Wednesday
24 Jul 2019

മയക്കുമരുന്ന് കേസില്‍ കേരളം രാജ്യത്ത് രണ്ടാമത്; കരുതല്‍ വേണമെന്ന് പൊലീസും എക്‌സൈസും

By: Web Desk | Wednesday 26 June 2019 10:21 PM IST


കൊച്ചി: കഴിഞ്ഞ വര്‍ഷം പഞ്ചാബിന് പിന്നാലെ മയക്കുമരുന്നുകേസുകളില്‍ രണ്ടാം സ്ഥാനത്തെത്തിയത് കേരളം. 6615 കേസുകളിലായി 7477 പേരാണ് അറസ്റ്റ് ചെയ്യപ്പെട്ടത്. ദിനംപ്രതി 25 കേസുകളെങ്കിലും രജിസ്റ്റര്‍ ചെയ്യപ്പെടുന്നു.കേസുകളുടെ എണ്ണത്തില്‍ വര്‍ധനയുണ്ടാകുന്നതിന്റെ കാരണം 50 ഗ്രാം കഞ്ചാവ് പിടികൂടിയാലും കേസ് രജിസ്റ്റര്‍ ചെയ്യുന്നത് കൊണ്ടാണെന്ന് എക്‌സൈസ്, പൊലീസ് അധികാരികള്‍ പറയുന്നു. എല്ലാ ഏജന്‍സികളും പരമാവധി ശ്രമം നടത്തിയ ശേഷവും മയക്കുമരുന്ന് മാഫിയ പ്രവര്‍ത്തനം തുടരുകയാണ് .സമൂഹത്തിന്റെ ഉയര്‍ന്ന ശ്രേണിയിലുള്ള ആളുകളാണ് ഈ കേസുകളില്‍ കൂടുതലും പ്രവര്‍ത്തിക്കുന്നതെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു .കൊച്ചിയില്‍ മയക്കുമരുന്ന് വിതരണ രംഗത്ത് പ്രവര്‍ത്തിച്ചിരുന്ന ചെന്നൈ സംഘത്തിലെ പ്രധാനി ഈയിടെ പൊലീസ് പിടിയിലായിരുന്നു . രണ്ടുകിലോ വീതം ഹഷീഷ് ഓയിലും മെതാം ഫിറ്റമിന്‍ എന്നിവയാണ് പിടികൂടിയത് .ചെന്നെ സ്വദേശി ഇബ്രാഹിം ഷെരീഫില്‍ നിന്നാണ് മയക്കുമരുന്ന് കണ്ടെടുത്തത് .
കഞ്ചാവ് കേസിനു പുറമെ ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള മയക്കുമരുന്നും പിടികൂടിയത് കൊച്ചിയിലാണ് .മയക്കുമരുന്നായ മാക്‌സ് ജെല്ലി എക്സ്റ്റസി എന്നറിയപ്പെടുന്ന ടോപ് വേരിയന്റ് മെഥിലിന്‍ ഡയോക്‌സി മെറ്റാ ആംഫിറ്റമിനുമായി യുവാവ് പിടിയിലായി. കോഴിക്കോട്, കുറ്റിച്ചിറ ഫാന്‍സിസ് റോഡിന് സമീപം, ചെറിയ ചക്കാല തോപ്പും പാറ സിപി വീട്ടില്‍ സവാദി(27) നെയാണ് ആലുവ റയില്‍വേ സ്റ്റേഷന്‍ പരിസരത്തു നിന്നും എറണാകുളം എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് പിടികൂടിയത്. 50 ഗ്രാം മയക്കുമരുന്നാണ് ഇയാളില്‍ നിന്നും പിടികൂടിയത്. ഈ ഇനത്തില്‍പ്പെട്ട വെറും 10 ഗ്രാം മയക്ക് മരുന്ന് പോലും കൈവശം വയ്ക്കുന്നത് 20 വര്‍ഷം വരെ കഠിന തടവ് ലഭിക്കാവുന്ന കുറ്റമാണെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. മെക്‌സിക്കന്‍ ഡ്രഗ് മാഫിയ തലവന്‍ ഗുസ്മാന്റെ പേരാണ് ഡ്രഗ് മാഫിയ സംഘത്തില്‍ പിടിയിലായ സവാദിന്റെ അപരനാമം. നൂറ് കിലോ കഞ്ചാവ് കണ്ടെടുക്കുന്നതിന് തുല്യമായ ഗൗരവമുള്ള കുറ്റകൃത്യമാണിത്. ഭൂമിയിലെ ഏറ്റവും വിഷമുള്ള മാക്‌സ് ജെല്ലി ഫിഷിന്റെ പ്രതീകാത്മകമായാണ് ഈ രാസലഹരി മാക്‌സ് ജെല്ലി എക്സ്റ്റസി എന്നറിയപ്പെടുന്നത്. ഇതിന്റെ അളവും ഉപയോഗക്രമവും പാളിയാല്‍ 48 മണിക്കൂറിനുള്ളില്‍ ആളിന്റെ മരണം വരെ സംഭവിക്കുമെന്നും അത്രമേല്‍ വിഷമുള്ള മയക്കുമരുന്നാണിതെന്നും എക്‌സൈസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു.
