കേരള സംസ്ഥാന ഭാഗ്യക്കുറി സുവര്‍ണ്ണ ജൂബിലി നിറവില്‍

Web Desk
Posted on February 01, 2018, 10:05 pm

ഡാലിയ ജേക്കബ്
ആലപ്പുഴ: കേരള സംസ്ഥാന ഭാഗ്യക്കുറി സുവര്‍ണ്ണ ജൂബിലി നിറവില്‍. ഇതിനോട് അനുബന്ധിച്ച് ആഘോഷങ്ങള്‍ എല്ലാ ജില്ലകളിലും നടന്നുവരികയാണ്. പ്രതീക്ഷയറ്റവര്‍ക്ക് പ്രതീക്ഷ നല്‍കുന്ന ബഹുജന പ്രസ്ഥാനമായ സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് സര്‍ക്കാര്‍ ഖജനാവിന് ഗണ്യമായ നികുതിയേതര വരുമാനമാണ് നേടിക്കൊടുക്കുന്നത്. വിധവകള്‍, വികലാംഗര്‍, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ എന്നിവര്‍ക്ക് തൊഴില്‍ നല്‍കുന്ന മുഖ്യവരുമാനമാര്‍ഗമാണ് കേരള സംസ്ഥാന ഭാഗ്യക്കുറി.
ഇന്ന് ഏകദേശം അന്‍പതിനായിരത്തോളം രജിസ്റ്റേര്‍ഡ് ഏജന്റുമാരും രണ്ടരലക്ഷത്തോളം റീട്ടെയില്‍ വില്‍പ്പനക്കാരും അടങ്ങുന്ന ബൃഹത് ശൃംഖലയാണ് കേരള സംസ്ഥാന ഭാഗ്യക്കുറി. ആലപ്പുഴയില്‍ മാത്രം അയ്യായിരത്തോളം രജിസ്റ്റേര്‍ഡ് ഏജന്‍സികളുണ്ടെന്ന് ജില്ലാ ഭാഗ്യക്കുറി ഓഫീസര്‍ ബി മുരളീധരന്‍ പറഞ്ഞു. സംസ്ഥാലത്തെ റോഡുകള്‍, പാലങ്ങള്‍, ആശുപത്രികള്‍, സ്‌കൂളുകള്‍ തുടങ്ങിയവയുടെ അടിസ്ഥാന സൗകര്യ വികസനത്തിന് പണം കണ്ടെത്തുന്നതില്‍ ഓരോ ഭാഗ്യക്കുറി ഏജന്റും പ്രധാന പങ്ക് വഹിക്കുന്നുണ്ട്. 1967 ല്‍മുഖ്യമന്ത്രിയായിരുന്ന ഇ എം എസിന്റെയും ധനമന്ത്രിയായിരുന്ന പി കെ കുഞ്ഞുസാഹിബിന്റെയും പ്രാഗത്ഭ്യം ഒത്തുചേര്‍ന്ന് സ്ഥാപിതമായതാണ് സംസ്ഥാന ഭാഗ്യക്കുറി വകുപ്പ്.
മാവേലി, കൈരളി, പെരിയാര്‍ എന്നീ പേരുകളിലുള്ള ഭാഗ്യക്കുറികളാണ് ആദ്യമായി വില്‍പ്പന നടത്തിയിരുന്നത്. ഇപ്പോള്‍ വിന്‍വിന്‍, സ്ത്രീശക്തി, അഹല്യ, കാരുണ്യ പ്ലസ്, നിര്‍മല്‍, കാരുണ്യ എന്നിങ്ങനെയുള്ള ഭാഗ്യക്കുറികളാണ് കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിനുള്ളത്. എല്‍ ഡി എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ലോട്ടറി മേഖലയ്ക്ക് ഉണര്‍വേകുന്ന നിരവധി പരിഷ്‌ക്കാരങ്ങളാണ് വരുത്തിയിരിക്കുന്നത്. വിറ്റുവരവിന്റെ 42 ശതമാനം സമ്മാനങ്ങള്‍ നല്‍കിയിരുന്നത് ഇപ്പോള്‍ 52 ശതമാനമായി മാറി. 50 രൂപ വിലയുണ്ടായിരുന്ന നാല് ടിക്കറ്റുകള്‍ക്ക് 30 രൂപയായി കുറച്ചു. കൂടാതെ 18 പുതിയ സബ് ഓഫീസുകള്‍ ആരംഭിച്ചു. കാരുണ്യ ചികിത്സാ പദ്ധതിയിലൂടെ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം നിര്‍ധനരായ 55000 പേര്‍ക്ക് 1600 കോടി രൂപയുടെ ചികിത്സാസഹായം നല്‍കി. ഇതിന്റെയെല്ലാം ഭാഗമായി സംസ്ഥാന ഭാഗ്യക്കുറിയുടെ വിറ്റുവരവ് 10,000 കോടി രൂപയിലെത്തി. ഈ കോടിക്കണക്കിന് രൂപ സര്‍ക്കാര്‍ ഖജനാവില്‍ ശേഖരിച്ച് എത്തിക്കുന്ന തൊഴിലാളികളുടെ ക്ഷേമത്തിനായി നിരവധി സഹായങ്ങളാണ് സര്‍ക്കാര്‍ നടപ്പിലാക്കിയത്.
പ്രതിമാസം 500 രൂപയുണ്ടായിരുന്ന പെന്‍ഷന്‍ 1100 രൂപയായി വര്‍ധിപ്പിച്ചു. 5500 രൂപ ഉത്സവബത്തയായി നല്‍കി. വിവാഹധനസഹായം, പ്രസവാനുകൂല്യം, വിദ്യാഭ്യാസ അവാര്‍ഡുകള്‍, മരണാനന്തസഹായം എന്നിവയും നല്‍കി വരുന്നുണ്ട്. ഇവയെല്ലാം നിലവിലുള്ളതിനേക്കാള്‍ വര്‍ധിപ്പിക്കാന്‍ തീരുമാനമായിട്ടുണ്ട്. കൂടാതെ രണ്ട് ജോഡി വീതം യൂണിഫോം, അംഗപരിമിതര്‍ക്ക് മുച്ചക്ര സ്‌കൂട്ടര്‍, കുട എന്നിവയും നല്‍കാന്‍ ഭാഗ്യക്കുറി വകുപ്പ് നടപടികള്‍ സ്വീകരിച്ചു കഴിഞ്ഞു. അര നൂറ്റാണ്ട് പൂര്‍ത്തിയാക്കിയ ഭാഗ്യക്കുറി വകുപ്പ് സുവര്‍ണ്ണ ജൂബിലി വര്‍ഷത്തില്‍ 10,000 കോടി രൂപയുടെ മൊത്തവരുമാനം ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തന നടപടികളിലാണ്.