കേരളത്തെ സാമ്പത്തിക കുരുക്കിലാക്കാന്‍ ചെന്നിത്തല നടത്തുന്ന നീക്കങ്ങള്‍

Web Desk
Posted on April 18, 2019, 10:28 pm

ഒരു പാര്‍ലമെന്ററി ജനാധിപത്യക്രമത്തില്‍ പ്രതിപക്ഷത്തിന് നിര്‍വഹിക്കാനുള്ളത് വലിയ ചുമതലകളാണ്. സര്‍ക്കാരിന്റെ കുറവുകള്‍ ചൂണ്ടിക്കാട്ടുകയും ജനങ്ങള്‍ക്കിടയിലെത്തിക്കുകയും ചെയ്യുക എന്നത് കാതലായ ദൗത്യമാണ്. അതോടൊപ്പം ബദല്‍ നിര്‍ദ്ദേശങ്ങള്‍ അവതരിപ്പിക്കുകയും വേണം. അതോടൊപ്പം തന്നെ നാടിനെ വന്നുമൂടുന്ന ദുരന്തങ്ങളോ പൊതു സമൂഹത്തെ പ്രതികൂലമായി ബാധിക്കുന്ന മറ്റു വിഷയങ്ങളോ ഉണ്ടാകുമ്പോള്‍ ഭരണകൂടവുമായി കൈകോര്‍ത്തുനിന്ന് അതിനെ മറികടക്കുക എന്നതും പ്രതിപക്ഷത്തിന്റെ കടമയാണ്. ഈ അര്‍ഥത്തില്‍ കേരളത്തിലെ ഇപ്പോഴത്തെ പ്രതിപക്ഷം പ്രത്യേകിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉത്തരവാദിത്തരഹിതമായും സംസ്ഥാനത്തിന്റെ പൊതു താല്‍പര്യത്തെ മുറിവേല്‍പ്പിക്കുന്ന രീതിയിലുമാണ് പ്രവര്‍ത്തിക്കുന്നത് എന്ന് പറയാതെ വയ്യ.

കഴിഞ്ഞവര്‍ഷം കേരളത്തിലുണ്ടായ പ്രളയം സമാനതകളില്ലാത്തതായിരുന്നു. ഒരാഴ്ചയ്ക്കുള്ളില്‍ സാധാരണ ലഭിക്കുന്നതിനേക്കാള്‍ 362 ശതമാനം മഴയാണ് അധികമായി ലഭിച്ചത്. ഡാമുകളും പുഴകളും തോടുകളും വയലുകളുമെല്ലാം അതിവേഗത്തില്‍ നിറഞ്ഞൊഴുകി. കുട്ടനാട്, ചെങ്ങന്നൂര്‍, ആലുവ, ഇടുക്കി, വയനാട് തുടങ്ങിയ സ്ഥലങ്ങളില്‍ മനുഷ്യവാസം തന്നെ അസാധ്യമാകുന്ന വിധത്തിലാണ് പ്രളയം വേട്ടയാടല്‍ നടത്തിയത്. ഈ ഘട്ടത്തില്‍ കേരള സര്‍ക്കാര്‍ അവസരത്തിനൊത്ത് ഉയര്‍ന്നു പ്രവര്‍ത്തിക്കുകയും അസാധാരണമായ വേഗതയിലും കാര്യക്ഷമതയോടെയും ദുരിതാശ്വാസ പ്രവര്‍ത്തനം നടത്തുകയും ചെയ്തു. പ്രതിരോധസേന ഉള്‍പ്പെടെ സാധ്യമായ എല്ലാ സംവിധാനങ്ങളെയും കൂട്ടിയിണക്കി. അന്‍പത് ലക്ഷത്തിലധികം മനുഷ്യരെയാണ് പ്രളയം പ്രതികൂലമായി ബാധിച്ചത്. 14,50,707 പേരാണ് 3879 ദുരിതാശ്വാസ ക്യാമ്പുകളിലായി എത്തിച്ചേര്‍ന്നത്. ഈ ഘട്ടത്തില്‍ രാഷ്ട്രീയം മറന്ന് എല്ലാവരും കൈകോര്‍ത്തുപിടിച്ചു. മാധ്യമങ്ങളും ഒപ്പം നിന്നു. എന്നാല്‍ സര്‍ക്കാരിനോട് പക കാട്ടാന്‍ കാത്തിരുന്ന വിധത്തില്‍ ഏതാനും ദിവസങ്ങള്‍ക്കകം പ്രതിപക്ഷ നേതാവ് ഒരു വെടി പൊട്ടിച്ചു. ഡാമുകള്‍ തുറന്നുവിട്ട് മനുഷ്യനിര്‍മ്മിതമായി സൃഷ്ടിച്ചതാണ് പ്രളയമെന്ന് പത്രസമ്മേളനം നടത്തി പറഞ്ഞു.

