
കേരളത്തിന്റെ വ്യവസായ നയം കേന്ദ്രീകരിക്കുന്ന മേഖല ഉല്പാദന ഗവേഷണ മേഖലയാണെന്നും അതിനാല്‍ തന്നെ ഹൈടെക് സംസ്ഥാനത്തെ ഹൈടെക് മാനുഫാകചറിങ് മേഖലയുടെ ഹബ് ആയി മാറ്റാനും കഴിയുമെന്ന് വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞു. ഹൈടെക് മാനുഫാക്ചറിങ് ഫ്രെയിംവർക്കിന് തുടക്കം കുറിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
കേരളത്തിന് ഏറ്റവും കൂടുതല്‍ മൂല്യവര്‍ധന നേടാൻ കഴിയുന്നത് ഹൈടെക് മാനുഫാക്ചറിങ്ങിലാണ്. അതിലൂടെ ഉല്പാദന മേഖലയിലെ നൂതന ഗവേഷണ വികസനം, ഡിസൈൻ & എൻജിനീയറിങ്, ടെസ്റ്റിങ്, സർട്ടിഫിക്കേഷൻ സേവനങ്ങൾ എന്നിവയുടെ ആഗോള കേന്ദ്രമാക്കാനും കഴിയും.
റിസര്‍ച്ച് & ടെക്നോളജി, ലോജിസ്റ്റിക്സ്, ഡിസൈൻ, മാര്‍ക്കറ്റിങ് എന്നിവ കേന്ദ്രീകരിച്ചുള്ള വ്യവസായങ്ങള്‍ പ്രോത്സാഹിപ്പിക്കുകയാണ് ഈ ഫ്രെയിംവര്‍ക്കില്‍ ചെയ്യുന്നത്. മൂല്യവര്‍ധന കൂടുതല്‍ നടക്കുന്ന മേഖലയില്‍ തൊഴിലവസരങ്ങള്‍ കൂടുതലായി സൃഷ്ടിക്കാനാവുമെന്നതിനാല്‍ തന്നെ ഹൈടെക് മാനുഫക്ചറിങ് ഹബ് ആയി മാറാൻ കേരളത്തിനാവും.
ഗ്ലോബൽ കേപ്പബിലിറ്റി സെന്ററുകൾ (ജിസിസി), ഗ്ലോബൽ ടെക്നോളജി സെന്ററുകൾ (ജിടിസി) എന്നിവയിലേക്കും ഡിസൈൻ, ഗവേഷണ വികസനം, സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള ഡിജിറ്റൽ മാർക്കറ്റിങ് തുടങ്ങിയ മേഖലകളിലേക്കും സംഭാവന ചെയ്യാൻ കഴിയുന്ന മനുഷ്യവിഭവശേഷി കേരളത്തിനുണ്ട്. നിലവിലെ ആഗോളരാഷ്ട്രീയ സാഹചര്യത്തിലെ പ്രശ്നങ്ങളെ അവസരങ്ങളാക്കി മാറ്റണം. പ്രൊഫഷണലുകൾക്കൊപ്പം കമ്പനികളും അവരുടെ ഉല്പാദന യൂണിറ്റുകൾ കൂടുതൽ അനുയോജ്യമായ പ്രദേശങ്ങളിലേക്ക് മാറ്റാൻ നിർബന്ധിതരാകും. വ്യവസായത്തിന് അനുസൃതമായ ചട്ടക്കൂട് സർക്കാർ ഒരുക്കുകയും പിന്തുണ ഉറപ്പാക്കുകയും ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
ഡിജിറ്റൽ സാങ്കേതികവിദ്യകൾ സ്വീകരിക്കുക, ഉയർന്നുവരുന്ന സാങ്കേതിക കണ്ടുപിടുത്തങ്ങൾ സംയോജിപ്പിക്കുക, ഡിജിറ്റൽ ദത്തെടുക്കൽ പ്രോത്സാഹിപ്പിക്കുക, സഹകരണ പ്ലാറ്റ്ഫോമുകൾ സ്ഥാപിക്കുക, പങ്കാളിത്ത മോഡലുകൾ വികസിപ്പിക്കുക എന്നിവയാണ് ഹൈടെക് മാനുഫാക്ചറിംഗ് ഫ്രെയിംവർക്കിന്റെ മറ്റ് പ്രധാന ലക്ഷ്യങ്ങൾ. വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ്, കേരള സംസ്ഥാന വ്യവസായ വികസന കോർപ്പറേഷൻ (കെഎസ്ഐഡിസി) മാനേജിംഗ് ഡയറക്ടർ വിഷ്ണുരാജ് പി, കെഎസ്ഐഡിസി എക്സിക്യൂട്ടീവ് ഡയറക്ടർ ഹരികൃഷ്ണൻ ആർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.