November 30, 2022 Wednesday

Related news

November 23, 2022
October 26, 2022
September 9, 2022
August 30, 2022
July 17, 2022
July 12, 2022
June 6, 2022
April 7, 2022
August 24, 2021
August 17, 2021

പാലുൽപ്പാദനത്തിൽ കേരളം സ്വയം പര്യാപ്തതയിൽ: മന്ത്രി കെരാജു

Janayugom Webdesk
കോഴിക്കോട്
November 26, 2020 5:50 pm

പാലുൽപ്പാദനത്തിൽ കേരളം സ്വയംപര്യാപ്തതയിലെത്തിയെന്ന് സംസ്ഥാന ക്ഷീരവികസന വകുപ്പ് മന്ത്രി കെ രാജു പറഞ്ഞു. രാജ്യത്തെ ധവളവിപ്ലവത്തിന്റെ പിതാവായ ഡോ. വർഗീസ് കുര്യന്റെ ഒരു വർഷം നീണ്ടു നിൽക്കുന്ന ജൻമശതാബ്ദി ആഘോഷങ്ങൾ വീഡിയോ കോൺഫറൻസ് വഴി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഡിസംബർ മാസത്തോടെ കേരളത്തിലാവശ്യമായ പാൽ ഇവിടെ തന്നെ ഉത്പാദിപ്പിക്കുന്ന അവസ്ഥയാകുമെന്ന് മന്ത്രി പറഞ്ഞു. ഇതു വഴി ഡോ. വർഗീസ് കുര്യൻ സ്വപ്നം കണ്ട സ്വയംപര്യാപ്തതയിലേക്ക് കേരളം കാലെടുത്തു വയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ പാലുൽപ്പാദനം ഗണ്യമായി വർധിച്ചു. സംസ്ഥാനത്തിന്റെ പുറത്ത് നിന്ന് പാൽ ഇറക്കുമതി ചെയ്യേണ്ട ആവശ്യം ഇനിയുണ്ടാകില്ല. മലബാർ മേഖലയിൽ ആവശ്യത്തിൽ കൂടുതൽ പാലുൽപാദനം നടക്കുന്നുണ്ട്. അതിനാൽ തന്നെ അധികമുള്ള പാൽ പാൽപ്പൊടിയാക്കാനായി പൊതുമേഖലയിൽ കമ്പനി ആരംഭിക്കുമെന്ന് മന്ത്രി പറഞ്ഞു. മിൽമ മലബാർ യൂണിയന്റെ കീഴിലായിരിക്കും ഈ സ്ഥാപനമെന്നും അദ്ദേഹം പറഞ്ഞു. സർക്കാരിന്റെ ഗ്യാരന്റിയോടെയാകും സ്ഥാപനം തുടങ്ങുന്നത്. നബാർഡിന്റെ സാമ്പത്തിക സഹായം, അംഗീകാരം എന്നിവ തയ്യാറായിക്കഴിഞ്ഞു. സാങ്കേതിക സഹായമടക്കമുള്ളവ നാഷണൽ ഡയറി ഡെവലപ്മന്റ് ബോർഡ് നൽകുമെന്നും മന്ത്രി പറഞ്ഞു.

ഡോ. കുര്യൻ സ്ഥാപിച്ച ആനന്ദ് മോഡൽ യഥാർത്ഥ ജനാധിപത്യ പ്രക്രിയയാണ്. രാജ്യത്തെ ക്ഷീരകർഷകർക്ക് ഭീഷണിയാകുന്ന ആർസിഇപി കരാറിൽ ഇന്ത്യ ഒപ്പു വയ്ക്കാത്തത് സ്വാഗതാർഹമാണ്. കരാറിൽ ഒപ്പു വയ്ക്കാനുള്ള എല്ലാ ശ്രമങ്ങളെയും ക്ഷീരമേഖല ഒറ്റക്കെട്ടായി എതിർക്കണമെന്നും മന്ത്രി പറഞ്ഞു.

മലയാളത്തെയും കേരളത്തെയും എന്നും നെഞ്ചോട് ചേർത്ത് പിടിച്ചിരുന്നയാളായിരുന്നു ഡോ. കുര്യനെന്ന് അദ്ദേഹത്തിന്റെ മകൾ നിർമ്മല കുര്യൻ അനുസ്മരണ പ്രഭാഷണത്തിൽ പറഞ്ഞു. മലബാർ യൂണിയൻ ആസ്ഥാനത്ത് ഡോ. കുര്യന്റെ അർധകായ പ്രതിമ അവർ അനാച്ഛാദനം ചെയ്തു. പല അന്താരാഷ്ട്ര വേദികളിലും മലയാളത്തെ അദ്ദേഹം പ്രകീർത്തിച്ചിരുന്നുവെന്ന് അവർ പറഞ്ഞു. ലോകത്തിലെ ഏറ്റവും ശ്രേഷ്ഠമായ ഭാഷയാണ് മലയാളമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നുവെന്ന് അവർ പറഞ്ഞു.

