November 29, 2023 Wednesday

Related news

November 28, 2023
November 27, 2023
November 24, 2023
November 24, 2023
November 23, 2023
November 22, 2023
November 22, 2023
November 22, 2023
November 22, 2023
November 21, 2023

കേരളം കൊടും വരള്‍ച്ചയിലേക്ക്? മുന്നൊരുക്കങ്ങളുമായി സര്‍ക്കാര്‍

ഗിരീഷ് അത്തിലാട്ട്
തിരുവനന്തപുരം
September 17, 2023 9:40 pm
സംസ്ഥാനം അതിശക്തമായ വരള്‍ച്ചയിലേക്ക് നീങ്ങുമെന്ന ആശങ്കകള്‍ക്കിടയില്‍, മുന്നൊരുക്കങ്ങളുമായി സംസ്ഥാന സര്‍ക്കാര്‍. എല്ലാ ജില്ലകളിലും ഏറ്റക്കുറച്ചിലുകളോടെ വരള്‍ച്ച ബാധിക്കുമെന്നാണ് സിഡബ്ല്യുആര്‍ഡിഎം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
മഴ തീരെ കുറഞ്ഞ സാഹചര്യത്തില്‍ എല്ലാ ജില്ലകളും വരള്‍ച്ചയുടെ പിടിയിലാകുമെന്നും തൃശൂര്‍, കോട്ടയം, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ അതിതീവ്ര വരള്‍ച്ചയുണ്ടാകുമെന്നുമാണ് വിദഗ്ധരുടെ നിരീക്ഷണം. കാസര്‍കോട്, വയനാട്, കണ്ണൂര്‍, എറണാകുളം, ഇടുക്കി, ആലപ്പുഴ ജില്ലകളിലും കഠിനമായ വരള്‍ച്ചയുണ്ടാകും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലും വിവിധ പ്രദേശങ്ങളില്‍ വരള്‍ച്ച ബാധിക്കും.
ഈ സാഹചര്യത്തില്‍ വിവിധ മുന്നൊരുക്കങ്ങളാണ് സര്‍ക്കാര്‍ ആരംഭിച്ചത്. കേരള സ്റ്റേറ്റ് ഡിസാസ്റ്റര്‍ മാനേജ്മന്റ് അതോറിട്ടി(കെഎസ്ഡിഎംഎ)യുടെ വരള്‍ച്ചാ നിരീക്ഷണ സമിതി നിര്‍ദേശങ്ങള്‍ അംഗീകരിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു. ജലസംരക്ഷണത്തിനും  ദുരുപയോഗം തടയുന്നതിനുമുള്ളതാണ് വിവിധ നിര്‍ദേശങ്ങള്‍. വറ്റാത്ത ജലസ്രോതസുകളില്ലാത്ത ഗ്രാമങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കിവേണം വരള്‍ച്ചാ അപകടം തടയല്‍ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കാന്‍. റെഡ്യൂസ്, റീയൂസ്, റീസൈക്കിള്‍ എന്ന സമീപത്തിലൂടെ ജലസംരക്ഷണം സാധ്യമാക്കണം. കുടിവെള്ളം, വീട്ടാവശ്യങ്ങള്‍, വളര്‍ത്തുമൃഗങ്ങള്‍ക്ക് ഉപയോഗിക്കേണ്ടത്, കൃഷി, വ്യാവസായിക ആവശ്യങ്ങള്‍ എന്നിങ്ങനെയായിരിക്കണം ജല ഉപയോഗത്തിന്റെ മുന്‍ഗണന.
ജില്ലകളില്‍ വരള്‍ച്ചാ സാധ്യത പ്രദേശങ്ങളിലെല്ലാം ആവശ്യമായ കുടിവെള്ളം ഉറപ്പാക്കുന്നതിനായി, ഗ്രാമപഞ്ചായത്ത് അംഗം മുതല്‍ എംപിമാര്‍ വരെയുള്ള ജനപ്രതിനിധികള്‍, ജലം, ജലസേചനം, ഭൂഗര്‍ഭജലം, പൊതുമരാമത്ത്, വൈദ്യുതി, റവന്യു വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ എന്നിവരുടെ യോഗം, ജില്ലയിലെ ചുമതലയുള്ള മന്ത്രിമാരുടെ സാന്നിധ്യത്തില്‍ ജില്ലാ കളക്ടര്‍ വിളിച്ചുചേര്‍ക്കണം.  ഓരോ താലൂക്കിന്റെയും ചുമതല ഡെപ്യൂട്ടി കളക്ടർമാർക്ക് നൽകുകയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ഇത് സംബന്ധിച്ച യോഗങ്ങൾ നടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും വേണം.
ജലമോഷണം തടയുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു. ഒരു തദ്ദേശ വാര്‍ഡില്‍ കുറഞ്ഞത് ഒരു വാട്ടർ കിയോസ്കെങ്കിലും സ്ഥാപിക്കണം. കുടിവെള്ള സ്രോതസുകള്‍ മലിനമാകാതെ സംരക്ഷിക്കണം. എന്‍എസ്എസ്, എന്‍സിസി, സ്കൗട്ട്സ് ആന്റ് ഗൈഡ്സ്, കുടുംബശ്രീ തുടങ്ങിയവയെ വിവിധ പ്രവര്‍ത്തനങ്ങളില്‍ ഉപയോഗിക്കാമെന്നും നിര്‍ദേശത്തില്‍ അറിയിക്കുന്നു.
Eng­lish sum­ma­ry; Ker­ala to extreme drought? Gov­ern­ment with preparations
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.