കേന്ദ്ര ഏജന്‍സികള്‍ അടക്കം പ്രളയത്തിലൂടെ ഉണ്ടായ നഷ്ടം വിലയിരുത്തി. 35,000‑ല്‍ അധികം കോടി രൂപയുടെ നാശനഷ്ടമുണ്ടായി എന്ന് വിലയിരുത്തപ്പെട്ടു. ഈ സാഹചര്യത്തില്‍ വ്യാപകമായ രീതിയില്‍ പ്രളയദുരിതാശ്വാസ ഫണ്ട് സ്വരൂപിക്കാന്‍ കേരളസര്‍ക്കാര്‍ മുന്‍കൈ എടുത്തു. കേരളം ഒന്നാകെ ഇതേറ്റെടുത്തു. സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും 2018‑ലെ ഫെസ്റ്റിവല്‍ അലവന്‍സ് ദുരിതാശ്വാസ ഫണ്ടിലേക്ക് നല്‍കി. 35,000 കോടി രൂപ എങ്ങനെ സമാഹരിക്കാനാകുമെന്നതിനെക്കുറിച്ച് വിശദമായ ആലോചനകള്‍ നടന്നു. പൊതു സമൂഹത്തില്‍ നിന്ന് പരമാവധി ഫണ്ട് ശേഖരിക്കുക, സര്‍ക്കാര്‍ ജീവനക്കാര്‍, അധ്യാപകര്‍, പൊതുമേഖലാ ജീവനക്കാര്‍, പെന്‍ഷന്‍കാര്‍ ഇവരില്‍ നിന്ന് ഒരു മാസത്തെ വേതനം 10 ഗഡുക്കളായി ശേഖരിക്കുക, (സാലറി ചലഞ്ച്) വിശദമായ പാക്കേജ് തയ്യാറാക്കി നല്‍കി കേന്ദ്ര സര്‍ക്കാരില്‍ നിന്ന് പരമാവധി സഹായം നേടിയെടുക്കുക, പ്രവാസി മലയാളികളില്‍ നിന്നും വ്യാപാര സമൂഹത്തില്‍ നിന്നും കോര്‍പ്പറേറ്റുകളില്‍ നിന്നും സാധ്യമായത്ര ഫണ്ടു ശേഖരിക്കുക, ജിഎസ്ടിയോടൊപ്പം പ്രളയ സെസ്സ് കൂടി പിരിച്ചെടുക്കുക തുടങ്ങി നിരവധി വഴികളിലൂടെ 30,000 ത്തില്‍ അധികം കോടി രൂപ സമാഹരിക്കാനാകുമെന്നാണ് സര്‍ക്കാര്‍ കണക്കുകൂട്ടിയത്. കേരളത്തിനകത്തും ഇന്ത്യയിലാകെയും ലോകത്തു തന്നെയുമുള്ള മനുഷ്യസ്‌നേഹികള്‍ ദുരന്ത കെടുതിയില്‍ പങ്കാളികളാകുകയും സഹായിക്കുവാനുള്ള മനോഭാവം പ്രകടിപ്പിക്കുകയും ചെയ്തു. പ്രളയത്തിന്റെ ആദ്യ നാളുകളില്‍ മരുന്നും വസ്ത്രവും മറ്റു സാധന സാമഗ്രികളും എത്തിക്കുന്നതില്‍ സമൂഹം കാട്ടിയ ജാഗ്രത ഇതിന്റെ സൂചനയായിരുന്നു. പല സ്ഥലത്തുനിന്നും ദുരിതാശ്വാസ ഫണ്ടിലേക്ക് പണമെത്തിത്തുടങ്ങി. ഈ ഘട്ടത്തില്‍ പ്രതിപക്ഷ നേതാവ് രണ്ടാമത്തെ വെടിപൊട്ടിച്ചു. ദുരിതാശ്വാസ ഫണ്ട് മറ്റാവശ്യങ്ങള്‍ക്കുവേണ്ടി വകമാറ്റി ചെലവഴിക്കുന്നു എന്നതായിരുന്നു അത്. ദുരിതാശ്വാസ ഫണ്ട് നല്‍കുന്നവരെ നിരുത്സാഹപ്പെടുത്തുക എന്നതായിരുന്നു ലക്ഷ്യം. എന്നാല്‍ ഇതു സംബന്ധിച്ച കൃത്യമായ വിശദീകരണം ധനമന്ത്രി തോമസ് ഐസക് നല്‍കിയപ്പോള്‍ ആക്ഷേപത്തിന് നിലനില്‍പ്പില്ലാതായി.

