ജെ വേണുഗോപാലൻ നായര്‍

പ്രെസിഡന്റ്,കിസാൻ സഭ സംസ്ഥാന കമ്മിറ്റി

November 07, 2020, 5:30 am

നെല്‍ക്കൃഷി ലാഭകരമാകുന്ന കേരളം

Janayugom Online

ല്‍ഡിഎഫ് സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മ പദ്ധതിയുടെ ഭാഗമായി 2020 നവംബര്‍ അഞ്ച് കേരളത്തിലെ നെല്‍ കര്‍ഷകരുടെ അവകാശ സാക്ഷാത്കാരത്തിന്റെ ദിനമായി എല്‍ഡിഎഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ചു. കൃഷിമന്ത്രി അഡ്വ. സുനില്‍കുമാര്‍ തന്റെ കര്‍ഷകരോടുള്ള അദമ്യമായ പ്രതിബദ്ധതയുടെ മറ്റൊരു നേര്‍ക്കാഴ്ചയായി നെല്‍ക്കര്‍ഷകര്‍ക്ക് റോയല്‍റ്റി നടപ്പിലാക്കിയിരിക്കുന്നു. കൃഷി വകുപ്പിന്റെ ഏറ്റവും നൂതനമായ സംരംഭമായി നെല്‍വയല്‍ ഉടമകള്‍ക്ക് റോയല്‍റ്റി നല്‍കുന്ന പ്രഖ്യാപനം ഓണ്‍ലൈനായി കേരളാ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. തൃശൂരില്‍ ജില്ലാ പ്ലാനിംഗ് ഹാളില്‍ കോവിഡ് മാനദണ്ഡം പാലിച്ചു നടന്ന സമ്മേളനത്തില്‍ കൃഷിമന്ത്രി വി എസ് സുനില്‍കുമാറിന്റെ അധ്യക്ഷതയില്‍ മന്ത്രിമാര്‍, ജനപ്രതിനിധികള്‍ എന്നിവര്‍ക്കൊപ്പം കര്‍ഷക സംഘടനാ നേതാക്കളും പങ്കെടുത്തു. കിസാന്‍സഭയെ പ്രതിനിധീകരിച്ച് ലേഖകന്‍ ഈ ചടങ്ങില്‍ പങ്കെടുത്ത് ആശംസാ പ്രസംഗം നടത്തുകയുണ്ടായി.

2020–21 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ നെല്‍ വികസന സ്കീമിന്റെ പ്രധാന ഭാഗമായിട്ടാണ് ‘കൃഷിയോഗ്യമായ നെല്‍പ്പാട ഉടമസ്ഥര്‍ക്ക് റോയല്‍റ്റി’ നല്‍കാന്‍ ഉത്തരവ് പുറപ്പെടുവിച്ചത്. ഈ പദ്ധതിപ്രകാരം നെല്‍വയല്‍ തരിശിടാതെ കൃഷി ചെയ്യുന്നവര്‍ക്ക് സര്‍ക്കാര്‍ ഒരു ഹെക്ടറിന് 2000 രൂപ നല്‍കും. ഈ വകയില്‍ 40 കോടി രൂപയും 23 ലക്ഷം രൂപാ പ്രവര്‍ത്തന സഹായമായും സര്‍ക്കാര്‍ വകയിരുത്തിയിരിക്കുന്നു. ഭൂപരിഷ്ക്കരണ നിയമം നടപ്പിലാക്കി കൃഷിഭൂമി കര്‍ഷകന് ലഭ്യമാക്കിയ 1970 ല്‍ സംസ്ഥാനത്ത് 13 ലക്ഷം ഹെക്ടറില്‍ നെല്‍ക്കൃഷി വ്യാപിച്ചുകിടന്നിരുന്നു. എന്നാല്‍ അത് ക്രമേണ 1.96 ലക്ഷം ഹെക്ടറായി ചുരുങ്ങി. ഈ സര്‍ക്കാര്‍ തരിശുനില കൃഷി വ്യാപിപ്പിക്കാന്‍ നടപടി സ്വീകരിച്ചതോടെ 2.2 ലക്ഷം ഹെക്ടറിലേക്ക് നെല്‍ക്കൃഷി വ്യാപിപ്പിക്കാന്‍ സാധിച്ചു. നെല്‍വയല്‍ എന്നാല്‍ വെള്ളത്തിന്റെ സംഭരണി കൂടിയാണ്.

