ആർസിഇപി കരാറിനെതിരെ കേരളം ഒറ്റക്കെട്ട്

Web Desk
Posted on October 28, 2019, 11:06 pm

തിരുവനന്തപുരം: ആർസിഇപി കരാറിനെതിരെ കേരളം ഒറ്റക്കെട്ട്. കാർഷിക, കാർഷിക അനുബന്ധ മേഖലയെയും വ്യവസായമേഖലയെയും ബാധിക്കുന്ന ആർസിഇപി (റീജിയണൽ കോംപ്രിഹെൻസീവ് എക്കണോമിക് പാർട്ട്ണർഷിപ്പ്) സംബന്ധിച്ച ആശങ്കകൾ ചർച്ച ചെയ്യാൻ സംസ്ഥാന സർക്കാരിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കൺവെൻഷനാണ് കേരളം ഒറ്റമനസോടെ കരാറിനെതിരെ രംഗത്തുണ്ടാകുമെന്ന പ്രഖ്യാപനമായത്. ഭരണ — പ്രതിപക്ഷവ്യത്യാസമില്ലാതെ ജനപ്രതിനിധികളും നേതാക്കളും പങ്കെടുത്ത കൺവൻഷൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.

ആർസിഇപി കരാർ ഭാരതത്തിന്റെ സാമ്പത്തിക പരമാധികാരത്തിനും ഫെഡറൽ സംവിധാനത്തിനും വലിയ വെല്ലുവിളിയാണെന്ന് ഉദ്ഘാടനപ്രസംഗത്തിൽ മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. രാജ്യത്തെ കാർഷിക- ചെറുകിട മേഖലകളെ തകർക്കുന്ന ഉടമ്പടിയിൽ നിന്ന് കേന്ദ്രം പിന്മാറണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. കൃഷി മന്ത്രി അഡ്വ. വി എസ് സുനിൽ കുമാർ അധ്യക്ഷനായി.
കരാർ ദേശീയ പരമാധികാരത്തെ ദുർബലപ്പെടുത്തുമെന്നും, സംസ്ഥാനങ്ങളുമായി ആലോചിക്കാതെ കരാർ നടപ്പാക്കുന്നത് ഗൗരവമായി കാണണമെന്നും മുഖ്യമന്ത്രി പറഞ്ഞു. നമ്മുടെ ഫെഡറൽ സംവിധാനത്തിനുതന്നെ ദോഷകരമാണിതെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
രാജ്യത്തെ സാമ്പത്തികാസമത്വം ക്രമാനുഗതമായി വർധിപ്പിക്കുന്നതിനാണ് കരാർ സഹായിക്കുക. മറ്റു രാജ്യങ്ങളിൽനിന്ന് കുറഞ്ഞ വിലയ്ക്കുള്ള ഉത്പന്നങ്ങളുടെ ഇന്ത്യയിലേക്കുള്ള മലവെള്ളപ്പാച്ചിലിനാണ് ഈ കരാർ വഴിവയ്ക്കുക. വലിയ തോതിൽ ഉത്പന്നങ്ങൾ ഇവിടേക്ക് ഒഴുകിയെത്തിയാൽ നമ്മുടെ കർഷകരുടെ നിലയെന്താകുമെന്നും മുഖ്യമന്ത്രി ചോദിച്ചു. ആസിയാൻ കരാറിന്റെ ഭാഗമായി റബ്ബർ, കുരുമുളക്, ഏലം തുടങ്ങിയ ഉത്പന്നങ്ങളുടെ വില പ്രതിസന്ധിയിലായി. ആസിയാനിൽ നാണ്യവിളകളാണ് പ്രതിസന്ധി നേരിട്ടതെങ്കിൽ ആർസിഇപിയിലൂടെ കൃഷി, ക്ഷീരമേഖലകളിലാകെ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ അനുഭവിക്കേണ്ടിവരും. സ്വയംപര്യാപ്തതയിലേക്കു നീങ്ങുന്ന സംസ്ഥാനത്തിന്റെ ക്ഷീരമേഖലയ്ക്ക് ഇത് വലിയ തിരിച്ചടിയാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്തിന്റെ സമ്പദ്ഘടനയെക്കൂടി പ്രതികൂലമായി ബാധിക്കുമെന്നു കണ്ടാണ് സർക്കാർ ഇത്തരം കൂട്ടായ്മ സംഘടിപ്പിച്ചതെന്ന് മന്ത്രി വി എസ് സുനിൽകുമാർ പറഞ്ഞു. കരാർ നടപ്പാക്കുമ്പോൾ ദശലക്ഷക്കണക്കിന് കർഷകർ കാർഷികമേഖലയിൽനിന്ന് ആട്ടിയോടിക്കപ്പെടുമെന്നും സിംഹഭാഗവും ചെറുകിട കൃഷിക്കാരെയാണ് ഇത് ബാധിക്കുകയെന്നും മന്ത്രി പറഞ്ഞു.
വേണ്ടത്ര ഗൃഹപാഠം ചെയ്യാതെ നടപ്പിലാക്കുന്ന പ്രവൃത്തികൾ രാജ്യത്തെയാകമാനം ദോഷകരമായി ബാധിക്കുമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു. ആസിയാൻ കരാറിന്റെ വിപുലീകരണമാണ് ആർസിഇപിയെന്ന് ധനമന്ത്രി ഡോ.ടി എം തോമസ് ഐസക് പറഞ്ഞു. ഡബ്ള്യൂടിഒയുമായി ബന്ധപ്പെട്ട എല്ലാ മേഖലകളും പുതിയ കരാറിൽ ഉൾപ്പെടുമെന്നും മന്ത്രി പറഞ്ഞു. കരാർ നടപ്പാകുമ്പോൾ വില കുറഞ്ഞ മത്സ്യങ്ങൾ ഇവിടേക്ക് തള്ളപ്പെടുന്നതിലൂടെ നമ്മുടെ മത്സ്യത്തൊഴിലാളികളെ ബാധിക്കുമെന്നു ഫിഷറീസ് മന്ത്രി ജെ മേഴ്സിക്കുട്ടി പറഞ്ഞു. വ്യവസായമന്ത്രി ഇ പി ജയരാജൻ, ജലവിഭവമന്ത്രി കെ കൃഷ്ണൻകുട്ടി, വനം, മൃഗസംരക്ഷണവകുപ്പ് മന്ത്രി അഡ്വ.കെ രാജു, വിവിധ കർഷകസംഘടനാ പ്രതിനിധികൾ എന്നിവരും സന്നിഹിതരായി. കൃഷിവകുപ്പ് ഡയറക്ടർ ഡോ. രത്തൻ ഖേൽക്കർ സ്വാഗതവും ഡബ്ള്യൂടിഒ സെൽ സ്‌പെഷ്യൽ ഓഫീസർ ആരതി നന്ദിയും പറഞ്ഞു.
കൃഷിവകുപ്പിന്റെ നേതൃത്വത്തിൽ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ സംഘടിപ്പിച്ച കൺവെൻഷനിൽ കർഷകരും കർഷക സംഘടനകളും പങ്കെടുത്തു.