25 April 2024, Thursday

Related news

June 27, 2023
May 29, 2023
May 22, 2023
December 25, 2022
November 23, 2022
October 2, 2022
September 24, 2022
August 20, 2022
August 19, 2022
May 25, 2022

സ്കൂളുകൾ നവംബർ 1ന് തുറക്കും; മാർഗരേഖ തയാറാക്കാൻ നിർദേശം

Janayugom Webdesk
തിരുവനന്തപുരം
September 18, 2021 6:27 pm

സംസ്ഥാനത്ത് ഒന്നര വര്‍ഷത്തിന് ശേഷം സ്കൂളുകള്‍ തുറക്കുന്നു. കോളജുകൾ തുറക്കുന്നതിന് പിന്നാലെ സ്കൂളുകളും തുറക്കാനാണ് സർക്കാർ തീരുമാനം. നവംബര്‍ ഒന്നു മുതല്‍ സ്കൂളുകള്‍ തുറക്കാന്‍ ഇന്നലെ ചേര്‍ന്ന കോവിഡ് അവലോകന യോഗത്തില്‍ തീരുമാനമായി. ഒന്നു മുതല്‍ ഏഴ് വരെയുള്ള പ്രൈമറി ക്ലാസുകളും 10, 12 ക്ലാസുകളും നവംബര്‍ ഒന്നു മുതല്‍ തുടങ്ങും. നവംബര്‍ 15 മുതല്‍ എല്ലാ ക്ലാസുകളും ആരംഭിക്കുന്നതിന് തയ്യാറെടുപ്പുകള്‍ നടത്താനും പതിനഞ്ച് ദിവസം മുമ്പ് മുന്നൊരുക്കങ്ങള്‍ പൂര്‍ത്തീകരിക്കാനും മുഖ്യമന്ത്രി പിണറായി വിജയന്‍ യോഗത്തില്‍ നിര്‍ദ്ദേശിച്ചു.

വിദ്യാഭ്യാസ വകുപ്പും ആരോഗ്യവകുപ്പും സംയുക്തമായി യോഗം ചേര്‍ന്ന് ആവശ്യമായ തയ്യാറെടുപ്പ് നടത്തണം. പ്രൈമറി ക്ലാസുകൾ ആദ്യം തുറക്കണമെന്നാണ് ആരോഗ്യ വിദഗ്ധരുടെ അഭിപ്രായം. വാഹനങ്ങളില്‍ കുട്ടികളെ എത്തിക്കുമ്പോള്‍ പാലിക്കേണ്ട ക്രമീകരണങ്ങള്‍ സ്കൂളുകളില്‍ ചര്‍ച്ച ചെയ്യണം. സ്കൂള്‍ ഹെല്‍ത്ത് പ്രോഗ്രാം പുനഃസ്ഥാപിക്കുന്നതിനുള്ള നടപടികളും, വിദ്യാലയങ്ങള്‍ തുറക്കുമ്പോള്‍ രോഗം പടരാതിരിക്കാനുള്ള മുന്‍കരുതലുകളും സ്വീകരിക്കണം. കുട്ടികള്‍ക്കുവേണ്ടി പ്രത്യേക മാസ്കുകള്‍ തയ്യാറാക്കണം. സ്കൂളുകളിലും മാസ്കുകള്‍ കരുതണം. രോഗപ്രതിരോധശേഷി കുറവുള്ള കുട്ടികള്‍ സ്കൂളുകളില്‍ ഹാജരാകേണ്ടതില്ലെന്ന തീരുമാനമെടുക്കുന്നതാവും ഉചിതമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.

കോവിഡ് വ്യാപനത്തെ തുടർന്ന് 2020 മാര്‍ച്ചിലാണ് സംസ്ഥാനത്ത് സ്കൂളുകൾ അടച്ചത്. പിന്നീട് ഒരു ദിവസം പോലും ക്ലാസ് നടന്നിരുന്നില്ല. ഒന്നാം തരംഗത്തിന് ശേഷവും രോഗ വ്യാപന ഭീഷണിയുടെ പശ്ചാത്തലത്തില്‍ സ്കൂളുകള്‍ തുറക്കുന്നതില്‍ അനിശ്ചിതത്വം നിലനിന്നിരുന്നു. നീണ്ട ഇടവേളയ്ക്ക് ശേഷം ഇപ്പോഴാണ് സ്കൂളുകള്‍ തുറക്കാനൊരുങ്ങുന്നത്. കഴിഞ്ഞ ദിവസം കോളജുകള്‍ ഒക്ടോബര്‍ നാലിന് തുറക്കുന്നതിനാവശ്യമായ മാര്‍ഗ നിര്‍ദ്ദേശങ്ങളുമായി സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങിയിരുന്നു. ഒക്ടോബര്‍ 18 മുതല്‍ കോളജ് തലത്തില്‍ വാക്സിനേഷന്‍ സ്വീകരിച്ച വിദ്യാര്‍ത്ഥികളുടെ എല്ലാ ക്ലാസ്സുകളും ആരംഭിക്കും.