താന്‍ വര്‍ഷങ്ങളായി ഇത്തരം സിന്തറ്റിക് ഡ്രഗ്‌സ് മാത്രമേ ഉപയോഗിക്കാറുള്ളൂവെന്നും കേസ് എടുക്കാതിരുന്നാല്‍ മൂന്ന് മണിക്കൂറിനുള്ളില്‍ 20 ലക്ഷം വരെ രൂപ നല്‍കാമെന്നും പ്രതി പറഞ്ഞതായും എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. താന്‍ പറയുന്നത് കേള്‍ക്കാതെ കേസ് എടുത്താലും തനിക്ക് ഒന്നും സംഭവിക്കില്ലെന്നും വന്‍ശക്തികള്‍ പുറകിലുള്ളതിനാല്‍ നിസാരമായി താന്‍ ഊരിപോകുമെന്ന് ഇയാള്‍ പറഞ്ഞതായും എക്‌സൈസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു. മയക്കുമരുന്ന് വില്‍പനയ്ക്കായി ടെലിഗ്രാം മെസഞ്ചര്‍ എന്ന ആപ്പ് ആണ് ഇയാള്‍ ഉപയോഗിച്ചിരുന്നത്. ഒരാഴ്ചക്കു മുന്‍പ് എംഡിഎംഎ ഗുളികകളും എല്‍എസ്ഡി സ്റ്റാമ്പുകളുമായി എറണാകുളം എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡിന്റെ പിടിയിലായ യുവാക്കളുടെ ബംഗളൂരു, ഗോവന്‍ ബന്ധങ്ങളെ കുറിച്ചുള്ള അന്വേഷണങ്ങളില്‍ ബംഗളൂരില്‍ നിന്നെത്തുന്ന എംഡിഎംഎയുടെ ഡീലര്‍ കാലിക്കറ്റ് ഗുസ്മാനാണ് എന്ന വിവരം ലഭിച്ചിരുന്നു. ഇതേ ചുറ്റിപ്പറ്റിയുള്ള അന്വേഷണമാണ് സവാദിന്റെ അറസ്റ്റിലേക്ക് എത്തിച്ചത്.
സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് നടത്തിയ പഠനങ്ങള്‍ വ്യക്തമാക്കുന്നത് 70 ശതമാനം വിദ്യാര്‍ഥികളും ലഹരിയുടെ വഴിയിലേക്ക് എത്തിപ്പെടാനുള്ള അതിഗുരുതരമായ സാഹചര്യമാണ് നിലവിലുള്ളത്, വിദ്യാലയങ്ങള്‍ ലഹരിവിമുക്തമാക്കുകയെന്ന ലക്ഷ്യത്തോടെ ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റി(ഡിഎല്‍എസ്എ)യുടെ നേതൃത്വത്തില്‍ തുടക്കം കുറിക്കുന്ന സ്‌കൂള്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പുകളുടെ ചെയര്‍മാന്‍ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജ് ഡോ. കൗസര്‍ ഇടപകത്ത് പറയുന്നു.പഞ്ചാബില്‍ കഴിഞ്ഞ വര്‍ഷം 7,869 കേസുകളിലായി 9031 പേരാണ് അറസ്റ്റിലായത്.കര്‍ണാടകത്തില്‍ 104 കേസുകളില്‍ 187 പേര്‍ മാത്രമാണ് അറസ്റ്റിലായത് .തമിഴ്‌നാട്ടില്‍ 2604 കേസുകളില്‍ 3264 പേരും ആന്ധ്രാപ്രദേശില്‍ 82 കേസുകളില്‍ 143 പേരുമാണ് അറസ്റ്റിലായത് .വിപണന ത്തിനോടും പുലര്‍ത്തുന്ന നിസ്സംഗതയാണ്അയല്‍ സംസ്ഥാനങ്ങളില്‍ കേസുകളുടെ എണ്ണത്തില്‍ കുറവ് വരാന്‍ കാരണമെന്ന് പറയുന്നു .

Related News