നല്ല കുറുവയരിയുടെ ചോറ്… പായസംകൂട്ടി ഇലയിലൂണും സംഗതി കുശാല്‍

Web Desk
Posted on November 29, 2019, 1:06 pm

കാഞ്ഞങ്ങാട്: നല്ല കുറുവയരിയുടെ ചോറ് പായസംകൂട്ടി ഇലയിലുണ്ണാം… അതു പഴയിടം മോഹനൻ നമ്പൂരിയുടെ രുചിപ്പെരുമയിൽ. ഇത്തവണയും കലാമാമാങ്കത്തിന് ഭക്ഷണം ഒരുക്കുന്നത് പുതിയിടം തന്നെയാണ്. നാല് ദിവസം മൂന്നുതരം പ്രഥമനും പാൽപ്പായസവുമാണ് പഴയിടത്തിന്റെ രുചിക്കൂട്ടിൽ പിറക്കുന്നത്. കാസർകോടൻ രുചിയായ ഹോളികയാണ് ഉദ്ഘാടന ദിവസം വിളമ്പിയത്. പാചകത്തിനായി മൂന്ന് ലോഡ് പാത്രങ്ങളും അമ്പതംഗ സംഘവുമായാണ് പഴയിടം കാഞ്ഞങ്ങാട്ടെത്തിയത്. കൂട്ടുകറിയും കിച്ചടിയ്ക്കുമൊപ്പം പരിപ്പ് പ്രഥമനും കൂട്ടിയാണ് ഇന്നലത്തെ സദ്യ. 30ന് മിക്സഡ് തീയലും പഴം പ്രഥമനും അവസാനദിവസം പാൽപായസവും കൂട്ടിയാണ് സദ്യ. 11.30 മുതൽ 2.30 വരെ ഉച്ചഭക്ഷണം കഴിക്കാം. വൈകീട്ട് നാലുമുതൽ ഒന്നര മണിക്കൂറാണ് വൈകുന്നേരത്തെ ചായ. പരിപ്പ് വടയും സുഹിയനും ബജിയുമാണ് കൂട്ട്. അത്താഴം രാത്രി ഏഴുമണി മുതൽ 9.30 വരെ. അവസാനദിവസം രാത്രി കാസർകോട് നിന്ന് നാട്ടിലേക്ക് തിരിച്ച് യാത്പ ചെയ്യുന്നവർക്ക്. പച്ചക്കറി ബിരിയാണിയുടെ പായ്ക്കറ്റ് നൽകും. ദിവസം 8000 പേർക്ക് പ്രഭാതഭക്ഷണവും ഉച്ചയ്ക്ക് 15,000 പേർക്കുള്ള സദ്യയുമാണ് ഒരുക്കുന്നത്. വൈകീട്ട് ചായയ്ക്ക് ആറായിരം പേരെയും രാത്രി ഭക്ഷണത്തിന് എട്ടായിരം പേരെയു പ്രതീക്ഷിക്കുന്നു. ഒരേസമയം 3,000 പേർക്ക് കഴിക്കാവുന്ന ശാലയാണ് ഒരുങ്ങിയത്. 150 പേർക്ക് ഒന്നിച്ചിരിക്കാവുന്ന 20 നിരകൾ. ഒരു ക്യാബിനിൽ വിളമ്പാൻ 15 അധ്യാപകരും അഞ്ച് വൊളന്റിയർമാരും ഉണ്ടാകും. ഭക്ഷണം വിളമ്പാൻ 1.2 ലക്ഷം ഇലകളാണ് ഇറക്കിയത്. ഹോർട്ടി കോർപിനാണ് ഇത് എത്തിക്കേണ്ട ചുമതല. ഭക്ഷണം പാകംചെയ്യാൻ വേണ്ട വെള്ളം വാട്ടർ അതോറിറ്റി ചാമുണ്ഡിക്കുന്നിലെ പ്ലാന്റിൽനിന്ന് വെള്ളം എത്തിക്കും.

ഭക്ഷണ വ്യാപാരികള്‍ക്ക് കൂച്ചുവിലങ്ങ്

കലോത്സവത്തില്‍ വിവിധ വേദികളോട് ചേര്‍ന്ന് സ്റ്റാളുകളും മിനി ഭക്ഷണശാലകളും നടത്തുന്ന ഭക്ഷണ വ്യാപാരികള്‍ ഭക്ഷ്യസുരക്ഷാ ലൈസന്‍സ്, രജിസ്‌ട്രേഷന്‍ ഇല്ലാതെ ഭക്ഷണം ഉല്‍പാദിപ്പിക്കുകയോ, വിതരണം ചെയ്യുകയോ, വില്‍പ്പന നടത്തുക ചെയ്താല്‍ അഞ്ച് ലക്ഷംരൂപ വരെ പിഴയും ആറ് മാസം വരെ തടവും ശിക്ഷയായി ലഭിക്കും. കൃത്യമായ ലേബല്‍ വിവരങ്ങള്‍ ഇല്ലാത്ത ഭക്ഷണ പായ്ക്കുകള്‍ വില്‍പന അനുവദിക്കില്ല. ലേബലില്‍ ഭക്ഷ്യവസ്തുവിന്റെ പേര്, തൂക്കം, വില തുടങ്ങിയ വിവരങ്ങള്‍ ഇല്ലാത്ത പക്ഷം മൂന്ന് ലക്ഷംരൂപ വരെ ശിക്ഷ ലഭിക്കും. ഭക്ഷണം പാചകം ചെയ്ത് വില്‍പന നടത്തുന്നവര്‍ ഗുണനിലവാരമുള്ളതും മായം ചേര്‍ക്കാത്തതുമായ അസംസ്‌കൃത വസ്തുക്കള്‍ വേണം ഉപയോഗിക്കാന്‍. പാചകത്തിനുപയോഗിക്കുന്ന വെള്ളം ശുദ്ധ ജലമാണെന്ന് പരിശോധിച്ച് ഉറപ്പുവരുത്തണം. പഴകിയതോ, കേടുവന്നതോ ആയ ഭക്ഷണസാധനങ്ങള്‍ സൂക്ഷിച്ചാല്‍ പിഴ ശിക്ഷ കൂടാതെ ലൈസന്‍സ് റദ്ദാക്കല്‍ ‚സ്ഥാപനം അടച്ചു പൂട്ടല്‍ എന്നീ നടപടികളും നേരിടേണ്ടി വരും. പരാതിയുള്ളവര്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ അറിയിക്കണം. ഭക്ഷ്യസുരക്ഷാ അസിസ്റ്റ്ന്റ് കമ്മീഷണര്‍ — 89443346194, ഫുഡ്‌സേഫ്റ്റിഓഫീസര്‍, കെ പി മുസ്തഫ- 8943346610,