ഡോ. വർഗീസ് കുര്യന് ഭാരതരത്ന നൽകണമെന്നാവശ്യപ്പെട്ട് ഒരു ലക്ഷത്തിലധികം ക്ഷീരകർഷകർ പ്രധാനമന്ത്രിക്ക് പോസ്റ്റ് കാർഡുകളയക്കും. ഇതിന്റെ ഭാഗമായി ചടങ്ങിൽ സംബന്ധിച്ചവർ കാർഡുകൾ ഒപ്പിട്ട് പോസ്റ്റ് ബോക്സിൽ നിക്ഷേപിച്ചു. മിൽമയുടെ രൂപീകരണത്തിലൂടെ കേരളത്തിലെ ക്ഷീരകർഷകർക്ക് സ്വന്തം കാലിൽ നിൽക്കാനാവുമെന്ന് പഠിപ്പിച്ചത് ഡോ. വർഗീസ് കുര്യനാണ്. ഇന്ന് പാലുൽപാദനത്തിൽ സ്വയംപര്യാപ്തതയിലെത്തി എന്നു മാത്രമല്ല, എത്ര പാൽ ഉത്പാദിപ്പിച്ചാലും അത് സ്വീകരിക്കാൻ പാകത്തിന് മിൽമ മാറിക്കഴിഞ്ഞു. കർഷകർക്ക് യഥാർത്ഥ വില നൽകുകയെന്നതാണ് മിൽമയുടെ ലക്ഷ്യം. വിദേശത്തു നിന്ന് തൊഴിൽമതിയാക്കി തിരികെ വരുന്നവരും ചെറുകിട ക്ഷീരോത്പാദന യൂണിറ്റ് ആരംഭിക്കുന്നത് ഈ മേഖലയിലുള്ള വിശ്വാസം കൊണ്ടാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഡോ. കുര്യനോടുള്ള ആദര സൂചകമായി വ്യാഴാഴ്ച എല്ലാ മിൽമാ സഹകരണ സംഘങ്ങളിലും അദ്ദേഹത്തിന്റെ ഛായാചിത്രത്തിനു മുന്നിൽ ദീപം തെളിയിച്ചു. ഡോ. കുര്യന്റെ ജൻമശതാബ്ദിയോടനുബന്ധിച്ച് ഇന്ത്യൻ ഡയറി അസോസിയേഷൻ പുറത്തിറക്കുന്ന തപാൽ കവർ വെറ്റിനറി സർവകലാശാല വി സി ഡോ. എം ആർ ശശീന്ദ്രനാഥ് ഓൺലൈനായി പ്രകാശനം ചെയ്തു. അന്യസംസ്ഥാന പാലിനെതിരായ മിൽമയുടെ അനിമേഷൻ പ്രചാരണ ആൽബം പി എ ബാലൻ മാസ്റ്റർ പുറത്തിറക്കി. ഡോ. കുര്യൻ ജൻമശതാബ്ദി പ്രമാണിച്ച് അദ്ദേഹത്തിന്റെ ചിത്രം ആലേഖനം ചെയ്ത പ്രത്യേക പാൽ കവർ ചടങ്ങിൽ പ്രകാശനം ചെയ്തു.

മിൽമ മലബാർ യൂണിയൻ ചെയർമാൻ കെ എസ് മണി, തിരുവനന്തപുരം യൂണിയൻ ചെയർമാൻ കല്ലട രമേശ്, എറണാകുളം യൂണിയൻ ചെയർമാൻ ജോൺ തെരുവത്ത്, ഇന്ത്യൻ ഡയറി അസോസിയേഷൻ ദക്ഷിണമേഖല വൈസ് ചെയർമാൻ ഡോ. പി ഐ ഗിവർഗീസ്, എൻഡിഡിബി പ്രതിനിധി റോമി ജേക്കബ്, മിൽമ മലബാർ യൂണിയൻ എംഡി കെ എം വിജയകുമാരൻ, ഡയറി സയൻസ് കോളേജ് ഡീൻ ഡോ. പി സുധീർ ബാബു, എംഡിആർഎഫ് സിഇഒ ജോർജ്ജുകുട്ടി ജേക്കബ്, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പൈസ് റിസർച്ച് പ്രിൻസിപ്പൽ സയൻറിസ്റ്റ് ഡോ. ഇ ജയശ്രീ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

you may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.