കേരള സര്‍വകലാശാല പരീക്ഷകള്‍ കൃത്യമായി നടത്തണം: എഐഎസ്എഫ്

Web Desk
Posted on June 23, 2019, 9:13 pm
എ ഐ എസ് എഫ് ആലപ്പുഴ ജില്ലാ സമ്മേളനം സംസ്ഥാന സെക്രട്ടറി ശുഭേഷ് സുധാകരന്‍ ഉദ്ഘാടനം ചെയ്യുന്നു

ആലപ്പുഴ: കേരള സര്‍വകലാശാല പരീക്ഷകള്‍ കൃത്യമായി നടത്തണമെന്ന് ഇന്ന് മാരാരിക്കുളത്ത് സമാപിച്ച എഐഎസ്എഫ് ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. കേരളത്തിലെ മികച്ച സര്‍വകലാശാലകളിലൊന്നാണിത്. എന്നാല്‍, പരീക്ഷാ നടത്തിപ്പിലെയും ഫലം പ്രസിദ്ധീകരിക്കുന്നതിലെയും കാലതാമസം ഒട്ടേറെ വിദ്യാര്‍ഥികളുടെ ഭാവിയെ ആണ് ബാധിക്കുന്നത്.

ആറ് മാസം ഇടവിട്ട് നടത്തേണ്ട പരീക്ഷപോലും ഒരു വര്‍ഷം വരെ വൈകിയാണ് നടത്താറുള്ളത്. പരീക്ഷാ ഫലം എപ്പോള്‍ വരുമെന്ന് പോലും ആര്‍ക്കും ധാരണയില്ല. സെമസ്റ്റര്‍ പരീക്ഷയും ഇംപ്രുവ്‌മെന്റ് പരീക്ഷയും ഒന്നിച്ച് നടത്തുന്ന സാഹചര്യം പോലും പലപ്പോഴും ഉണ്ടാകാറുണ്ട്. വിദ്യാര്‍ഥികളുടെ ഉന്നത വിദ്യാഭ്യാസത്തെയും ഭാവിയെയും ബാധിക്കുന്ന തരത്തില്‍ സര്‍വകലാശാല നടത്തുന്ന ഇത്തരം പ്രവര്‍ത്തനങ്ങളില്‍ മാറ്റം വരുത്തണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

എ ഐ എസ് എഫ് ജില്ലാ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ബ്രൈറ്റ് എസ് പ്രസാദും സെക്രട്ടറി വിപിന്‍ ദാസും

ഇന്ന് നടന്ന പ്രതിനിധി സമ്മേളനം സംസ്ഥാന സെക്രട്ടറി ശുഭേഷ് സുധാകരന്‍ ഉദ്ഘാടനം ചെയ്തു. വിപിന്‍ ദാസ്, അനൂപ് ചന്ദ്രന്‍, അതുല്യ ഉദയന്‍, അഭിജിത്ത്, ഹരിശങ്കര്‍ എന്നിവരടങ്ങിയ പ്രസീഡിയമാണ് സമ്മേളനം നിയന്ത്രിച്ചത്. സ്വാഗത സംഘം ചെയര്‍മാന്‍ അഡ്വ ജി കൃഷ്ണപ്രസാദ് സ്വാഗതം പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് ജെ അരുണ്‍ ബാബു സംഘടനാ റിപ്പോര്‍ട്ടും ജില്ലാ സെക്രട്ടറി ബ്രൈറ്റ് എസ് പ്രസാദ് പ്രവര്‍ത്തന റിപ്പോര്‍ട്ടും അവതരിപ്പിച്ചു. സി പി ഐ ജില്ലാ സെക്രട്ടറി ടി ജെ ആഞ്ചലോസ്, എ ശിവരാജന്‍, പി വി സത്യനേശന്‍, ദീപ്തി അജയകുമാര്‍, പി എസ് എം ഹുസൈന്‍, ടി ടി ജിസ്‌മോന്‍, പി എസ് സന്തോഷ് കുമാര്‍, എം കണ്ണന്‍, ചിഞ്ചു ബാബു തുടങ്ങിയവര്‍ സംസാരിച്ചു. അസ്‌ലാം ഷാ നന്ദി പറഞ്ഞു. ഭാരവാഹികളായി ബ്രൈറ്റ് എസ് പ്രസാദ് (പ്രസിഡന്റ്), ഹരിശങ്കര്‍, അനൂപ് ചന്ദ്രന്‍, ടി അര്‍ജുന്‍, സാജന്‍ (വൈസ് പ്രസിഡന്റുമാര്‍), വിപിന്‍ ദാസ് ( സെക്രട്ടറി) യു അമല്‍, അസ്‌ലാം ഷാ, ബിലാല്‍, അതുല്യ ഉദയന്‍ ( ജോയിന്റ് സെക്രട്ടറിമാര്‍), മഹേന്ദ്രന്‍, അനൂപ്, സോണിയ, അന്‍സാം ദീനാര്‍, അരുണ്‍ ചെപ്പള്ളി (സെക്രട്ടേറിയേറ്റ് അംഗങ്ങള്‍) എന്നിവരെ സമ്മേളനം തെരഞ്ഞെടുത്തു.