Web Desk

തിരുവനന്തപുരം

June 09, 2020, 10:09 pm

സുസ്ഥിര വികസന സൂചികയില്‍ കേരളം വീണ്ടും ഒന്നാമത്

Janayugom Online

വ്യവസായ വികസനത്തില്‍ മികച്ച പ്രകടനത്തോടെ സുസ്ഥിര വികസന സൂചികയില്‍ കേരളം വീണ്ടും ഒന്നാമതെത്തി. തുടർച്ചയായ രണ്ടാം വര്‍ഷമാണ് കേരളം ഒന്നാമതെത്തുന്നത്. 2018‑ല്‍ വ്യവസായ വികസനത്തില്‍ 68 പോയിന്റ് നേടിയ കേരളം ഇത്തവണ അത് 88 പോയിന്റായി ഉയര്‍ത്തി.

നിതി ആയോഗിന്റെ ഇന്ത്യ ഇന്നോവേഷന്‍ സൂചികയില്‍ മികച്ച ബിസിനസ് സാഹചര്യം, മനുഷ്യ മൂലധനം എന്നീ വിഭാഗങ്ങളില്‍ രണ്ടാമതും നിക്ഷേപ സാഹചര്യം, നൂതനാശയ പ്രോത്സാഹനം വിഭാഗങ്ങളില്‍ നാലാം സ്ഥാനവും കേരളത്തിന് ലഭിച്ചു. വ്യവസായരംഗത്തെ പുരോഗതി സാമ്പത്തിക അവലോകന റിപ്പോര്‍ട്ടില്‍ സംസ്ഥാനത്തെ ദേശീയ ശരാശരിയേക്കാള്‍ മുകളിലെത്തിച്ചു. കഴിഞ്ഞ മൂന്ന് വര്‍ഷത്തെ കേരളത്തിന്റെ മൊത്തം ആഭ്യന്തര ഉല്‍പ്പാദനം 7.2 ശതമാനമായപ്പോൾ ദേശീയ ശരാശരി 6.9 ശതമാനം മാത്രമാണ്.

സംസ്ഥാന വരുമാനത്തില്‍ 2018–19 ല്‍ വ്യവസായ മേഖലയുടെ സംഭാവന 13.2 ശതമാനമാണ്. 2014–15 ല്‍ 9.8 ശതമാനമായിരുന്നു. 2018‑ലെ നാഷണല്‍ കൗണ്‍സില്‍ ഓഫ് അപ്ലൈഡ് ഇക്കണോമിക് റിസര്‍ച്ചിന്റെ നിക്ഷേപ സാധ്യതാ സൂചികയില്‍ കേരളം നാലാമതാണ്. ഭൂമി, തൊഴില്‍, അടിസ്ഥാന സൗകര്യം, സാമ്പത്തിക പരിസ്ഥിതി, രാഷ്ട്രീയസ്ഥിരത, ഭരണം, ബിസിനസ് അവബോധം എന്നിവ അടിസ്ഥാനമാക്കിയാണ് റാങ്കിംഗ്.

ENGLISH SUMMARY:kerala tops sus­tain­able devel­op­ment index again
You may also like this video