ജീവനക്കാര്‍, അധ്യാപകര്‍, പൊതുമേഖലാ ജീവനക്കാര്‍, പെന്‍ഷന്‍കാര്‍ ഇവരില്‍ നിന്ന് ഒരുമാസത്തെ ശമ്പളം ശേഖരിക്കുന്നതിനുള്ള അഭ്യര്‍ഥന മുഖ്യമന്ത്രി പിണറായി വിജയന്‍ പുറപ്പെടുവിച്ചു. സാമ്പത്തിക പ്രയാസമുണ്ടെങ്കിലും മഹാഭൂരിപക്ഷം ജീവനക്കാരും അധ്യാപകരും പെന്‍ഷന്‍കാരും ഇതിനോട് സഹകരിക്കുന്ന സമീപനമാണ് കൈകൊണ്ടത്. ഇതിനെതിരെ പരസ്യമായ നിലപാടെടുക്കാന്‍ ആര്‍ക്കും കഴിയുമായിരുന്നില്ല എന്നതായിരുന്നു അന്നത്തെ സാഹചര്യം. കോണ്‍ഗ്രസുമായി ബന്ധമുള്ള അധ്യാപക സര്‍വീസ് സംഘടനകള്‍പോലും സര്‍ക്കാര്‍ നിര്‍ദ്ദേശത്തെ എതിര്‍ത്തില്ല. എന്നാല്‍ അപ്രതീക്ഷിതമായി പ്രതിപക്ഷനേതാവ് വീണ്ടും വെടിപൊട്ടിച്ചു. സാലറി ചലഞ്ച് ജീവനക്കാരോടുള്ള വെല്ലുവിളിയാണെന്നു പറയുകയും ഇതില്‍നിന്ന് വിട്ടുനില്‍ക്കുവാന്‍ ആഹ്വാനം ചെയ്യുകയും ചെയ്തു. എല്ലാവരുടെയും അഭിപ്രായം ചോദിച്ചിട്ടല്ല ഇങ്ങനെയൊരു തീരുമാനം എടുത്തത് എന്നതാണ് അദ്ദേഹം ആക്ഷേപമായി ഉന്നയിച്ചത്. നിര്‍ണായകമായ ഒരു ഘട്ടത്തില്‍ സര്‍ക്കാര്‍ കൈകൊള്ളുന്ന ഒരു തീരുമാനത്തില്‍ എന്തെങ്കിലും നിയമപരമായ പിശകുണ്ടെങ്കില്‍ അത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവന്ന് പരിഹരിക്കുന്നതിനു പകരം സാലറി ചലഞ്ചിനെതിരെ പരസ്യമായി രംഗത്തുവരികയായിരുന്നു ചെന്നിത്തല ചെയ്തത്. ഉദ്ദേശം വ്യക്തമായിരുന്നു; സാലറി ചലഞ്ച് പരാജയപ്പെടണം.

