കെടുക്കുന്നത്. ഗവ.ഗേൾസ് ഹയർസെക്കൻഡറി കോട്ടൺഹിൽ, ഗവ. എൽപിഎസ് കോട്ടൺഹിൽ, ഗവ. പിപിടിടിഐ കോട്ടൺഹിൽ, വഴുതക്കാട് എസ്എസ്ഡി ശിശുവിഹാർ യുപിഎസ്, വഴുതക്കാട് കാർമൽ ഗേൾസ് എച്ച്എസ്എസ് എന്നീ സ്കൂളുകളിലായാണ് മത്സരവേദികള്‍. 26ന് കലോത്സവം സമാപിക്കും.

 

ആദ്യഫലങ്ങള്‍ പുറത്തുവന്നപ്പോള്‍ കിളിമാനൂര്‍ ഉപജില്ലയാണ് ഒന്നാമത്. ആദ്യദിനമായ ഇന്നലെ വൈകീട്ടോടെയാണ് വേദികളിൽ കർട്ടനുയർന്നത്. ഒന്നാം വേദിയിൽ തിരുവാതിര നടന്നു. യുപി വിഭാഗത്തിന്റെ തിരുവാതിരയോടെയാണ് വേദി ഉണർന്നത്. രാത്രി വൈകിയും ഹൈസ്‌കൂളിന്റേയും ഹയർസെക്കൻഡറി വിഭാഗത്തിന്റേയും തിരുവാതിര ഇതേ വേദിയിൽ നടന്നു. യുപി സ്‌കൂളിനടുത്ത ഗ്രൗണ്ട് സ്റ്റേജിൽ വഞ്ചിപ്പാട്ട് മത്സരം നടന്നു. കുട്ടനാടും വേമ്പനാട്ട് കായലിലും മാത്രം മുഴങ്ങിക്കേട്ട വഞ്ചിപ്പാട്ട് സദസിനെയും ആവേശം കൊള്ളിച്ചു. ഹൈസ്‌കൂൾ ഗ്രൗണ്ടിലും, ശിശുവിഹാർ സ്റ്റേജിലും ചെണ്ട, തായമ്പകം, പഞ്ചവാദ്യം എന്നിവ അരങ്ങേറി. അസംബ്ലി ഹാളിലെ കഥകളിയിൽ മത്സരമുണ്ടായിരുന്നില്ല.

 

ഹൈസ്‌കൂൾ, ഹയർസെക്കൻഡറി വിഭാഗത്തിൽ കിളിമാനൂർ രാജാരവിവർമ ഗേൾസ് സ്‌കൂൾ വിദ്യാർത്ഥികളുടെ ഒരു ടീം മാത്രമേയുണ്ടായിരുന്നുള്ളൂ. ഈ ഗ്രൂപ്പിന് എ ഗ്രേഡോടെ സംസ്ഥാനതലത്തിലേക്ക് യോഗ്യത ലഭിച്ചു. രചനാമത്സരങ്ങള്‍ക്കൊപ്പം അക്ഷരശ്ലോകം, കാവ്യകേളി, അറബിഗാനം, ചാക്യാർകൂത്ത്, നങ്ങ്യാർകൂത്ത്, ഗസൽ ആലാപനം എന്നിവയായിരുന്നു ആദ്യദിനത്തിലെ പ്രധാന മത്സരയിനങ്ങൾ. കോട്ടൺഹിൽ സ്‌കൂളിലെ 30 വേദികളിലായി ഇന്നലെ രാവിലെ മുതൽ രചനാ മത്സരങ്ങൾ നടന്നു. ചിത്രരചന, വിവിധ ഭാഷകളിലെ ഉപന്യാസ രചന, കവിത, കാർട്ടൂൺ എന്നീ മത്സരങ്ങളിൽ സമകാലിക വിഷയങ്ങളാണ് വിദ്യാർത്ഥികൾക്കു നൽകിയത്. ഈ മത്സരങ്ങളുടെ ഫലം അടുത്ത ദിവസം തന്നെ പ്രഖ്യാപിക്കും.

കലോത്സവവേദി മതസൗഹാര്‍ദ്ദത്തിന്റെയും സാഹോദര്യത്തിന്റെയും ഇടം: മന്ത്രി

മതസൗഹാർദ്ദത്തിന്റെയും സാഹോദര്യത്തിന്റെയും ഇടങ്ങളാണ് കലോത്സവ വേദികളെന്ന് റവന്യു ജില്ലാ സ്കൂൾ കലോത്സവം കോട്ടൺഹിൽ ഗവ. എച്ച്എസ്എസിൽ  ഉദ്ഘാടനം ചെയ്ത് മന്ത്രി ആന്റണിരാജു പറഞ്ഞു. മന്ത്രി ജി ആർ അനിൽ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി സുരേഷ് കുമാർ അധ്യക്ഷനായി. കൗൺസിലർ രാഖി രവികുമാർ, ഡിഡിഇ കൃഷ്ണകുമാർ സി സി, തുടങ്ങിയവർ പങ്കെടുത്തു.

 

ഉദ്ഘാടനത്തിന് മുന്നോടിയായി നടന്ന കലാപ്രകടനങ്ങളിൽ ജഗതി ഗവ. വിഎച്ച്എസ്എസ് ഫോർ ഡഫിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച മൈം ഷോ ഉള്‍പ്പെടെയുള്ള പരിപാടികള്‍ ഏറെ ശ്രദ്ധനേടി. ശ്രവണ സഹായി കളഞ്ഞുപോയതിനെ തുടർന്ന് നഗരസഭാ മേയർ പുതിയ ശ്രവണ സഹായി നൽകിയ രാജാജി നഗറിലെ റോഷനായിരുന്നു മൈമിന്റെ ലീഡർ. ലഹരി ഉപയോഗം കൊണ്ടുള്ള ഭവിഷ്യത്താണ് റോഷന്റെ നേതൃത്വത്തിലുള്ള എട്ടംഗസംഘം അവതരിപ്പിച്ചത്. ഇവര്‍ക്ക് മന്ത്രിമാരായ ആന്റണി രാജുവും ജിആർ അനിലും ചേര്‍ന്ന് പുരസ്കാരങ്ങൾ നൽകി.

(ചിത്രങ്ങള്‍: രാജേഷ് രാജേന്ദ്രന്‍, ദിനു പുരുഷോത്തമന്‍)

eng­lish sam­mury: thiru­vanan­tha­pu­ram dis­trict ker­ala school kalol­savam 2th day

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.