വീണാ രാജൻ

July 30, 2020, 10:28 am

അതിജീവനത്തിന്റെ ആറ് മാസം പിന്നിട്ട് കേരളം

Janayugom Online

ചൈനയിലെ വുഹാനില്‍ പൊട്ടിപുറപ്പെട്ട കോവിഡ് മഹാമാരി കേരളക്കരയില്‍ ആധിപത്യം സ്ഥാപിച്ചിട്ട് ഇന്നേക്ക് 6 മാസം തികയുന്നു. ജനുവരി 30 ന് ഇന്ത്യയിലെ ആദ്യ കോവിഡ് കേസ് തൃശൂരില്‍ സ്ഥിരീകരിച്ചു. ഫെബ്രുവരി 2 ന് ആലപ്പുഴയിലും 3 ന് കാഞ്ഞങ്ങാട്ടും രോഗം റിപ്പോര്‍ട്ട് ചെയ്തതോടെ കോവിഡിനെ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു. പിന്നീട് കേസുകള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്യാതിരുന്നതോടെ ദുരന്ത പ്രഖ്യാപനം പിൻവലിക്കുകയും ചെയ്തു.

മാര്‍ച്ചില്‍ ഇറ്റലിയില്‍ നിന്നെത്തിയ റാന്നി സ്വദേശികളുടെ രോഗം സംസ്ഥാനത്ത് രണ്ടാം വരവ് നടത്തി. കേരളത്തിലെ ആദ്യ കോവിഡ് മരണം മാര്‍ച്ച് 28 ന് റിപ്പോര്‍ട്ട് ചെയ്തു. രോഗം സ്ഥിരീകരിക്കുന്നവരുടെ സമ്പര്‍ക്കത്തിലുളളവരെ കണ്ടെത്തി നിരീക്ഷണത്തിലാക്കിയതോട് സംസ്ഥാനത്ത് രോഗ വ്യാപനം നിയന്ത്രിക്കാൻ സാധിച്ചു.

സംസ്ഥാനത്ത് രോഗം നിയന്ത്രിച്ചു നിര്‍ത്താൻ സാധിച്ചത് ലോക രാജ്യങ്ങള്‍ക്ക് മുന്നില്‍ വലിയ മാതൃക സൃഷ്ടിച്ചു. കേരള മോഡല്‍ അന്താരാഷ്ട്ര മാധ്യമങ്ങളില്‍ വരെ ഇടം നേടി. ഇതിനിടയില്‍ പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്ത ദിവസങ്ങളും കടന്ന് പോയി.

ലോക്ഡൗൺ നിബന്ധനകൾ എടുത്തുകളഞ്ഞതിനു പിന്നാലെയാണ് സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കാൻ തുടങ്ങിയത്. കേന്ദ്രസർക്കാർ സംസ്ഥാനാന്തര യാത്രകളിലും ലോക്ഡൗണിലും ഇളവ് വരുത്തി. മെയ് മൂന്ന്‌ ആകുമ്പോഴേക്കും വ്യാപനത്തിന്റെ ഗ്രാഫ് പൂജ്യത്തിലേക്ക് താഴ്‌ത്തി എങ്കിലും ലോക്ഡൗൺ ഇളവുകൾ വന്നതോടെ വൈറസ് ബാധിതരായ ആയിരങ്ങൾ നാട്ടിലെത്തി. അവരെ ഫലപ്രദമായ ചികിത്സാ രീതികളിലൂടെ രോഗമുക്തരാക്കുന്നതിനും സമ്പര്‍ക്ക വിലക്കിലൂടെ രോഗം പിടിച്ചു നിര്‍ത്തുന്നതിനും സാധിച്ചു. എന്നാല്‍ പിന്നീട് സമ്പര്‍ക്ക രോഗികളുടെ എണ്ണം വര്‍ധിക്കുകയും രോഗ വ്യാപനത്തെ തുടര്‍ന്ന് ക്ലസ്റ്ററുകള്‍ രൂപം കൊളളുകയും ചെയ്തു.

നമ്മള്‍ ഒരു പോരാ‍ട്ടത്തിലാണ്. ജീവന്റെ വിലയുളള പോരാട്ടത്തില്‍. ഇനിയും ഒരുപാട് കടമ്പകള്‍ നമ്മുക്ക് കടക്കാനുണ്ട്. അതിനു വേണ്ടി സര്‍ക്കരിനൊപ്പം ഒറ്റക്കെട്ടായി നിന്ന് നമ്മള്‍ പ്രവര്‍ത്തിക്കണം.

ENGLISH SUMMARY: ker­ala com­plet­ed 6 months in covid battle

YOU MAY ALSO LIKE THIS VIDEO