പ്രതിപക്ഷ നേതാവിന്റെ ഈ നിലപാട് ഒരു ന്യൂനപക്ഷം ജീവനക്കാരെ ഇത് സ്വാധീനിച്ചു. ഒരു മാസത്തെ ശമ്പളം നഷ്ടപ്പെടാതിരിക്കാന്‍ സാലറി ചലഞ്ചിനെതിരെ കുറച്ച് ജീവനക്കാര്‍ നിലപാട് എടുത്തു. പ്രതിപക്ഷ നേതാവിന്റെ നിര്‍ദേശപ്രകാരം കോണ്‍ഗ്രസ് സംഘടനകള്‍ സാലറി ചലഞ്ചിനെതിരെ പരസ്യമായി രംഗത്തുവന്നത് ഇക്കൂട്ടര്‍ക്ക് ആവേശമായി. ഈ സന്ദര്‍ഭത്തില്‍ ബിജെപിയും ഉണര്‍ന്നു പ്രവര്‍ത്തിച്ചു. സാലറി ചലഞ്ചിനെ കോടതിയില്‍ ചോദ്യം ചെയ്യാന്‍ അവര്‍ എന്‍ജിഒ സംഘ് എന്ന സംഘടനയ്ക്ക് ആവശ്യമായ സഹായം ചെയ്തുകൊടുത്തു. നിയമപരവും സാങ്കേതികവുമായ ചില കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ഹൈക്കോടതി സാലറി ചലഞ്ചിനെതിരെ നിലപാട് എടുത്തപ്പോള്‍ കോണ്‍ഗ്രസ്സും ബിജെപിയും അവരുടെ സംഘടനകളും ആഹ്ലാദത്തിമിര്‍പ്പിലായി. പ്രളയത്തില്‍ നിന്ന് രക്ഷ നേടാന്‍ ലക്ഷക്കണക്കിന് ജനങ്ങളും സര്‍ക്കാരും മനുഷ്യസ്‌നേഹികള്‍ ആകെയും കഠിനപരിശ്രമം നടത്തിക്കൊണ്ടിരിക്കുമ്പോള്‍, കോടതിവിധി വന്ന ദിവസം കേരളത്തിലെ സര്‍ക്കാര്‍ ഓഫീസുകളില്‍ എന്‍ജിഒ അസോസിയേഷനും എന്‍ജിഒ സംഘും ആഹ്ലാദപൂര്‍വം മിഠായി വിതരണം നടത്തി. യഥാര്‍ഥത്തില്‍ ഇങ്ങനെയൊരു മനുഷ്യത്വരഹിതമായ സമീപനം കുറച്ചു ജീവനക്കാരിലെങ്കിലും വളര്‍ത്തിയെടുക്കുന്നതില്‍ നിര്‍ണ്ണായകമായത്് പ്രതിപക്ഷ നേതാവിന്റെ നിലപാടായിരുന്നു.
കേരളത്തിനര്‍ഹതപ്പെട്ട ദുരിതാശ്വാസ ഫണ്ട് കേന്ദ്രത്തില്‍ നിന്ന് ലഭിക്കാതെ പോകാന്‍ ഒരു കാരണം കേരളത്തിലെ കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും നിലപാടാണെന്ന് കരുതേണ്ടിയിരിക്കുന്നു.

15,000 കോടി രൂപയെങ്കിലും കേന്ദ്രത്തില്‍ നിന്ന് പ്രതീക്ഷിച്ച സ്ഥാനത്ത് ഇതുവരെ ആകെ ലഭിച്ചത് 2904 കോടി രൂപ മാത്രമാണ്. ഇതിനു പുറമേ ഇതുവരെ 3977 കോടി രൂപ ദുരിതാശ്വാസ ഫണ്ടില്‍ എത്തി. ഇതില്‍ 925 കോടി രൂപ സാലറി ചലഞ്ചിലൂടെ ലഭിച്ചതാണ്. അടുത്ത ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ഈ ഇനത്തില്‍ 500 കോടി രൂപ കൂടി എത്തിച്ചേരും. പെന്‍ഷന്‍കാരില്‍ നിന്ന് 10 മാസം കൊണ്ട് 300 കോടി രൂപ ലഭിക്കുമെന്നാണ് കണക്കാക്കുന്നത്. അങ്ങനെ ആകെ 7700 കോടി രൂപ പ്രളയ ദുരുതാശ്വാസ ഫണ്ടില്‍ എത്തിച്ചേരുമെന്നാണ് കണക്കാക്കുന്നത്.