ഡബ്ല്യൂപിആര്‍ പത്തിന് മുകളില്‍ ലോക്ഡൗണ്‍ 
പ്രതിവാര ജനസംഖ്യാനുപാത രോഗനിരക്ക് (ഡബ്ല്യൂപിആര്‍) പത്തില്‍ കൂടുതലുള്ള വാര്‍ഡുകളില്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തും. നിലവിൽ എട്ട് ശതമാനമായിരുന്നു ഇത്. ജില്ലകളില്‍ നിലവില്‍ നടത്തുന്ന സമ്പര്‍ക്കാന്വേഷണത്തിന്റെ മൂന്നോ നാലോ ഇരട്ടി ഇനി മുതല്‍ നടത്തണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. ആര്‍ആര്‍ടികള്‍, അയല്‍പക്ക സമിതികള്‍ എന്നിവരെ ഉപയോഗിച്ച് സമ്പര്‍ക്കവിലക്ക് ഉറപ്പാക്കും. അതേസമയം, ഹോട്ടലുകളിൽ ഇരുന്ന് കഴിക്കുന്നതടക്കം കൂടുതൽ ഇളവുകളെ സംബന്ധിച്ച് യോഗത്തില്‍ തീരുമാനമെടുത്തിട്ടില്ല. അടുത്ത അവലോകന യോഗം വരെ നിലവിലെ സ്ഥിതി തുടരാനാണ് തീരുമാനം.

സ്വകാര്യ ലാബുകളിലെ ആന്റിജന്‍ പരിശോധന നിര്‍ത്തലാക്കും
സംസ്ഥാനത്തെ ആദ്യ ഡോസ് വാക്സിനേഷന്‍ നിരക്ക് ലക്ഷ്യത്തിലേക്കെത്തുന്നതിനാല്‍ സ്വകാര്യ ലാബുകളിലെ ആന്റിജന്‍ പരിശോധന നിര്‍ത്തലാക്കാന്‍ തീരുമാനം.സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ അടിയന്തര ഘട്ടങ്ങളില്‍ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം മാത്രമാവും ആന്റിജന്‍ പരിശോധന നടത്തുക. രോഗലക്ഷണമില്ലാത്തവര്‍ ടെസ്റ്റിങ് നടത്തുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.മരണനിരക്ക് ഏറ്റവും അധികമുള്ള 65 വയസിനു മുകളിലുള്ളവരില്‍ വാക്സിനേഷന്‍ സ്വീകരിക്കാത്തവരെ എത്രയും വേഗം കണ്ടെത്തി വാക്സിനേഷന്‍ നല്‍കാന്‍ പ്രത്യേക ഡ്രൈവ് നടത്തും. വാക്സിനേഷന്‍ സ്വീകരിക്കാത്തവരിലാണ് മരണനിരക്ക് കൂടുതലെന്നതിനാല്‍ പൊതുബോധവല്‍ക്കരണ നടപടികള്‍ ശക്തമാക്കാനും അവലോകന യോഗത്തില്‍ തീരുമാനമായി.

ആദ്യ ഡോസ് വാക്സിനേഷൻ 90 ശതമാനത്തിലേക്ക്
സംസ്ഥാനത്തെ ആദ്യ ഡോസ് വാക്സിനേഷന്‍ 90 ശതമാനത്തിലേക്ക്. ഇനി 29 ലക്ഷത്തോളം പേർക്ക് മാത്രമേ സംസ്ഥാനത്ത് ആദ്യ ഡോസ് വാക്സിൻ നൽകാനുള്ളു. കോവിഡ് ബാധിച്ചവർക്ക് മൂന്ന് മാസം കഴിഞ്ഞ് മാത്രമേ വാക്സിൻ എടുക്കേണ്ടതുള്ളൂവെന്നതിനാൽ തന്നെ കുറച്ചുപേർ മാത്രമാണ് ഇനി ആദ്യഡോസ് വാക്സിൻ എടുക്കാനുള്ളതെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി. കേന്ദ്രസര്‍ക്കാരിന്റെ പുതുക്കിയ എസ്റ്റിമേറ്റ് ജനസംഖ്യ അനുസരിച്ച് സംസ്ഥാനത്തെ ആദ്യ ഡോസ് വാക്സിനേഷൻ 88.94 ശതമാനമായും (2,37,55,055) രണ്ടാം ഡോസ് വാക്സിനേഷൻ 36.67 ശതമാനമായും (97,94,792) ഉയർന്നു. ഒന്നും രണ്ടും ഡോസ് ഉൾപ്പെടെ ആകെ 3,35,49,847 ഡോസ് വാക്സിൻ നൽകിയിട്ടുണ്ട്. പുതിയ മാനദണ്ഡ പ്രകാരം 18 നും 44 വയസിനും ഇടയിലുള്ള ജനസംഖ്യ 1,39,26,000 ആയും 45നും 59നും ഇടയ്ക്കുള്ള ജനസംഖ്യ 69,30, 000 ആയും 60 വയസിന് മുകളിൽ 58,53,000 ആയും മാറ്റിയിട്ടുണ്ട്. സംസ്ഥാനത്തിന് 9,79,370 ഡോസ് വാക്സിൻ കൂടി ലഭ്യമായിട്ടുണ്ട്. തിരുവനന്തപുരം 3,31,610, എറണാകുളം 3,85,540, കോഴിക്കോട് 2,62,220 എന്നിങ്ങനെ ഡോസ് വാക്സിനാണ് ലഭ്യമായത്.
eng­lish summary;kerala school to be re open
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.