തിരുവല്ലയിലെ പെൺകുട്ടി മരണത്തിനു കീഴടങ്ങി

Web Desk
Posted on March 20, 2019, 6:20 pm

കൊച്ചി: തിരുവല്ലയില്‍ യുവാവ് പെട്രോള്‍ ഒഴിച്ചു തികൊളുത്തിയതിനെ തുടര്‍ന്ന് അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന പെണ്‍കുട്ടി മരിച്ചു. വിദ്യാര്‍ത്ഥിനിയും തിരുവല്ലയില്‍ വാടകയ്ക്ക് താമസിക്കുന്നതുമായ അയിരൂര്‍ സ്വദേശിനീ കവിത വിജയകുമാര്‍ (20) ആണ് മരിച്ചത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ച് ഇന്ന് വൈകിട്ട് അറുമണിയോടെയായിരുന്നു അന്ത്യം. 65 ശതമാനം പൊള്ളലേറ്റ പെണ്‍കുട്ടി കഴിഞ്ഞ ഒരാഴ്ചയോളമായി അതീവ ഗുരുതരാവസ്ഥയില്‍ വെന്റിലേറ്ററില്‍ ആയിരുന്നു. അണുബാധ കൂടിയതാണ് മരണകാരണമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. തിരുവല്ലയിലെ സ്വകാര്യ സ്ഥാപനത്തില്‍ റേഡിയോളജി വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടി ക്ലാസ്സിലേക്ക് പോകും വഴിയാണ് അജിന്‍ റെജി മാത്യൂസ് എന്നയാള്‍ ആക്രമിച്ചത്. പ്ലസ്ടുവിന് പഠിക്കുമ്പോള്‍ മുതല്‍ അജിന്‍ റെജി മാത്യൂസ് പെണ്‍കുട്ടിയോട് പ്രണയാഭ്യര്‍ത്ഥന നടത്തിയിരുന്നു എന്നാല്‍ പെണ്‍കുട്ടി ഇത് നിരസിച്ചിരുന്നു. ഇതില്‍ പ്രകോപിതനായാണ് യുവാവ് ക്രൂരമായി പ്രതികാരം ചെയ്തത്. വയറിന് കുത്തിയതിന് ശേഷമാണ് യുവാവ് പെണ്‍കുട്ടിയെ തീ കൊളുത്തിയത്. ഈ മാസം12ന് തിരുവല്ലയില്‍ വച്ചാണ് വിവാഹാഭ്യര്‍ത്ഥന നടത്തിയ യുവാവിന്റെ ആക്രമണത്തിന് പെണ്‍കുട്ടി ഇരയായത്.