സൗദി അറേബ്യയില്‍ നിന്നും 700 കോടി രൂപയുടെ സഹായ വാഗ്ദാനം ഉണ്ടായി. എന്നാല്‍ ഇതു വാങ്ങുന്നതിന് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയില്ല. സൗദി അറേബ്യയില്‍ നിന്നുള്ള സഹായം സ്വീകരിച്ചിരുന്നു എങ്കില്‍ നിരവധി രാജ്യങ്ങളില്‍ നിന്ന് ഇത്തരം സഹായങ്ങള്‍ ലഭിക്കുമായിരുന്നു. ഈ വഴിയിലൂടെ 4000 കോടി രൂപവരെ ലഭിക്കാന്‍ സാധ്യതയുണ്ടായിരുന്നു. പ്രവാസി മലയാളികളില്‍ നിന്ന് സംഭാവനകള്‍ ശേഖരിക്കുന്നതിന് മന്ത്രിമാര്‍ ഗള്‍ഫ് രാജ്യങ്ങളില്‍ പോകാന്‍ തീരുമാനിച്ചു. എന്നാല്‍ മുഖ്യമന്ത്രിക്ക് ഒഴികെ മറ്റുള്ളവര്‍ക്ക് ഇതിന് അംഗീകാരം ലഭിച്ചില്ല. വ്യാപാര സമൂഹത്തില്‍ നിന്നും കോര്‍പ്പറേറ്റുകളില്‍ നിന്നും മറ്റു സംസ്ഥാനങ്ങളില്‍ നിന്നും പ്രതീക്ഷിച്ചവിധം സഹായം ലഭിക്കാതെ പോയതില്‍ പ്രതിപക്ഷ നേതാവിന്റെ ഇടപെടല്‍ കാരണമായി.

കളത്തില്‍ ചെന്നിത്തല മാത്രമാകുന്നത് കണ്ടുനില്‍ക്കാനാകാതെ ഉമ്മന്‍ചാണ്ടിയും മുല്ലപ്പള്ളി രാമചന്ദ്രനുമൊക്കെ ഒപ്പം ചേരുകയായിരുന്നു. ‘പാവപ്പെട്ട ലാസ്റ്റ്‌ഗ്രേഡ് ജീവനക്കാരന്റെ ശമ്പളം തട്ടിപ്പറിക്കുന്നതിന് കൂട്ടുനില്‍ക്കാനാകില്ല എന്നായിരുന്നു ചെന്നിത്തല പറഞ്ഞത്. എന്നാല്‍ വസ്തുതകള്‍ പരിശോധിച്ചാല്‍ ബോദ്ധ്യപ്പെടുന്ന കാര്യം സംസ്ഥാന ജീവനക്കാരില്‍ 83.72 ശതമാനം പേര്‍ സാലറി ചലഞ്ചില്‍ പങ്കെടുത്തു എന്നാണ്. അതില്‍തന്നെ ലാസ്റ്റ് ഗ്രേഡ് ജീവനക്കാരും എന്‍ജിഒമാരും വലിയ തോതില്‍ പങ്കാളികളായി. അതേസമയം യുജിസി ശമ്പളം വാങ്ങുന്ന കോളജ് അധ്യാപകരും ഗസറ്റഡ് ജീവനക്കാരും ഈ അളവില്‍ സാലറി ചലഞ്ചില്‍ പങ്കാളികളായതുമില്ല. ഏതായാലും സര്‍ക്കാര്‍ പ്രതീക്ഷിച്ച അത്രയും തുക ദുരിതാശ്വാസ ഫണ്ടില്‍ എത്തിയില്ല എന്നതിലും സാമ്പത്തിക പ്രയാസംമൂലം പുനര്‍നിര്‍മാണ പ്രവര്‍ത്തനത്തില്‍ പ്രതീക്ഷിച്ച വേഗത ഉണ്ടായില്ല എന്നതിലും ചെന്നിത്തലയ്ക്ക് സന്തോഷിക്കാന്‍ വകയുണ്ട്.
