കേരളം മറന്നു കൂടാത്തതാണ് ഈ സുരക്ഷാ പാഠങ്ങള്‍

Web Desk
Posted on May 22, 2019, 3:29 pm

ഹരികുറിശേരി

ന്‍നഗരമായി വളരുന്ന കേരളം മറക്കുന്ന ചിലപാഠങ്ങളുണ്ട് ; അത് വന്‍നഗരങ്ങള്‍ അനുവര്‍ത്തിക്കുന്ന സുരക്ഷാമാനദണ്ഡങ്ങളാണ്.
സുരക്ഷാ തയ്യാറെടുപ്പുകളുടെ ഏടുകള്‍ തയ്യാറാക്കുന്നതില്‍ നാം ലോക രാജ്യങ്ങളുടെ നിലവാരത്തില്‍തന്നെ. എന്നാല്‍ ഏട്ടിലെ പശു പുല്ലുതിന്നില്ലെന്നുമാത്രമല്ല ആശ്രയിക്കുന്നവരെ മണ്ണുതീറ്റുന്ന അവസ്ഥയാണുള്ളത്. വലിയ വാഹനാപകടമുണ്ടാകുമ്പോള്‍, അഗ്നിബാധയുണ്ടാകുമ്പോള്‍ എല്ലാം നാം മറന്നുപോയസുരക്ഷാമാനദണ്ഢങ്ങളെപ്പറ്റി വേവലാതിയോടെ ഓര്‍ക്കുമെന്നുമാത്രം.

അടുത്ത് രണ്ടുമാസങ്ങളുടെ ഇടവേളയില്‍ ഉണ്ടായ അഗ്നിബാധകള്‍തന്നെ നമ്മുടെ പോരായ്മകള്‍ വ്യക്തമാക്കുന്നു. അഗ്നിബാധ കെടുത്തുന്നതിന്റെ സമയം ഏറുംതോറും നഷ്ടവും അപകടവും വര്‍ദ്ധിക്കും. ദശാബ്ദങ്ങളായി വ്യാപാരം നടക്കുന്ന സ്ഥാപനങ്ങളിലും പണ്ടികശാലകളിലും വൈദ്യുതിലൈനുകള്‍ കൃത്യമാണോ എന്നുപരിശോധിക്കേണ്ടതല്ലേ. മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിന് അന്തിമയങ്ങുമ്പോള്‍ ഉള്ള തീയിടലാണോ പരിഹാരം. അപകടമുണ്ടായാല്‍ നഷ്ടം കുറയ്ക്കാനുള്ള മാര്‍ഗങ്ങള്‍ വേണ്ടതല്ലേ. കോടികളുടെ വിറ്റുവരവുള്ള സ്ഥാപനങ്ങള്‍പോലും അഗ്നിബാധക്ക് പരിഹാരം കണ്ടിട്ടില്ല. നമുക്ക് വകുപ്പുകളായ വകുപ്പുകളും ബുദ്ധിമുട്ടിക്കല്‍ സംവിധാനവും എത്രയാണ് , പ്രത്യേകിച്ച് ഒരു കട തുടങ്ങാനിറങ്ങുന്നവനെ നടത്തിച്ചുമടുപ്പിക്കുന്ന എത്ര നിയമങ്ങള്‍ സമര്‍പ്പിക്കേണ്ട എത്ര സര്‍ട്ടിഫിക്കറ്റുകള്‍. പക്ഷേ അപകടാവസ്ഥ കണ്ടെത്താന്‍ ഒരു വകുപ്പിനിയും ഉണ്ടാകേണ്ട അവസ്ഥയാണ്.

