തിരുവനന്തപുരം: ദേശീയ ജനസംഖ്യ രജിസ്റ്ററിലേക്കുള്ള കണക്കെടുപ്പിനുള്ള നടപടികള്‍ നിര്‍ത്തി വയ്ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിട്ടു. ദേശീയ ജനസംഖ്യ രജിസ്റ്ററിലെ വിവരങ്ങള്‍ ദേശീയ പൗരത്വ രജിസ്റ്ററിനായി ഉപയോഗപ്പെടുത്തുമെന്ന ആശങ്ക ഉയര്‍ന്ന സാഹചര്യത്തിലാണ് സംസ്ഥാന സര്‍ക്കാരിന്റെ അടിയന്തര ഇടപെടല്‍.ദേശീയ പൗരത്വ റജിസ്റ്റര്‍ നടപടികളുമായി സംസ്ഥാന സര്‍ക്കാര്‍ സഹകരിക്കില്ലെന്നു മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു. പത്തു വര്‍ഷത്തിലൊരിക്കല്‍ നടത്തിവരുന്ന കനേഷുമാരിക്ക് (സെന്‍സസ്) എല്ലാവിധ സഹായ സഹകരണങ്ങളും സംസ്ഥാന സര്‍ക്കാര്‍ എക്കാലത്തും നല്കിവന്നിട്ടുണ്ട്. രാജ്യത്തെ ജനസംഖ്യാ കണക്കെടുപ്പ് അനിവാര്യമായ സ്ഥിതിവിവര കണക്കായതിനാല്‍ നിലവിലുള്ള രീതിയില്‍ സെന്‍സസിനോടുള്ള സഹകരണം തുടരാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്.
you may also like this video
എന്നാല്‍, 2019 ലെ പൗരത്വ ഭേദഗതി നിയമത്തിന്റെ പശ്ചാത്തലത്തില്‍ ഉയര്‍ന്നുവന്നിട്ടുള്ള ആശങ്കകള്‍ കൂടി കണക്കിലെടുത്ത് ദേശീയ പൗരത്വ റജിസ്റ്റര്‍ (എന്‍ആര്‍സി) തയാറാക്കുന്നതിന് സഹായകമായവിധം ദേശീയ ജനസംഖ്യ രജിസ്റ്റര്‍ (എന്‍പിആര്‍) പുതുക്കുന്നതിനുള്ള നടപടികളുമായി യാതൊരു കാരണവശാലും സംസ്ഥാന സര്‍ക്കാര്‍ സഹകരിക്കില്ല.ദേശീയ ജനസംഖ്യ രജിസ്റ്ററിനുള്ള നടപടികളുമായി സഹകരിക്കില്ലെന്ന് നേരത്തെ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി വ്യക്തമാക്കിയിരുന്നു. പിന്നാലെ ബംഗാള്‍ സര്‍ക്കാര്‍ അവിടെ ജനസംഖ്യ രജിസ്റ്റിന്റെ നടപടികള്‍ നിര്‍ത്തിവച്ചിരുന്നു. ഇതേ മാതൃകയാണ് ഇപ്പോള്‍ കേരളവും സ്വീകരിച്ചിരിക്കുന്നത്. 2021‑ലാണ് അടുത്ത സെന്‍സസ് നടക്കേണ്ടത്. ഇതിലേക്കുള്ള നടപടികളാണ് ഇപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ നിര്‍ത്തി വച്ചിരിക്കുന്നത്.