യുഡിഎഫ് സര്‍ക്കാര്‍ അധികാരമൊഴിയുമ്പോള്‍ കേരളത്തിന്റെ മൊത്തം പൊതുകടം 1,60,638 കോടി രൂപയായിരുന്നു. ഇതിന് ഒരു വര്‍ഷം 16,000 കോടി രൂപ പലിശയായി തന്നെ നല്‍കണമായിരുന്നു. ഓഖി ദുരന്തം, നോട്ടുനിരോധനം, അശാസ്ത്രീയമായ രീതിയിലുള്ള ജിഎസ്ടി നടപ്പിലാക്കല്‍ ഇതെല്ലാം കേരളത്തിന്റെ സമ്പദ്ഘടനയെ പ്രതികൂലമായി ബാധിച്ച ഘടകങ്ങളാണ്. ഈ ഘട്ടത്തിലാണ് പ്രളയമുണ്ടാകുന്നത്. ഈ സന്ദര്‍ഭത്തിലൊന്നും കേന്ദ്രത്തിന്റെ സഹായം അര്‍ഹതപ്പെട്ടവിധം ലഭിച്ചതേയില്ല. എങ്കിലും കേരളത്തിന്റെ വികസന പ്രവര്‍ത്തനം മുന്നോട്ടു പോകാന്‍ കാരണം കിഫ്ബി’എന്ന പദ്ധതിയിലൂടെ വന്‍തോതില്‍ സാമ്പത്തിക സമാഹരണം നടത്താന്‍ കഴിഞ്ഞതാണ്. അതിന്റെ ഓരോ ഘട്ടത്തിലും ‘കിഫ്ബി’ വെറും തട്ടിപ്പാണ് എന്ന് ചെന്നിത്തല പറഞ്ഞുകൊണ്ടേയിരുന്നു.

ഒടുവില്‍ മസാല ബോണ്ട് വിജയിക്കുകയും കേരളത്തിലേക്ക് കൂടുതല്‍ പണമെത്തുന്ന ഘട്ടമെത്തുകയും ചെയ്തപ്പോള്‍ അതിനെതിരെ ചോദ്യ ശരങ്ങളുയര്‍ത്തി ഇദ്ദേഹം രംഗത്തുവന്നു. ഓരോ ചോദ്യത്തിനും വസ്തുനിഷ്ഠമായ മറുപടി ഉണ്ടായപ്പോള്‍ പുതിയ ന്യായങ്ങളുമായി മുന്നോട്ടു പോകുകയാണ്. ഇതിന്റെയും ലക്ഷ്യം പ്രകടമാണ്. കേരളത്തിന്റെയും ‘കിഫ്ബിയുടെയും വിശ്വാസ്യത തകര്‍ത്ത് കൂടുതല്‍ പേര്‍ മസാല ബോണ്ട് വാങ്ങുന്ന സാഹചര്യം ഇല്ലാതാക്കുക.
കേന്ദ്ര ബജറ്റുകള്‍ കേരളത്തെ പൂര്‍ണമായും അവഗണിക്കുകയും പുതിയ പദ്ധതികളൊന്നും പ്രഖ്യാപിക്കാതിരിക്കുകയും ചെയ്ത പ്രത്യേക ഘട്ടത്തില്‍ അതിനെതിരെ കോണ്‍ഗ്രസ് എംപി മാരെയെങ്കിലും രംഗത്തിറക്കാന്‍ ചെന്നിത്തല ചെറുവിരലനക്കിയില്ല.

