സാമ്പത്തിക വിഹിതം വെട്ടിക്കുറച്ചും പലവിധ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയും കേന്ദ്രം കേരളത്തിന്റെ കഴുത്തിന് പിടിച്ചപ്പോഴും സംസ്ഥാനത്തെ 2024–25 സാമ്പത്തിക വർഷത്തെ ചെലവ് 1.75 ലക്ഷം കോടി കവിഞ്ഞു.
കഴിഞ്ഞ വർഷത്തേക്കാൾ മുന്നോട്ടുപോകാനായി മാർച്ചിൽ മാത്രം 26,000 കോടി രൂപയാണ് ചെലവഴിച്ചതെന്ന് കണക്കുകള്‍ ഉദ്ധരിച്ച് ധനമന്ത്രി കെ എൻ ബാലഗോപാല്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. കേന്ദ്രത്തിന്റെ വെട്ടിക്കുറയ്ക്കലുകളില്ലായിരുന്നെങ്കിൽ വാർഷിക ചെലവ് 2.25 ലക്ഷം കോടിയായിരുന്നു. വരും വർഷം ചെലവ് കേരളത്തിന്റെ സമ്പദ്‍വ്യവസ്ഥ രണ്ട് ലക്ഷം കോടി കവിയുമെന്നും മന്ത്രി വ്യക്തമാക്കി. അവസാന പ്രവൃത്തി ദിവസമായ മാർച്ച് 29 വരെയുള്ള കണക്കുകൾ വിലയിരുത്തിയാണ് ഈ നിഗമനത്തിലെത്തിയത്.
സംസ്ഥാനത്തിന്റെ ഇതുവരെയുള്ളതിൽ ഏറ്റവും ഉയർന്ന ചെലവാണിത്. കഴിഞ്ഞ മൂന്നു വർഷങ്ങളിൽ 1.60 ലക്ഷം കോടിയായിരുന്നു ശരാശരി ചെലവ്. മുൻ വർഷങ്ങളിൽ 1.15 ലക്ഷം കോടി മുതൽ 1.17 ലക്ഷം കോടി വരെയായിരുന്നു ചെലവിടല്‍. ഇതുമായെല്ലാം താരതമ്യം ചെയ്യുമ്പോൾ മെച്ചപ്പെട്ട നിലയാണ് 2024 ‑25 സാമ്പത്തിക വർഷത്തേതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
പ്രാഥമിക കണക്കുകൾ പ്രകാരം തദ്ദേശ പ്ലാനും സംസ്ഥാന പ്ലാനും ഉൾപ്പെടുന്ന സംസ്ഥാനത്തെ ആകെ പദ്ധതി ചെലവ് 92.32 ശതമാനമാണ്. ശനിയാഴ്ച വരെയുള്ള കണക്കുകൾ പ്രകാരം ഇത് 28,039 കോടി കടന്നു. ഇതിൽ സംസ്ഥാന പ്ലാനിലെ ചെലവഴിക്കൽ 85.66 ശതമാനമാണ് ( 18,705.68 കോടി ). തദ്ദേശ പദ്ധതികളിലെ ചെലവഴിക്കൽ 110 ശതമാനവും ( 9333.03 കോടി രൂപ).
കേന്ദ്രസഹായത്തോടെ പദ്ധതികളിൽ വേണ്ടത്ര മുന്നോട്ടുപോകാനായില്ല. 50 ശതമാനത്തിൽ താഴെയാണിത്. ട്രഷറികളിൽ നിന്നുള്ള ചെലവഴിക്കലിന്റെ അടിസ്ഥാനത്തിലാണ് ഈ കണക്കുകളെന്നും അതേസമയം ആസൂത്രണ വകുപ്പിന്റെ ‘പ്ലാൻ സ്പെയിസിൽ’ കണക്കുകൾ കുറവായാണ് കാണിക്കുന്നതെന്നും ഇക്കാര്യം പരിശോധിക്കുമെന്നും ധനമന്ത്രി പറഞ്ഞു. 2023 — 24ല്‍ സംസ്ഥാനത്തിന്റെ പദ്ധതിച്ചെലവ് 80. 52 ശതമാനമായിരുന്നു. തദ്ദേശ സ്ഥാപന പദ്ധതി ചെലവ് 84.7 ശതമാനവും. 2022 — 23ൽ ഇത് യഥാക്രമം 81.8 ശതമാനവും ചെലവ് 101.41 ശതമാനവുമായിരുന്നു.
തനത് നികുതി വരുമാനം 84,000 കോടി കടക്കും
സംസ്ഥാനത്തിന്റെ തനത് നികുതി വരുമാനം 84,000 കോടി കടക്കുമെന്നാണ് പ്രതീക്ഷ. പുതുക്കിയ അടങ്കലിൽ തനത് നികുതി 81,627 കോടി രൂപയാണ് കണക്കാക്കിയിരുന്നത്. നികുതിയേതര വരുമാനം മാർച്ച് 27 വരെയുള്ള അനുമാനകണക്കിൽ 15,632 കോടിയായി. അന്തിമ കണക്ക് ആവുമ്പോള്‍ ഇത് ഇനിയും വര്‍ധിക്കും. കേന്ദ്രം ബോധപൂര്‍വം പ്രതിസന്ധിയുണ്ടാക്കാൻ ശ്രമിച്ചിട്ടും കേരളം മുന്നോട്ടുപോയി. ജി എസ്‍ഡിപിയുടെ അഞ്ചു ശതമാനം വരെ കടമെടുക്കാൻ അനുവാദമുണ്ടായിരുന്നത് മൂന്ന് ശതമാനമായി കുറച്ചു.
12,000 കോടിയായിരുന്ന ജിഎസ്‍ടി നഷ്ടപരിഹാരം 2022ല്‍ അവസാനിച്ചു. കിഫ്ബിയുടെ പേരിലെ വെട്ടിക്കുറവിലൂടെ 12000 കോടിയുടെ നഷ്ടമുണ്ടായി. എല്ലാ മേഖലയിലും ബജറ്റിനേക്കാൾ അധികം തുക ലഭ്യമാക്കാനായി. ബജറ്റിൽ വകയിരുത്തലില്ലാത്ത വലിയ ബാധ്യതകളും ഏറ്റെടുക്കേണ്ടിവന്നു. ജീവനക്കാരുടെയും അധ്യാപകരുടെയും മൂന്നു ശതമാനം ഡിഎ കുടിശിക അനുവദിച്ചു. സർവീസ് പെൻഷൻകാരുടെ ഒരു ഗഡു ക്ഷാമാശ്വാസവും അനുവദിച്ചു. സർവീസ് പെൻഷൻ പരിഷ്കരണ കുടിശികയുടെ അവസാന ഗഡുവായ 600 കോടി രൂപ വിതരണം ചെയ്തു. സംസ്ഥാനത്തെ ദിവസ വേതന, കരാർ ജീവനക്കാരുടെ വേതനം അഞ്ചു ശതമാനം ഉയർത്തി. ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പള പരിഷ്കരണ കുടിശിക 50 ശതമാനം പിഎഫിൽ ലയിപ്പിച്ചു. ക്ഷേമ പെൻഷൻ കുടിശിക രണ്ടു ഗഡു വിതരണം ചെയ്തു. ബാക്കി മൂന്നു ഗഡു ഈ സാമ്പത്തിക വർഷം നൽകുമെന്നും മന്ത്രി പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.