fire-attack
ഫഌറ്റുകളും കടകളും നിര്‍മ്മിക്കുമ്പോള്‍ അവിടേക്കുള്ള വഴി പ്രധാനമാണ്. പണ്ടേ നിര്‍മ്മിച്ച ഫഌറ്റുകളില്‍ പലതിനും വഴിതന്നെയില്ല. കടകള്‍ നിര്‍മ്മിക്കുമ്പോള്‍ അടിയില്‍ പാര്‍ക്കിംങ് സ്ഥലം എന്ന് കാണിച്ച് സര്‍്ടിഫിക്കറ്റ് നേടുന്നവ വൈകാതെ കടകളായി മാറുന്നത് അധികൃതര്‍ പരിശോധിക്കാറില്ല. കടകള്‍ റോഡിലേക്ക് ഇറങ്ങി വരാതിരിക്കാനാണ് കെട്ടിടഭാഗങ്ങള്‍ക്ക് ദൂര പരിധി വച്ചത്. എന്നാല്‍ ഷീറ്റും കമ്പിയും കൊണ്ട് ഉറച്ച ഇറക്കുകള്‍ നിര്‍മ്മിക്കുകയും അതിനുകൂടി ഷട്ടറിടുകയുമാണ് ഇപ്പോള്‍ പതിവ്. ഒരു വാഹനമെത്തി തിരിയേണ്ടി വരുമ്പോഴാണ് പ്രശ്‌നം മനസിലാകുക. അയല്‍വാസിയുടെ സുരക്ഷയെപ്പറ്റികൂടി നമുക്ക് വ്യാകുലപ്പെടാതിരിക്കാനാവില്ല.അയല്‍ കടയിലെന്താണ് സൂക്ഷിക്കുന്നതെന്ന് നാമും അറിയേണ്ടതല്ലേ.

fire accident
അതുപോലെതന്നെയാണ് പാചകവാതകവും ആസിഡും മറ്റും കടത്തുന്ന വാഹനങ്ങള്‍. ഇടമില്ലാത്തറോഡുകളിലൂടെ ഒരു സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെയാണ് ഇത്തരം വാഹനങ്ങള്‍ കടക്കുന്നത്. വാതകം ചോരുകയോ,ആസിഡ് ടാങ്കര്‍ മറിയുകോ ചെയ്താല്‍ പലപ്പോഴും നാം വിചാരിക്കാത്ത അപകടമാകും ുണ്ടാകുന്നത്.
ബഹുനില ഫഌറ്റുകള്‍ അടക്കം പതിനായിരത്തിനുമുകളില്‍ കെട്ടിടങ്ങള്‍ക്ക് അഗ്നിരക്ഷാസേന നിഷ്‌കര്‍ഷിക്കുന്ന സുരക്ഷാ സംവിധാനങ്ങള്‍ ഇല്ലെന്നാണ് പുതിയ റിപ്പോര്‍ട്ട്. ഇത്തരം വന്‍ ജനവാസകേന്ദ്രങ്ങളില്‍ അഗ്നിബാധയുണ്ടായാല്‍ കൂട്ടനിലവിളിയും പലായനവും മാത്രമാണ് മാര്‍ഗം. വന്‍ അപകടമുണ്ടായാലേ സുരക്ഷാ സംവിധാനങ്ങള്‍ എത്ര അപര്യാപ്തമാണെന്ന് മനസിലാകൂ.
പരിമിതികള്‍ വകവയ്ക്കാതെ കുതിക്കുന്ന ജനക്കൂട്ടമാണ് നമ്മള്‍. അതിര്‍ത്തിവിട്ടാലേ നമ്മുടെ ജനസാന്ദ്രത എന്തെന്ന് മനസിലാകൂ. വേണ്ടത്ര റോഡുകളില്ല വാഹനങ്ങള്‍ ഏറെ, വേണ്ടത്ര പൊതുവാഹന സൗകര്യമില്ല എന്നാല്‍ സ്വകാര്യവാഹനങ്ങള്‍ക്ക് ഒരു കുറവുമില്ല. ഉള്ളയിടത്ത് തിരക്കിട്ട് ജീവിക്കുന്നവര്‍ കുറേ നിയന്ത്രണം പാലിക്കേണ്ടതല്ലേ. മാലിന്യം കത്തിക്കുന്നത് ബാധിക്കുന്നത് ഏറെപ്പേരെയാണ്.നിരത്തില്‍ കൂടുതല്‍ മര്യാദക്കാരായില്ലെങ്കില്‍ അപകടം പെരുകുമെന്നുറപ്പ്. ഉള്ള പരിസ്ഥിതി കാത്തുസൂക്ഷിച്ചില്ലെങ്കില്‍ വരുംതലമുറയെ ബാധിക്കും. അപകടമൊഴിവാക്കാന്‍ നിഷ്‌കര്‍ഷിക്കുന്ന സുരക്ഷാമാനദണ്ഢങ്ങള്‍ പാലിക്കാനും കൂടുതല്‍ ജാഗ്രതവേണം. കാരണം നമ്മള്‍ ജീവിക്കുന്നത് പരിമിതികളാല്‍ ശ്വാസംമുട്ടുന്ന ഒരുസ്ഥലത്താണ്.