എവിൻ പോൾ

തൊടുപുഴ

October 12, 2021, 7:49 pm

വൈദ്യുതി പ്രതിസന്ധി തരണം ചെയ്യാന്‍ സംസ്ഥാനം സജ്ജം

Janayugom Online

ആഭ്യന്തര ഉല്പാദനം വർധിപ്പിച്ചും വൈദ്യുതോപഭോഗം നിയന്ത്രിച്ചും ഊർജ്ജ പ്രതിസന്ധി നേരിടാൻ വൈദ്യുതി ബോര്‍ഡ് ഒരുക്കം തുടങ്ങി. അടുത്ത 19വരെ ലോഡ് ഷെഡിംഗ് ഇല്ലാതെ മുന്നോട്ട് പോകുവാനാണ് കെഎസ്ഇബി ഉന്നത തല ഉദ്യോഗസ്ഥരുടെ യോഗത്തിന്റെ തീരുമാനം. വൈദ്യുതി പ്രതിസന്ധി ഉണ്ടായാൽ കൂടിയ വിലയ്ക്ക് വൈദ്യുതി വാങ്ങാനും ആലോചനയുണ്ട്. പത്തോളം ചെറുകിട ജല വൈദ്യുത പദ്ധതികള്‍ ഉടനെ കമ്മിഷൻ ചെയ്യാനും യോഗത്തിൽ ധാരണയായിട്ടുണ്ട്. 

നിലിവിൽ പീക്ക് സമയത്ത് വൈദ്യുതോപഭോഗത്തിൽ കുറവ് വന്നിട്ടുള്ളതായി കെഎസ്ഇബി അധികൃതർ അറിയിച്ചു. കൽക്കരി ക്ഷാമത്തെ തുടർന്ന് ദീർഘകാല കരാർ പ്രകാരം സംസ്ഥാനത്ത് ലഭിച്ചുകൊണ്ടിരുന്ന വൈദ്യുതിയിൽ പ്രതിദിനം 300 മെഗാവാട്ടിന്റെ കുറവ് വന്നിട്ടുണ്ട്. ഈ പ്രതിസന്ധി മറികടക്കാൻ ആഭ്യന്തര വൈദ്യുതോല്പാദനം ആകെ ഉപഭോഗത്തിന്റെ നേർ പകുതിയായി തുടരുകയാണ്. 

സംസ്ഥാനത്ത് ശരാശരി വൈദ്യുതോപഭോഗം 71.6563 ദശലക്ഷം യൂണിറ്റാണ്. ഞായറാഴ്ച അവധി ദിവസമായിരുന്നിട്ടും വൈദ്യുതോപഭോഗം 66.6487 യൂണിറ്റിൽ പിടിച്ചു നിർത്താനായത് കെഎസ്ഇബിക്ക് നേട്ടമായി. 38.5351 ദശലക്ഷം യൂണിറ്റ് വൈദ്യുതി പുറമേ നിന്ന് എത്തിച്ചു.
ഇടുക്കി ജല വൈദ്യുതി പദ്ധതിയുടെ ഭാഗമായ മൂലമറ്റത്ത് നിന്ന് മാത്രം ദിവസേന 11.143 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്പാദിപ്പിക്കുന്നുണ്ട്. മൂലമറ്റം വൈദ്യുത നിലയത്തിലെ ആറു ജനറേറ്ററുകളും പ്രവർത്തിപ്പിച്ചാൽ ശരാശരി 17 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്പാദിപ്പിക്കാനാവും. നിലവിൽ അഞ്ച് ജനറേറ്ററുകൾ മാത്രമാണ് പ്രവർത്തിപ്പിക്കുന്നത്. 

സംസ്ഥാനത്തെ ജല വൈദ്യുത പദ്ധതികളുള്ള ജലസംഭരണികളിൽ എല്ലാമായി 83 ശതമാനം ജലം നിലവിലുണ്ട്. 3450.824 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്പാദിപ്പിക്കാനാവശ്യമായ ജലം സംഭരണികളിലെല്ലാമായി ഉണ്ട്. മഴ ശക്തമായതും വൈദ്യുത ഉപഭോഗം കുറഞ്ഞതും നിലവിലെ പ്രതിസന്ധി മറികടക്കാൻ സഹായകമാകുമെന്നാണ് കെഎസ്ഇബിയുടെ കണക്കുകൂട്ടൽ.

Eng­lish Sum­ma­ry : ker­ala state well equipped to over­come pow­er crisis

You may also like this video :