ഒരു ഹെക്ടറില്‍ നെല്‍ക്കൃഷിയില്ലാതായാല്‍ 1,45,000 ലിറ്റര്‍ വെള്ളം നഷ്ടപ്പെട്ടു എന്നാണിതിനര്‍ത്ഥം. നാടിന്റെ പരിസ്ഥിതി സംരക്ഷണത്തില്‍ പ്രധാന പങ്കാണ് നെല്‍ക്കൃഷികൊണ്ട് സാധ്യമാക്കുന്നത്. സര്‍ക്കാരിന്റെ നിരവധി പദ്ധതികളിലൂടെ നെല്‍ക്കൃഷി ലാഭകരമായി മാറിയിരിക്കുകയാണ്. ഇപ്പോള്‍ പ്രഖ്യാപിച്ച റോയല്‍റ്റി കൂടാതെ സുസ്ഥിര നെല്‍ക്കൃഷി വികസനത്തിന് ഹെക്ടര്‍ ഒന്നിന് 5500 രൂപ, തരിശ് കൃഷി പദ്ധതിയില്‍ ഹെക്ടര്‍ ഒന്നിന് രണ്ടാം വര്‍ഷം 7000 രൂപ, മൂന്നാം വര്‍ഷം 4500 രൂപ, നെല്‍ക്കൃഷി വികസന ഏജന്‍സികള്‍ക്ക് 30 ലക്ഷം രൂപ, തരിശുനില കൃഷിക്ക് ഹെക്ടര്‍ ഒന്നിന് നാല്‍പ്പതിനായിരം രൂപ എന്നീ പ്രകാരത്തില്‍ സുസ്ഥിര നെല്‍ക്കൃഷി വികസനത്തിനുവേണ്ടി സര്‍ക്കാര്‍ ചെലവാക്കുന്നുണ്ട്. നെല്‍വയല്‍ രൂപമാറ്റം വരുത്താതെ നിലനിര്‍ത്തി സംരക്ഷിക്കുകയും കൃഷിക്കായി തയ്യാറാക്കുകയും ചെയ്യുന്ന ഉടമകള്‍ക്കാണ് ഹെക്ടറിന് പ്രതിവര്‍ഷം 2000 രൂപ റോയല്‍റ്റിയായി അനുവദിക്കുന്നത്. നിലവില്‍ നെല്‍ക്കൃഷി ചെയ്യുന്ന ഭൂവുടമകള്‍ റോയല്‍റ്റിക്ക് അര്‍ഹരാണ്. നെല്‍വയലുകളില്‍ വിള പരിക്രമണ ഭാഗമായി പയര്‍വര്‍ഗങ്ങള്‍, പച്ചക്കറികള്‍, എള്ള്, നിലക്കടല തുടങ്ങിയ കൃഷി ചെയ്യുന്ന ഉടമകള്‍ക്കും റോയല്‍റ്റിക്ക് അര്‍ഹത ഉണ്ടായിരിക്കും. നെല്‍വയലുകള്‍ തരിശിട്ടിരിക്കുന്ന ഭൂഉടമകള്‍ നെല്‍ക്കൃഷിക്കായി സ്വന്തമായോ മറ്റു കര്‍ഷക ഏജന്‍സികള്‍ മുഖേനയോ ഉപയോഗപ്പെടുത്തുന്നതിന്റെ അടിസ്ഥാനത്തില്‍ അവര്‍ക്ക് റോയല്‍റ്റി അനുവദിക്കും. ഈ ഭൂമി തുടര്‍ച്ചയായി മൂന്നു വര്‍ഷം തരിശിട്ടാല്‍ പിന്നീട് റോയല്‍റ്റിക്ക് അര്‍ഹത ഇല്ലാതാകും. റോയല്‍റ്റിക്കുള്ള അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കണം. ഈ പദ്ധതിയിലൂടെ കര്‍ഷകരെ നെല്‍ക്കൃഷിയിലുറപ്പിച്ചു നിര്‍ത്താനും കര്‍ഷകന്റെ വരുമാനം വര്‍ധിപ്പിക്കാനും ഉതകുന്ന ബദല്‍നയം എല്‍ഡിഎഫ് സര്‍ക്കാര്‍‍ നടപ്പിലാക്കുകയാണ്. കേന്ദ്രം ഭരിക്കുന്ന ബിജെപി സര്‍ക്കാര്‍ മൂന്ന് കര്‍ഷകദ്രോഹ നിയമങ്ങള്‍ പാസാക്കി കൃഷിയേയും കര്‍ഷകരെയും കോര്‍പ്പറേറ്റ് മുതലാളിത്തത്തിന് അടിയറവയ്ക്കുന്ന സാഹചര്യത്തിലാണ് സുഭിക്ഷ കേരളം സാധ്യമാകുന്ന ഈ ബദല്‍നയം എന്ന വസ്തുത കര്‍ഷകര്‍ തിരിച്ചറിയുന്നുണ്ട്.