നോട്ടു നിരോധനത്തിലൂടെ കേരളത്തിലെ സഹകരണ സംഘങ്ങളുടെ പ്രവര്‍ത്തനം ആഴ്ചകളോളം നിശ്ചലമായി നിന്നപ്പോള്‍ സഹകരണ സംഘങ്ങളെ കുറ്റപ്പെടുത്താനാണ് പ്രതിപക്ഷനേതാവ് ശ്രമിച്ചത്. കേരളാ ബാങ്ക് രൂപീകരണത്തെ ഏതുവിധേനയും പരാജയപ്പെടുത്താന്‍ അദ്ദേഹം വലിയ പരിശ്രമം നടത്തിക്കൊണ്ടിരിക്കുന്നു. തൊഴിലുറപ്പു പദ്ധതി ഏറ്റവും മാതൃകാപരമായി നടത്തുന്ന സംസ്ഥാനമാണ് കേരളം. അഞ്ചുമാസത്തോളം ഈ തുക കേന്ദ്രം പിടിച്ചുവച്ചപ്പോള്‍ അതില്‍ പ്രതിഷേധിക്കാന്‍ പോലും ചെന്നിത്തല മറന്നുപോയി. ദേശീയ പാതയും അതിലെ ബൈപാസുകളും ഉള്‍പ്പെടെയുള്ളവയുടെ വികസനത്തിന് ഇടതുപക്ഷം എതിരു നില്‍ക്കുന്നു എന്നായിരുന്നു ആന്റണിയുടെയും ഉമ്മന്‍ചാണ്ടിയുടെയും എക്കാലത്തെയും വിമര്‍ശനം. എന്നാല്‍ പിണറായി സര്‍ക്കാര്‍ വന്നതിനുശേഷം ഇവയുടെ വികസനത്തില്‍ വലിയ കുതിപ്പുണ്ടായി. ഈ ഘട്ടത്തില്‍ എവിടെയൊക്കെ പ്രാദേശിക തലത്തില്‍ ദേശീയപാതയ്ക്ക് സ്ഥലം ഏറ്റെടുക്കുന്നതിന് എതിര്‍പ്പുണ്ടായോ അവിടെയെല്ലാം ചെന്നിത്തല ചെന്നെത്തുകയും സ്ഥലം ഏറ്റെടുക്കുന്നതിനെതിരെ നിലപാട് സ്വീകരിക്കുകയും ചെയ്തു. തിരുവനന്തപുരം വിമാനത്താവളം അഡാനി ഗ്രൂപ്പിന് വില്‍ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനമെടുത്തപ്പോള്‍ കോണ്‍ഗ്രസ്സ് നേതാവ് ശശി തരൂര്‍ അതിനെ ന്യായീകരിക്കുകയായിരുന്നു. ശശി തരൂരിനെ തിരുത്താന്‍ ചെന്നിത്തല തയ്യാറായില്ല എന്നു മാത്രമല്ല, വിമാനത്താവളം കേരള സര്‍ക്കാര്‍ ഏറ്റെടുത്തു നടത്താമെന്ന മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശത്തിന് പിന്തുണ നല്‍കാനും തയ്യാറായില്ല.

ഏതു വഴിയിലൂടെയും കേരളത്തിന്റെ വളര്‍ച്ചയെ തടസ്സപ്പെടുത്തിയാല്‍ മാത്രമേ തനിക്ക് ഭാവിയുള്ളു എന്ന ദുഷ്ട ചിന്തയാണ് അദ്ദേഹത്തെ നയിക്കുന്നത് എന്നു വേണം കരുതാന്‍. ഭരണത്തിന്റെ കുറവുകള്‍ ചൂണ്ടിക്കാട്ടാനും ഭരണകൂടത്തിന്റെ തെറ്റുകള്‍ക്കെതിരെ സമരം നടത്താനും ഏതു കാലഘട്ടത്തിലും കേരളത്തില്‍ അവസരം ലഭിക്കും എന്നതാണ് അനുഭവം. അതിനാല്‍ കേരളത്തിന്റെ പൊതു വികസനത്തിനും സാമ്പത്തിക ഭദ്രതയ്ക്കും ദോഷകരമാകുന്ന ഒരു നടപടിയും ജനങ്ങളോട് ഉത്തരവാദിത്തമുള്ള ഒരു പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടാകാന്‍ പാടില്ല. ഈ ശൈലി ജനങ്ങള്‍ അംഗീകരിക്കുകയും ഇല്ല. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇനിയെങ്കിലും കേരളത്തോട് ഉത്തരവാദിത്വമുള്ള പ്രതിപക്ഷ നേതാവാകാന്‍ ശ്രമിക്കണം.